ഭരണസ്തംഭനത്തിന് അന്ത്യം; സ്വീഡനില്‍ വീണ്ടും സ്റ്റെഫാന്‍ ലോഫന്‍
സ്റ്റോക്ക്‌ഹോം: സ്വീഡിഷ് പ്രധാനമന്ത്രിയായി സ്റ്റെഫാന്‍ ലോഫന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നാലു മാസത്തോളമായി രാജ്യത്തു തുടരുന്ന ഭരണസ്തംഭനത്തിന് അന്ത്യംകുറിച്ച് ഇന്നലെ സ്വീഡിഷ് പാര്‍ലമെന്റില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ സ്റ്റെഫാന്‍ വന്‍ വിജയമാണു നേടിയത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ അദ്ദേഹം ഇതു രണ്ടാം തവണയാണ് പദവിയിലെത്തുന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പിനെചൊല്ലി വ്യാപക പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ നാലു മാസത്തോളമായി സര്‍ക്കാരില്ലാത്ത അവസ്ഥയായിരുന്നു സ്വീഡനില്‍. വിവിധ മുന്നണികള്‍ ചേര്‍ന്നു പലതവണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു.
വിശ്വാസ വോട്ടെടുപ്പു കടമ്പ കടന്നതോടെ രണ്ടു ദിവസത്തിനകം മന്ത്രിസഭ രൂപീകരിക്കാനാണ് സ്റ്റെഫാന്റെ നീക്കം. പരിസ്ഥിതിവാദികളായ ഗ്രീന്‍ പാര്‍ട്ടിയുമായി ചേര്‍ന്നാണ് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്.
കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ സ്വീഡന്‍ ഡെമോക്രാറ്റുകള്‍ അധികാരത്തിലെത്തുന്നതു തടയാന്‍ മധ്യ ഇടത്, മധ്യ വലത് സംഘടനകളെ കൂടി 61കാരനായ സ്റ്റെഫാന്‍ അനുനയിപ്പിച്ച് കൂടെക്കൂട്ടിയിരുന്നു.
സ്വീഡന്റെ കഴിഞ്ഞ എഴുപതു വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ജനപിന്തുണ കുറഞ്ഞ സര്‍ക്കാരാകും അധികാരത്തിലേറാന്‍ പോകുന്നത്. സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കും ഗ്രീന്‍ പാര്‍ട്ടിക്കും ആകെ 32.7 ശതമാനം വോട്ടാണ് നേടാനായത്. സ്വീഡന്‍ ഡെമോക്രാറ്റുകള്‍ക്ക് 17.6 ശതമാനം വോട്ട് ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."