ഭര്‍ത്താവിനെതിരേ വധശ്രമ ആരോപണവുമായി യു.എസ് നോവലിസ്റ്റ്
നാഷ്വില്ലെ: ഭര്‍ത്താവ് വിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണവുമായി അമേരിക്കയിലെ പ്രമുഖ അപസര്‍പ്പക നോവലിസ്റ്റ് ഷെറിലിന് കെന്യോണ്. ഇതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ലോറന്‍സ് ആര്. കെന്യോണ് രണ്ടാമനും രണ്ടു സഹായികള്‍ക്കുമെതിരേ ഷെറിലിന് കേസ് നല്കി. യു.എസ് സംസ്ഥാനമായ ടെന്നിസ്സീയിലെ വില്യംസന് കൗണ്ടി കോടതിയിലാണു സംഭവത്തില്‍ കേസ് നടക്കുന്നത്. നഗര വിഭ്രമാത്മക നോവലുകളുടെ പേരില്‍ അമേരിക്കയില്‍ ജനപ്രിയയാണ് ഷെറിലിന് കെന്യോണ്. യു.എസില്‍ ഏറെ വായനക്കാരുള്ള ഷെറിലിന്റെ ഡാര്‍ക്ക് ഹണ്ടര്‍ പരമ്പരയില്‍ പല കൃതികളും ബെസ്റ്റ് സെല്ലറുകളുമായിരുന്നു.
സാമ്പത്തിക നേട്ടങ്ങളും തന്റെ കരിയറും അംഗീകാരവും തകര്‍ക്കുകയും ലക്ഷ്യമിട്ട് ഷേക്സ്പിയര് നാടകങ്ങളിലെ ഗൂഢാലോചനാ മാതൃകയില്‍ തന്നെ വകവരുത്താന്‍ ശ്രമിച്ചെന്നാണു പരാതി. ബിസിനസ് ബന്ധങ്ങളില്‍ ഇടപെടുകയും ആരാധകര്‍ക്കു മുന്പില് വച്ച് മാനംകെടുത്താനും കൂട്ടുകാര്‍ക്കും സഹജീവനക്കാര്ക്കുമിടയില് ഒറ്റപ്പെടുത്താനും ശ്രമിച്ചതായും ആരോപണമുണ്ട്.
സഹായികളെ കൂട്ടി 2015 മുതല്‍തന്നെ പദ്ധതിക്കു തുടക്കമിട്ടിരുന്നതായി അവര്‍ പറയുന്നു. വിഷാംശമുള്ള ഭക്ഷണങ്ങള്‍ കഴിപ്പിച്ചു ഘട്ടംഘട്ടമായി കൊലപ്പെടുത്താനായിരുന്നു ശ്രമം. ഇതിന്റെ ഭാഗമായി മുടിയും ഓര്‍മയും നഷ്ടപ്പെടുകയും പല്ലുകള്‍ പൊട്ടിപ്പോകുകയും നെഞ്ചിടിപ്പ് അടക്കമുള്ള രോഗങ്ങള്‍ നേരിടുകയും ചെയ്തതായി ഷെറിലിന് പറയുന്നു. ഭര്‍ത്താവ് ലോറന്‍സ് നേരത്തെ വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."