പ്രകീര്‍ണനവും അപവര്‍ത്തനവും
ലെന്‍സ്
ഗോളോപരിതലങ്ങളുള്ള സുതാര്യ മാധ്യമമാണ് ലെന്‍സ്. കാഴ്ചത്തകരാറുള്ളവര്‍ക്ക് കണ്ണടയ്ക്കു പകരമായി ഉപയോഗിക്കുന്ന ലെന്‍സുകളാണ് കോണ്‍ടാക്റ്റ് ലെന്‍സ്.
ലെന്‍സിന്റെ പവര്‍
ലെന്‍സിന്റെ ഫോക്കസ് ദൂരവുമായി ബന്ധപ്പെട്ടതാണ് പവര്‍. മീറ്ററിലാണ് ഫോക്കസ് ദൂരം അളക്കുന്നത്. പവറിന്റെ യൂനിറ്റാണ് ഡയോപ്റ്റര്‍. കോണ്‍കേവും കോണ്‍വെക്‌സും ലെന്‍സുകളുണ്ടല്ലോ. കോണ്‍വെക്‌സ്‌ലെന്‍സിന്റെ പവര്‍ പോസിറ്റീവ് ആയും കോണ്‍കേവ് ലെന്‍സിന്റെ പവര്‍ നെഗറ്റീവായും രേഖപ്പെടുത്തുന്നു.
പ്രകാശിക സാന്ദ്രത
പ്രകാശ വേഗത്തെ സ്വാധീനിക്കാനുള്ള ഒരു മാധ്യമത്തിന്റെ കഴിവാണ് പ്രകാശിക സാന്ദ്രത.
അപവര്‍ത്തനം
സാന്ദ്രതാ വ്യത്യാസമുള്ള ഒരു മാധ്യമത്തില്‍നിന്നു മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം ചെരിഞ്ഞു പതിക്കുമ്പോള്‍ പ്രകാശത്തിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നതാണ് അപവര്‍ത്തനം.
ഫോക്കസ് ദൂരം
ലെന്‍സുകള്‍ പ്രകാശത്തെ ഒരു ബിന്ദുവിലേക്കു കേന്ദ്രീകരിക്കുന്നു.ആ ബിന്ദുവും ലെന്‍സിന്റെ കേന്ദ്രബിന്ദുവും തമ്മിലുള്ള അകലമാണ് ഫോക്കസ് ദൂരം.
ഹൈപ്പര്‍ ഫോക്കല്‍ ദൂരം
ലെന്‍സുകള്‍ ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന ദൃശ്യ പ്രതിബിംബത്തില്‍ ഒരു നിശ്ചിത ദൂരത്തിനു ശേഷം എല്ലാ വസ്തുക്കളും അവശ്യവ്യക്തത മാത്രം നിലനിര്‍ത്തുന്നതായി കാണാം. ഇതിനെ ഹൈപ്പര്‍ ഫോക്കല്‍ ദൂരം (ആക്‌സപ്റ്റബിള്‍ ഫോക്കസ്) എന്നു വിളിക്കുന്നു.
വിദൂര ബിന്ദുവും സമീപ ബിന്ദുവും
നേത്രങ്ങള്‍കൊണ്ട് കാണാവുന്ന ഏറ്റവും കൂടിയ ദൂരമാണ് വിദൂരബിന്ദു (എമൃ ജീശി)േ. ഏറ്റവും കുറഞ്ഞ ദൂരമാണ് സമീപ ബിന്ദു (ചലമൃ ജീശി)േ. കാഴ്ച ശക്തിയില്‍ തകരാറില്ലാത്ത വ്യക്തിയുടെ വിദൂരബിന്ദു അനന്തതയായാണ് കണക്കാക്കപ്പെടുന്നത്. സമീപ ബിന്ദുവാകട്ടെ 25 സി.എം ദൂരവും.
ഹ്രസ്വദൃഷ്ടിയും ദീര്‍ഘദൃഷ്ടിയും
നേത്രഗോള ദൈര്‍ഘ്യം കണ്ണിലെ ലെന്‍സിന്റെ ഫോക്കല്‍ ദൂരത്തേക്കാള്‍ കൂടുതലായിരിക്കുന്ന വ്യക്തിയില്‍ ലെന്‍സ് സൃഷ്ടിക്കപ്പെടുന്ന പ്രതിബിംബം റെറ്റിനയുടെ മുന്‍ഭാഗത്തായാണ് രൂപപ്പെടുന്നത്.
ഈ കാഴ്ചാ വൈകല്യത്തെ ഹ്രസ്വ ദൃഷ്ടി (മയോപ്പിയ) എന്നു വിളിക്കുന്നു. സാധാരണയായി ആരോഗ്യമുള്ള നേത്രത്തില്‍ പ്രതിബിംബം റെറ്റിനയിലാണ് പതിയുന്നത്. ഹ്രസ്വ ദൃഷ്ടി പരിഹരിക്കാന്‍ അനുയോജ്യമായ പവറുള്ള കോണ്‍കേവ് ലെന്‍സ് ഉപയോഗിക്കുന്നു.
ചെറിയ തരം ഹ്രസ്വ ദൃഷ്ടിയെ സിംപിള്‍ മയോപ്പിയ എന്നും കൂടിയ തരം ഹ്രസ്വ ദൃഷ്ടിയെ പോഗ്രസീവ് മയോപ്പിയ എന്നും പറയുന്നു. ദീര്‍ഘ ദൃഷ്ടിയെന്നാല്‍ അടുത്തുള്ള വസ്തുക്കളെ കാണാനാകാത്ത അസുഖമാണ്. കണ്ണിനു സമീപത്തുള്ള വസ്തുവിന്റെ പ്രതിബിംബം റെറ്റിനയുടെ പിറകിലായി രൂപപ്പെടുന്നത് കൊണ്ടാണിതു സംഭവിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍വെക്‌സ് ലെന്‍സുകള്‍ ഉപയോഗിക്കുന്നു.
പ്രസ് ബയോപ്പിയ
വെള്ളെഴുത്ത് എന്ന പേരില്‍ ഈ രോഗം നമ്മുടെ നാട്ടില്‍ അറിയപ്പെടുന്നു. ദീര്‍ഘ ദൃഷ്ടിയുടെ വിഭാഗത്തില്‍പ്പെടുന്ന ഈ അസുഖത്തിന് കാരണം കണ്ണിന് അടുത്തായി വരുന്ന പ്രകാശ രശ്മികള്‍ റെറ്റിനയുടെ പിന്നില്‍ കേന്ദ്രീകരിക്കുന്നതു മൂലമാണ്.
ഇതോടെ ദൃശ്യം വ്യക്തമാകാതെ കണ്ണിനെ അകലേക്കു മാറ്റിപ്പിടിക്കേണ്ടി വരുന്നു. പ്രായമാകുന്നതോടു കൂടി കണ്ണുകളിലെ സീലിയറി പേശികളുടെ പ്രവര്‍ത്തന ശേഷി കുറഞ്ഞ് ക്രിസ്റ്റലീയ ലെന്‍സിന്റെ പവര്‍ വ്യക്തമായി ഒരു പരിധിയില്‍ നില നിര്‍ത്താന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഇതുമൂലം സംഭവിക്കുന്ന ഈ അസുഖത്തെ വൈദ്യശാസ്ത്രം രോഗമായല്ല, ശാരീരിക മാറ്റമായാണ് കണക്കാക്കുന്നത്.
പ്രകീര്‍ണനം
ഒരു സമന്വിത പ്രകാശം അതിന്റെ ഘടകവര്‍ണങ്ങളായി വേര്‍പിരിയുന്ന പ്രതിഭാസമാണ് പ്രകീര്‍ണനം. രണ്ടോ അതിലധികമോ വര്‍ണങ്ങള്‍ കൂടിച്ചേര്‍ന്നതാണ് സമന്വിത പ്രകാശം. പ്രകാശം അതിന്റെ ഘടക വര്‍ണങ്ങളായി വേര്‍പിരിയുന്നതാണ് പ്രകാശ പ്രകീര്‍ണനം.
പൂരക വര്‍ണങ്ങള്‍
ഒരു പ്രാഥമിക വര്‍ണവും ഒരു ദ്വിതീയ വര്‍ണവും പരസ്പരം കൂടിച്ചേരുമ്പോള്‍ ധവള പ്രകാശം ലഭിക്കുന്നുവെങ്കില്‍ ആ രണ്ട് വര്‍ണങ്ങളും പരസ്പരം പൂരക വര്‍ണങ്ങളാണെന്നു പറയാം.
ചക്രവാളത്തിനു ചുവപ്പു നിറം
സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും തരംഗ ദൈര്‍ഘ്യം കുറഞ്ഞ വര്‍ണങ്ങള്‍ വിസരണത്തിന് വിധേയമാകുന്നതിനാലാണ് തരംഗ ദൈര്‍ഘ്യം കൂടിയ ചുവപ്പ് ചക്രവാളത്തിനു ലഭിക്കുന്നത്.
ടിന്റല്‍ എഫക്റ്റ്
കൊളോയിഡല്‍ ദ്രാവത്തിലൂടെയോ സസ്‌പെന്‍ഷനിലൂടെയോ പ്രകാശ കിരണങ്ങള്‍ കടന്നു പോകുമ്പോള്‍ അവയ്ക്ക് സംഭവിക്കുന്ന വിസരണം മൂലം സഞ്ചാരപാത ദൃശ്യമാകാറുണ്ട്. ഈ പ്രതിഭാസമാണ് ടിന്റല്‍ എഫക്റ്റ്.
ദ്വിതീയ മഴവില്ല്
സൂര്യ കിരണങ്ങള്‍ക്ക് ജലകണികകളില്‍വച്ച് രണ്ട് അപവര്‍ത്തനങ്ങളും രണ്ട് പൂര്‍ണാന്തര പ്രതിഫലനങ്ങളും നടക്കുന്നതിന്റെ ഫലമായാണ് ദ്വിതീയ മഴവില്ല് രൂപപ്പെടുന്നത്.
പ്രകൃതിവാതകം
ലിക്വിഫൈഡ് നാച്ച്വറല്‍ ഗ്യാസ് (എല്‍.എന്‍.ജി) എന്ന പ്രകൃതി വാതകം വൈദ്യുതോല്‍പ്പാദനം, ഗാര്‍ഹിക ഉപയോഗം എന്നിവയ്ക്ക് ഉപയോഗിക്കുന്നു. കല്‍ക്കരിപ്പാടങ്ങളോടു ചേര്‍ന്ന് കാണപ്പെടുന്ന പ്രകൃതി വാതക സ്രോതസുകള്‍ ഭൂമിക്കടിയിലെ പാറയിടുക്കുകളില്‍ കുരുങ്ങിക്കിടക്കുന്ന വാതകങ്ങളുടെ ഫലമായാണ് രൂപം കൊള്ളുന്നത്. മീഥെയ്ന്‍, കാര്‍ബണ്‍ഡയോക്‌സൈഡ്, നൈട്രജന്‍ തുടങ്ങിയവ പ്രകൃതി വാതകത്തില്‍ കാണപ്പെടുന്നു.
ഇന്ധനങ്ങള്‍
ബയോഗ്യാസ്, ബയോമാസ് എന്നിവ പുനസ്ഥാപിക്കാന്‍ കഴിയുന്ന ഇന്ധനമാണ്. പെട്രോളിയം, കല്‍ക്കരി, പ്രകൃതി വാതകം എന്നിവ പുനസ്ഥാപിക്കാന്‍ കഴിയാത്ത ഇന്ധനങ്ങളാണ്.
ഇന്ധനം ഇന്നത്തെ കാലത്ത് അത്യന്ത്യാപേക്ഷിതം തന്നെ. പക്ഷെ ഇന്ധനമുപയോഗത്തിന്റെ ഭാഗമായുള്ള വാഹനപ്പുക മാരക രോഗങ്ങള്‍ക്കു കാരണമാകുന്നു.
കല്‍ക്കരി
സസ്യങ്ങള്‍ ദീര്‍ഘകാലം മണ്ണിനിടയില്‍കിടന്ന് ഓക്‌സീസിഡേഷന്‍, ബയോഡീഗ്രഡേഷന്‍ എന്നിവ നടന്നാണ് കല്‍ക്കരി രൂപം കൊള്ളുന്നത്. കാര്‍ബണും ഹൈഡ്രജനുമാണ് കല്‍ക്കരിയിലെ മുഖ്യഘടകങ്ങള്‍. ആദ്യകാലത്ത് തീവണ്ടി, കപ്പല്‍, എന്നിവ കല്‍ക്കരി ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. പീറ്റ്, ലിഗ്നൈറ്റ് (ബ്രൗണ്‍ കല്‍ക്കരി), ബിറ്റുമിനസ്‌കോള്‍, സബ് ബിറ്റുമിനസ്‌കോള്‍, ആന്ത്രസൈറ്റ് തുടങ്ങിയ വിവിധ തരം കല്‍ക്കരികളുണ്ട്. വൈദ്യുതി ഉല്‍പ്പാദനത്തിന് പല ലോക രാജ്യങ്ങളും ഇന്നും കല്‍ക്കരി ഉപയോഗിക്കുന്നു.
ആണവ ഇന്ധനം
ആണവ റിയാക്ടറുകളില്‍ ഉപയോഗിക്കുന്ന ഇന്ധനങ്ങളാണിത്. സാധാരണയായി യൂറേനിയം ഓക്‌സൈഡിന്റെ രൂപത്തില്‍ യുറേനിയവും ആണവോര്‍ജ്ജോല്‍പ്പാദനത്തോടൊപ്പം ന്യൂക്ലിയര്‍ റിയാക്ഷനാവശ്യമായ ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്ന ബ്രീഡര്‍ റിയാക്ടറില്‍ പ്ലൂട്ടോണിയവും ആണവ ഇന്ധനമായി ഉപയോഗിച്ച് വരുന്നു. ന്യൂക്ലിയര്‍ഫ്യൂഷന്‍, ന്യൂക്ലിയര്‍ഫിഷന്‍ എന്നിവയ്ക്കാണ് ഇവ ഉപയോഗപ്പെടുത്തുന്നത്.
ബയോഗ്യാസ്
ജൈവവസ്തുക്കളില്‍ സൂക്ഷ്മാണുക്കള്‍ ഓക്‌സിജന്റെ അസാന്നിധ്യത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് ബയോഗ്യാസ് രൂപം കൊള്ളുന്നത്. മീഥെയ്ന്‍, കാര്‍ബണ്‍ഡൈ ഓക്‌സൈഡ് എന്നിവയാണ് ഇതിലെ മുഖ്യഘടകങ്ങള്‍. ഇളംനീല നിറത്തിലുള്ള ജ്വാലയാണ് ബയോഗ്യാസ് ഇന്ധനത്തിനുണ്ടാകുക. പാചകാവശ്യങ്ങള്‍ക്കായി ഇന്ന് ലോകവ്യാപ്തമായി ഉപയോഗിച്ചു വരുന്നു. ചാരം അവശേഷിപ്പിക്കാതെയും പുകയില്ലാതെയും കത്തുന്നുവെന്നതാണ് ബയോഗ്യാസിന്റെ മേന്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."