പ്രതികള്‍ നടിയെ പിന്തുടരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു
കൊച്ചി : യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിന് വേണ്ടിയുള്ള തിരച്ചില്‍ പൊലിസ് ശക്തമാക്കി.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന കോടനാട് നെടുവേലിക്കുടി സുനില്‍കുമാറും സംഘവും സംഭവ ദിവസം നടിയെ പിന്തുടരുന്നത് ഉള്‍പ്പെടെയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. സുനി ഒളിവില്‍ പോയ ദിവസങ്ങളില്‍ സന്ദര്‍ശിച്ച മേഖലകളിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലിസ് ശേഖരിക്കുന്നുണ്ട്. മൊബൈല്‍ഫോണ്‍ സംബന്ധിച്ച് വ്യത്യസ്തമായ രീതിയില്‍ സുനി മൊഴി മാറ്റി പറയുന്ന സാഹചര്യത്തില്‍ നുണപരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയമായ ചോദ്യം ചെയ്യലിന് അന്വേഷണ സംഘം തയാറെടുക്കുകയാണ്.
സുനിലുമൊത്തുള്ള പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയും മുഴുവന്‍ പ്രതികളെയും പൊലിസ് കസ്റ്റഡിയില്‍ ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അന്വേഷണസംഘം കൂടുതല്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിക്കുന്നത്. ആദ്യം നടിയെ ആക്രമിച്ച ശേഷം തിരികെ പോകുന്നവഴി ഉപേക്ഷിച്ചുവെന്നായിരുന്നു മൊഴി.
പിന്നീട് വൈറ്റില ഗോള്‍ഡ് സൂക്കിനടുത്തുള്ള റോഡരികിലെ ഓടയില്‍ ഉപേക്ഷിച്ചെന്നായി മൊഴി തിരുത്തി. ഇവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. വീണ്ടും നടത്തിയ ചോദ്യം ചെയ്യലിലാണ് ഗോശ്രീ പാലത്തില്‍ നിന്ന് വലിച്ചെറിഞ്ഞെന്ന് മൊഴി നല്‍കിയത്. നാവികസേനയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലും മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കൂടുതല്‍ ശാസ്ത്രീയമായി ചോദ്യം ചെയ്യാന്‍ പൊലിസ് തയാറാകുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത് ബ്ലാക് മെയില്‍ ചെയ്യാനാണെന്ന വാദം നിലനില്‍ക്കണമെങ്കില്‍ ഫോണും ദൃശ്യങ്ങളും കണ്ടെത്തണം.
കൂടാതെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയാനും ഇത് കണ്ടെത്തല്‍ അനിവാര്യമാണ്. സംഭവ ദിവസം നടി സഞ്ചരിച്ചിരുന്ന കാറിനെ പ്രതികള്‍ ടെംപോ ട്രാവലറില്‍ പിന്തുടരുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് ഇന്നലെ പൊലിസിന് ലഭിച്ചത്.
ദേശീയ പാതയിലും വിവിധ സ്വകാര്യ സ്ഥാപനങ്ങളിലും സ്ഥാപിച്ച കാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും. എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് സഞ്ചരിക്കുന്ന ദൃശ്യങ്ങളും തിരിച്ച് കൊരട്ടിയില്‍ നിന്ന് നടിയെ പിന്തുടരുന്ന ദൃശ്യങ്ങളുമാണ് ലഭിച്ചിട്ടുള്ളത്.
നടിയെ ഉപദ്രവിച്ചശേഷം നടിയുമായി പോകുന്ന ദൃശ്യങ്ങളാണ് കാക്കനാട് നിന്നു ലഭിച്ചത്. കോയമ്പത്തൂരിലെയും ആലപ്പുഴയിലെയും കാമറ ദൃശ്യങ്ങള്‍ക്കായി പൊലിസ് ശ്രമം തുടങ്ങി.
അതേസമയം, അറസ്റ്റിലാകും മുന്‍പ് പള്‍സര്‍ സുനിയും വിജീഷും ഭക്ഷണം വാങ്ങാനെത്തിയിരുന്നുവെന്നും ഒഴുക്കുള്ള പുഴ അന്വേഷിച്ചുവെന്നും കൊച്ചിയിലെ ഹോട്ടലുടമ വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."