അരിവില; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: അരിവില വര്‍ധന ജനജീവിതം ദുസ്സഹമാക്കിയെന്നു ചൂണ്ടിക്കാട്ടിയ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. സംസ്ഥാനത്ത് അരിവില വര്‍ധിച്ചതായി ഭക്ഷ്യമന്ത്രി സമ്മതിക്കുകയും, കേന്ദ്ര സര്‍ക്കാര്‍ റേഷന്‍വിഹിതം വെട്ടിക്കുറച്ചെന്നു മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്തതോടെ സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
മുസ്‌ലിം ലീഗിലെ എം. ഉമ്മറാണ് അടിയന്തിരപ്രമേയ നോട്ടിസ് നല്‍കിയത്. ബംഗാളില്‍ നിന്ന് അരി എത്തിക്കുമെന്ന ഭക്ഷ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കാനാവില്ലെന്ന് ഉമ്മര്‍ പറഞ്ഞു. സി.പി.എമ്മിനെ കൈവിട്ട ബംഗാള്‍, അരിയുടെ കാര്യത്തിലും അതേ നിലപാടെടുത്തേക്കും. അതിനാല്‍ ബംഗാള്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളേയും അരിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സമീപിക്കണം. ആന്ധ്രയില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും അരിയെത്തുന്നതെന്നും അവിടെ വരള്‍ച്ച ബാധിച്ചതും കേന്ദ്രം ഭക്ഷ്യവിഹിതം വെട്ടിക്കുറച്ചതുമാണ് വില വര്‍ധനക്കിടയാക്കിയതെന്നും ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ മറുപടി നല്‍കി. 21 ശതമാനം വിലവര്‍ധനയുണ്ടായിട്ടുണ്ടെന്നു സമ്മതിച്ച മന്ത്രി അരിവില നിയന്ത്രിക്കുന്നതിനു നടപടി സ്വീകരിച്ചതായും അവകാശപ്പെട്ടു.
സപ്ലൈകോ വഴി ഒരാഴ്ചക്കുള്ളില്‍ 1000 മെട്രിക്ടണ്‍ അരി വിതരണത്തിനു തയാറാകും. എല്ലാ ജില്ലകളിലും അരിക്കട ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. എഫ്.സി.ഐയില്‍ നിന്ന് അരി വിതരണം ചെയ്യാന്‍ കഴിയാത്തതും ഏജന്‍സി ലോബികളുടെ ഇടപെടലും തൊഴിലാളികളുടെ അട്ടിക്കൂലി സംബന്ധിച്ച സമരവുമാണ് മറ്റു കാരണങ്ങള്‍.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേന്ദ്രം സംസ്ഥാനത്തിന്റെ അരിവിഹിതം വെട്ടിക്കുറച്ചതും പ്രതിസന്ധി രൂക്ഷമാക്കി. കേന്ദ്ര വിഹിതത്തില്‍ രണ്ടു ലക്ഷം മെട്രിക്ടണ്‍ അരിയുടെ കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു. റേഷന്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ കാണാന്‍ സര്‍വകക്ഷിസംഘം പോകാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് എല്‍.ഡി.എഫ് അംഗങ്ങള്‍ നിയമസഭയില്‍ ഒന്‍പതു തവണ വിലക്കയറ്റം ഉന്നയിച്ചിരുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അപ്പോഴൊക്കെ അന്നത്തെ മുഖ്യമന്ത്രി നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയാറായി. എല്‍.ഡി.എഫ് ഭരണത്തില്‍ വിലക്കയറ്റം ചര്‍ച്ച ചെയ്യാന്‍ മടിക്കുന്നു.
എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞത് അഞ്ചു വര്‍ഷം വിലക്കയറ്റം ഉണ്ടാകില്ലെന്നായിരുന്നു.
ഭക്ഷ്യവകുപ്പിന് ബജറ്റില്‍ അനുവദിച്ച തുകയില്‍ 7.04 ശതമാനം മാത്രമേ ചെലവാക്കാനായിട്ടുള്ളൂ. ഇതു സൂചിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരാജയമാണ്.
വിലക്കയറ്റം രൂക്ഷമായിട്ടും പൊതുവിപണിയില്‍ ഇടപെടാന്‍ കഴിയാത്ത ഭക്ഷ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം സംസ്ഥാനത്ത് രൂക്ഷമാണെന്നു മന്ത്രിയുടെ വാക്കുകളിലൂടെ തെളിഞ്ഞെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."