സെന്‍കുമാറിനെതിരേ നിയമയുദ്ധത്തിനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: മുന്‍ പൊലിസ് മേധാവി സെന്‍കുമാറിനെതിരേ നിയമ യുദ്ധത്തിനൊരുങ്ങി സര്‍ക്കാര്‍. ഡി.ജി.പി സ്ഥാനത്തു നിന്നു നീക്കിയതിനെതിരേ സെന്‍കുമാര്‍ സുപ്രിം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹരജിയില്‍ സി.പി.എമ്മിനെ കുറിച്ചുള്ള പരാമര്‍ശം മാറ്റണമെന്നും കീഴ്കോടതികളില്‍ ഹരജി നല്കിയപ്പോള് ആരോപിക്കാത്ത കാര്യങ്ങള്‍ സുപ്രിംകോടതിയില്‍ നല്കിയ ഹരജിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ നാളെ വാദിക്കും. സെന്‍കുമാറിന്റെ ഹരജിയില്‍ സര്‍ക്കാരിന് നോട്ടിസ് അയക്കുന്നതിനുമുന്പു തന്നെ അതില്‍ ഇടപെടാന്‍ നിയമ വകുപ്പ് മന്ത്രി എ.കെ ബാലന് അഡ്വക്കറ്റ് ജനറലിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കറ്റ് ജനറല്‍ സുപ്രിംകോടതിയിലെ സ്റ്റാന്റിങ് കൗണ്‍സിലിനെ ചുമതലപ്പെടുത്തി. സര്‍ക്കാരിന്റെ വാദങ്ങള്‍ കോടതിയില്‍ ശക്തമായി അവതരിപ്പിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും എ.ജി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേസ് പരിഗണിക്കുന്ന നാളെ സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന് ജെ.ബി ഗുപ്തയായിരിക്കും സുപ്രിംകോടതിയില്‍ ഹാജരാകുക. ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് സെന്‍കുമാര്‍ ലക്ഷ്യമിടുന്നതെന്നായിരിക്കും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിക്കുന്നത്.
സെന്‍കുമാറിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം നിയമസഭയില്‍ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെയാണ് നിയമ മന്ത്രി എ.കെ ബാലന് എ.ജിക്ക് നിര്‍ദേശം നല്‍കിയത്.
സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരേ സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥ തലത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു സെന്‍കുമാര്‍ സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇതേ തുടര്‍ന്ന് ഹരജി തള്ളി.
തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹൈക്കോടതിയും അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ വിധി ശരിവച്ചിരുന്നു.
തുടര്‍ന്നാണ് സെന്‍കുമാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്നെ നീക്കിയതെന്നാണ് സെന്‍കുമാറിന്റെ വാദം. സെന്‍കുമാറിനെ പൊലിസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ എം.ഡി ആക്കിയെങ്കിലും അദ്ദേഹം ജോലിയില്‍ പ്രവേശിച്ചിരുന്നില്ല.
ഒരു പദവിയിലും പിന്നീട് സര്‍ക്കാര്‍ നിയമിച്ചില്ല. പദവി നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് സെന്‍കുമാര്‍ കത്ത് നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗം ഐ.എം.ജി ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചു. ഈ സ്ഥാനത്ത് തുടര്‍ന്നു കൊണ്ടാണ് സര്‍ക്കാരിനെതിരേ സുപ്രിം കോടതിയെസമീപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."