യുവാവിനെയും കുടുംബത്തെയും വഴിയില്‍ തടഞ്ഞും സ്റ്റേഷനില്‍ ക്രൂരമര്‍ദനത്തിനിരയാക്കിയും സി.ഐയുടെ പരാക്രമം സംഭവം കാര്‍ ബ്രേക്കിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്
തൊടുപുഴ: ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്ന സ്ത്രീകളും കൈക്കുഞ്ഞുമടങ്ങിയ സംഘത്തിന്റെ വാഹനം മഫ്തിയിലെത്തിയ സി.ഐ തടഞ്ഞു വയ്ക്കുകയും പിന്നീട് ഇതേക്കുറിച്ച് പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ മര്‍ദിക്കുകയും ചെയ്തതായി പരാതി. കട്ടപ്പന സി. ഐ വി.എസ് സുനില്‍കുമാറിനെതിരേയാണ് ആരോപണം.
പാമ്പാടുംപാറ സന്യാസിയോടയില്‍ താമസിക്കുന്ന കിഴക്കേമഠത്തില്‍ കൃപമോനും കുടുംബത്തിനുമാണ് വഴിയിലും പൊലിസ് സ്റ്റേഷനിലും ദുരനുഭവം നേരിടേണ്ടി വന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സഹോദരിയുടെ ഒരു മാസം പ്രായമായ കുഞ്ഞിനെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയില്‍ കൊണ്ടുപോയി വാഹനത്തില്‍ തിരിച്ചു വരികയായിരുന്നു കൃപമോനും കുടുംബം. രാത്രി എട്ടോടെ മാട്ടുക്കട്ടയ്ക്ക് സമീപത്തെ വലിയ വളവില്‍ വച്ച് മുന്നിലുണ്ടായിരുന്ന കാര്‍ പെട്ടെന്ന് നിര്‍ത്തിയതോടെ ഇടിക്കാതിരിക്കാനായി കൃപമോന്‍ വാഹനം വെട്ടിച്ചു മാറ്റിയിരുന്നു. പെട്ടന്ന് വാഹനം നിര്‍ത്തിയതിന്റെ ആഘാതത്തില്‍ ദേഹം ഹാന്‍ഡ് ബാറില്‍ ഇടിച്ചതോടെ കൈക്കു ഞ്ഞ് ഉച്ചത്തില്‍ കരഞ്ഞു. സിഗ്‌നല്‍ പോലുമില്ലാതെ വാഹനം പൊടുന്നനെ നിര്‍ത്തിയതു കൃപമോന്‍ ചോദ്യം ചെയ്തു.
കാറില്‍നിന്നു പുറത്തിറങ്ങിയ രണ്ടുപേര്‍ അസഭ്യം പറയുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും കാര്‍ കുറുകെയിട്ട് വഴി തടയുകയും ചെയ്തു. ഇവരിലൊരാള്‍ കട്ടപ്പന സി. ഐ വി. എസ് സുനില്‍കുമാര്‍ ആയിരുന്നുവെങ്കിലും യൂനിഫോമിലല്ലാതിരുന്നതിനാല്‍ മനസിലായിരുന്നില്ല.
കുടുംബം യാത്ര തുടര്‍ന്നതോടെ കാര്‍ യാത്രികര്‍ പിന്തുടരുകയും കട്ടപ്പനയിലെത്തും മുന്‍പ് നാല് തവണ വാഹനം തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ ഇടശേരി ജങ്ഷനില്‍ വച്ച് കൃപമോന്‍ വാഹനം കട്ടപ്പന പൊലിസ് സ്റ്റേഷനിലേക്ക് തിരിച്ചുവിട്ടു.
പരാതി നല്‍കാനിറങ്ങിയപ്പോള്‍ പിന്നാലെയെത്തിയ കാര്‍ യാത്രികരിലൊരാള്‍ കൃപമോനെ സ്‌റ്റേഷനുള്ളിലേക്ക് വലിച്ചുകൊണ്ടുപോകുകയും കട്ടപ്പന സര്‍ക്കിളിനോടാണോടാ കളിയെന്നു ചോദിച്ച് മുറിക്കുള്ളില്‍ വച്ചു മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്നു ഒരു പൊലിസുകാരനും മുതുകില്‍ ശക്തമായി പ്രഹരിച്ചു. നിലവിളിച്ചപ്പോള്‍ കുഞ്ഞുമായി ഓടിയെത്തിയ സഹോദരി കൃപമോളോടും മാതാവ് വത്സമ്മയോടും സി. ഐ അസഭ്യവും അശ്ലീലവും പറഞ്ഞു. സ്റ്റേഷനില്‍ വനിത പൊലിസ് ഉണ്ടായിരുന്നിട്ടും ഒരു പൊലിസുകാരന്‍ കൃപമോളെ വലിച്ചിഴയ്ക്കുകയും ചെയ്‌തെന്നും കുടുംബം പറഞ്ഞു. കൃപമോനെതിരേ കേസ് ചാര്‍ജ് ചെയ്യാനും പുറത്തു വിടരുതെന്നും നിര്‍ദേശിച്ചശേഷം സി. ഐ പുറത്തേക്കു പോയി.
പരാതി നല്‍കാനെത്തിയതാണെന്നും പരാതി സ്വീകരിക്കണമെന്നും കൃപമോന്‍ പറഞ്ഞെങ്കിലും പൊലിസ് തയാറായില്ല. കൃപമോനെ ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധന നടത്തിയശേഷം വീണ്ടും സ്റ്റേഷനിലെത്തിച്ചു.
മര്‍ദിച്ച വിവരം ആശുപത്രിയില്‍ പറയരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നു വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ കൃപമോനെ ജാമ്യത്തില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.
സി.ഐക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൃപമോനും സഹോദരിയും കുടുംബവും കട്ടപ്പന ഡിവൈ.എസ്.പി എന്‍. സി രാജ്‌മോഹന് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."