വെടിയുണ്ടയുമായി പിടിയിലായ വിമാനയാത്രികനെ വിട്ടയച്ച ഉദ്യോഗസ്ഥര്‍ വെട്ടിലായി
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി പിടിയിലായ യാത്രക്കാരനെ മാപ്പ് എഴുതി വാങ്ങി വിട്ടയച്ച സി.ഐ.എസ്.എഫുകാര്‍ വെട്ടിലായി.
യാത്രക്കാരന് വിമാനം കയറി മണിക്കൂറുകള്‍ക്കു ശേഷം ഇയാള്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് വെടിയുണ്ടയുമായി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ നെടുമ്പാശ്ശേരി പൊലിസ് സ്റ്റേഷനിലെത്തിയെങ്കിലും പൊലിസ് കൂട്ടാക്കിയില്ല. പ്രതിയെ ഹാജരാക്കാതെ കേസെടുക്കാനാകില്ലെന്ന നിലപാടാണ് പൊലിസ് സ്വീകരിച്ചത്. ഇതോടെയാണ് യാത്രക്കാരന് വഴിവിട്ട ഇളവുകള്‍ നല്കിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ വട്ടംകറങ്ങിയത്.
ചൊവ്വാഴ്ച്ച ഉച്ചക്ക് ഗോ എയര്‍ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോകാനെത്തിയ യാത്രക്കാരനായ ഗുജറാത്ത് സ്വദേശി രാംദോവ് സിംഗി(35)ന്റെ ബാഗില്‍ നിന്നാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ വെടിയുണ്ട പിടികൂടിയത്.
സംസ്ഥാനത്ത് വിനോദ സഞ്ചാരത്തിന് എത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ മൊഴിനല്‍കിയത്. മടങ്ങിപോകുന്നതിനായി വിമാനത്താവളത്തിലെത്തിയപ്പോള്‍ ബാഗേജില്‍ നിന്നും വെടിയുണ്ട കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളില്‍ നിന്നും മാപ്പപേക്ഷ എഴുതി വാങ്ങിയ ശേഷം അതേവിമാനത്തില്‍ തന്നെ യാത്രചെയ്യാന്‍ സി.ഐ.എസ്.എഫ് അനുമതി നല്‍കിയതായാണ് വിവരം. പിന്നീട് രാത്രി എഴിന് കേസെടുക്കണമെന്ന ആവശ്യവുമായി സി.ഐ.എസ്.എഫ് നെടുമ്പാശ്ശേരി പൊലിസിന്റെ മുന്നിലെത്തി. ആവശ്യം പൊലിസ് നിരസിച്ചതോടെ പൊലിസും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും തമ്മില്‍ സ്റ്റേഷനില്‍ ഏറെ നേരം വാഗ്വാദം നടന്നു. ആവശ്യം നിരസിച്ചതോടെ വെടിയുണ്ടയുമായി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ മടങ്ങി. പ്രതി യാത്ര ചെയ്ത വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിലെത്തി ഏറെകഴിഞ്ഞാണ് സി.ഐ.എസ്.എഫുകാര്‍ പൊലിസ് സ്റ്റേഷനിലെത്തിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."