ഒരു റിപ്പബ്ലിക് ദിനം കൂടി പിറക്കുമ്പോള്‍
#എന്‍. അബു
മറ്റൊരു റിപ്പബ്ലിക് ദിനം കൂടി കടന്നുവരുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിച്ച് പൂര്‍ണ സ്വാതന്ത്ര്യം നേടിയ ഇന്ത്യ വിസ്താരം കൊണ്ട് ലോകത്തിലെ ഏഴാമത്തെ രാജ്യവും ജനസംഖ്യകൊണ്ട് ചൈനയ്ക്കു മാത്രം പിന്നിലും ആയാണ് പിറന്നത്. നമ്മുടെ ഈ മഹത്തായ ജനാധിപത്യ മതേതര രാഷ്ട്രം, സ്വാതന്ത്ര്യം ലഭിച്ചു മൂന്നു വര്‍ഷത്തിനകം 1950 ജനുവരി 26നു റിപ്പബ്ലിക്കാവുകയായിരുന്നു. ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങള്‍ ഭരിക്കുന്ന, ജനങ്ങളുടെ ഭരണകൂടം. പ്രഥമ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദ് അന്നു ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതോടെ മുഴങ്ങിയ 21 വെടിയൊച്ചകള്‍ ആ വിവരം ദിഗന്തങ്ങളെ അറിയിച്ചു.
രാഷ്ട്രം റിപ്പബ്ലിക് ദിനത്തിന്റെ എഴുപതാമത് വാര്‍ഷികം ആഘോഷിക്കാനിരിക്കെ, അധികാരത്തിലിരിക്കുന്നത് പതിനാലാമത് പ്രധാനമന്ത്രിയാണ്. ഇന്ത്യ സ്വതന്ത്രമായി മൂന്നുവര്‍ഷം കഴിഞ്ഞു മാത്രം ഗുജറാത്തില്‍ പിറന്ന, നരേന്ദ്ര ദാമോദര്‍ ദാസ് മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹി ഭരിക്കുന്ന സര്‍ക്കാര്‍ പുതിയ റിപ്പബ്ലിക് ദിന വേളയില്‍ രാഷ്ട്രത്തിനു നല്‍കിയിരിക്കുന്ന സമ്മാനം ഒരു പുതിയ ഇന്ത്യന്‍ പൗരത്വ (ഭേദഗതി) ബില്‍, 135 കോടി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കലാണ്. പാക്കിസ്താനിലും അഫ്ഗാനിസ്ഥാനിലുമൊക്കെയുള്ള വ്യത്യസ്ത സമുദായക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനും മുസ്്‌ലിംകള്‍ക്ക് അതു നിഷേധിക്കാനുമുള്ള നിയമ ഭേദഗതി നിയമം അസമില്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന ലക്ഷക്കണക്കിനാളുകളോട് ബംഗ്ലാദേശില്‍ നിന്നുവന്നവരെന്ന നിലയില്‍ പൗരത്വം തെളിയിക്കാനും ആവശ്യപ്പെടുന്നു. അവിടെ 17 നിയമസഭാ സീറ്റുകളുടെ നിയന്ത്രണം കൈവശപ്പെടുത്താന്‍ പാകത്തില്‍.
ഇതിനിടയില്‍ ഗോവധ നിരോധത്തെ എതിര്‍ക്കുന്നവര്‍ മുതല്‍ വന്ദേമാതരം പാടാത്തവര്‍ വരെയുള്ളവരോട് രാജ്യം വിടാന്‍ ഭരണകക്ഷി നേതാക്കള്‍ ആഹ്വാനം ചെയ്യുന്നുമുണ്ട്. അതിനെ പ്രതിരോധിക്കാനിറങ്ങിയ സാംസ്‌കാരിക നായകരെ കൊലക്കത്തിക്ക് ഇരകളാക്കാനും സംഘ്പരിവാര്‍ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നു. എട്ടു നൂറ്റാണ്ടുകള്‍ മുസ്്‌ലിം ഭരണാധികാരികള്‍ ഭരിച്ചിട്ടും ഈ നാട് ഒരു മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമാക്കിമാറ്റാന്‍ അവരാരും ശ്രമിച്ചിട്ടില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം വിജയിപ്പിക്കാനെന്നപോലെ കാശ്മിരും ഹൈദരാബാദും അടക്കമുള്ള മുസ്‌ലിം നാട്ടുരാജ്യങ്ങളെ ഇന്ത്യയില്‍ ലയിപ്പിക്കാനും എന്നും മുസ്‌ലിംകള്‍ രാജ്യത്തിനൊപ്പമായിരുന്നു. ആ മുസ്‌ലിം ജനകോടികളോടാണ് ഭരണകക്ഷിയിലെ ചിലരെങ്കിലും പരസ്യമായി തന്നെ ഇന്ത്യവിടാന്‍ ആജ്ഞാപിക്കുന്നത്. ഇത്തരുണത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തകനും പ്രഗത്ഭ സാഹിത്യകാരനുമായിരുന്ന ഖുഷ്്‌വന്ത്‌സിങ് കുറിച്ചുവെച്ച കുറേകാര്യങ്ങള്‍ നമ്മെ ആഴത്തില്‍ ചിന്തിപ്പിക്കേണ്ടതാണ്.
നാലുവര്‍ഷം മുന്‍പ് 99ാം വയസില്‍ അന്തരിച്ച ഖുഷ്‌വന്ത് സിങ് എഴുത്തിന്റെ സ്വപ്നലോകത്തു മാത്രം ജീവിച്ച ആളായിരുന്നില്ല. യോജനയുടെയും നാഷണല്‍ ഹെറാള്‍ഡിന്റെയും ഹിന്ദുസ്ഥാന്‍ ടൈംസിന്റെയും ഇലസ്‌ട്രേറ്റഡ് വീക്കിലിയുടെയുമൊക്കെ എഡിറ്റര്‍ ആയിരുന്ന അദ്ദേഹം 'പാക്കിസ്താനിലേക്കുള്ള തീവണ്ടി' എന്ന പേരില്‍ പ്രസിദ്ധമായ ഒരു ഇംഗ്ലിഷ് ചരിത്രാഖ്യായിക രചിച്ചയാളാണ്. ഇതിനു പുറമെ പ്രഗത്ഭനായ അഭിഭാഷകനും പ്രസിദ്ധനായ നയതന്ത്രജ്ഞനുമായിരുന്നു.
ഡല്‍ഹിയില്‍ അന്തരിച്ച അദ്ദേഹം പാക്കിസ്താനിലെ ഹദാലിയില്‍ ജനിച്ച് ഓക്‌സ്‌ഫോഡില്‍ പഠിച്ച അഭിഭാഷകനുമായിരുന്നു. ഇവിടെ ജനിച്ച് ഇവിടെ വളര്‍ന്നു ശേഷം ഇവിടുത്തെ മണ്ണില്‍തന്നെ അന്ത്യവിശ്രമം കൊള്ളാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ മുസ്‌ലിംകളെ ഖുഷ്‌വന്ത് പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: ഇന്ത്യയുടെ സ്വാതന്ത്ര്യം മുസ്്‌ലിം രക്തത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഡല്‍ഹിയിലെ ഇന്ത്യാഗേറ്റില്‍ 95,300 സ്വാതന്ത്ര്യസമര ഭടന്മാരുടെ പേരുകള്‍ എഴുതിവച്ചിട്ടുണ്ട്. അതില്‍ 65 ശതമാനവും (61,945) മുസ്‌ലിം നാമധേയങ്ങളത്രെ.
1780-1790 കാലഘട്ടത്തില്‍ സായുധരായി തന്നെ സ്വാതന്ത്യസമരം നടത്തിയത് ഹൈദരാലിയും മകന്‍ ടിപ്പുസുല്‍ത്താനുമായിരുന്നു. അവര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ റോക്കറ്റുകളും പീരങ്കികളും ഉപയോഗിച്ചു. ബ്രിട്ടീഷുകാരില്‍ നിന്ന് തന്റെ വളര്‍ത്തുമകനു രാജ്യം കിട്ടാന്‍ പൊരുതിയ ഝാന്‍സി റാണിയെ നാം ഓര്‍ക്കുമ്പോള്‍, 1857ല്‍ ചിനാട്ടില്‍ സര്‍ ഹെന്റി ലോറന്‍സിനെ വെടിവെച്ചിട്ട് ബ്രിട്ടീഷ് സേനയെ തോല്‍പിച്ച ബീഗം ഹസ്‌റത്ത് മഹലിനെ ആരും ഓര്‍ക്കുന്നില്ല. ആദ്യത്തെ സ്വാതന്ത്ര്യസമരം നയിച്ചവരില്‍ പ്രമുഖന്‍ മൗലവി അഹമദുല്ലാ ഷാ ആയിരുന്നു. ആ പോരാട്ടത്തില്‍ മരണപ്പെട്ടവരില്‍ 90 ശതമാനവും മുസ്‌ലിംകളായിരുന്നു. ആഷ്ഫായുല്ലഖാനെ 27ാംവയസിലാണ് തൂക്കിക്കൊന്നത്.
മഹാത്മാഗാന്ധി മദ്യഷാപ്പുകള്‍ക്കെതിരേ പിക്കറ്റിങ് ആരംഭിച്ചപ്പോള്‍ അതില്‍ ആദ്യമായി പങ്കെടുത്ത 19 പേരില്‍ പത്തുപേര്‍ മൗലാനാ ആസാദടക്കമുള്ള മുസ്‌ലിംകളായിരുന്നു. മുഗള്‍ ചക്രവര്‍ത്തി ആയിരുന്നിട്ടും ബഹാദൂര്‍ഷാ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി മരിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐ.എന്‍.എ) സ്ഥാപിച്ചപ്പോള്‍ ലക്ഷക്കണക്കിനു രൂപ സംഭാവന നല്‍കിയ എം.കെ.എം അമീര്‍ ഹംസ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് ദരിദ്രനായാണ് ജീവിച്ചത്. അബ്ദുല്‍ ഹഫീസ് മേമന്‍ എന്നൊരാള്‍ ഐ.എന്‍.എയ്ക്കു നല്‍കിയത് അന്നത്തെ ഒരു കോടി രൂപയായിരുന്നു. ഐ.എന്‍.എയുടെ കമാന്‍ഡര്‍ സ്ഥാനത്ത് നേതാജി അവരോധിച്ചത് ഷാനവാസ് ഖാനെ ആയിരുന്നു. 19 അംഗ മന്ത്രിസഭ ഉണ്ടാക്കിയപ്പോള്‍ നേതാജി അഞ്ചു മുസ്‌ലിംകള്‍ക്കും അതില്‍ അംഗത്വം നല്‍കി.
സര്‍ സയ്യിദ് അഹമദ്ഖാന്റെ മാതാവ് ബീഉമ്മ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു 30 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. ഇന്ത്യന്‍ ദേശീയ പതാകയ്ക്കു രൂപം നല്‍കിയവരില്‍ ഒരു പ്രധാനി സുരയ്യാ തയാബ്ജി എന്ന മുസ്‌ലിം മഹിള ആയിരുന്നു. ഉത്തര്‍ പ്രദേശിലെ ഒരു പള്ളിയില്‍ ഇമാം പ്രസംഗിക്കവേ ഇരച്ചു കയറിയ ബ്രിട്ടീഷ് പട്ടാളം അന്നവിടെ പ്രസംഗം കേട്ടിരുന്ന എല്ലാവരെയും നിഷ്‌കരുണം വെടിവെച്ചുകൊന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് കപ്പലോട്ടിയ തമിഴന്‍ എന്ന് പേരെടുത്ത ചിദംബരത്തിന് ആ യാനപാത്രം സമ്മാനിച്ചത് ഫക്കീര്‍ മുഹമ്മദ് റാവുത്തരായിരുന്നു. കൊടികട്ട കുമാരന്‍ എന്നു ബ്രിട്ടീഷ് ചരിത്രം ചാപ്പകുത്തിയ തിരുപ്പൂര്‍ കുമാരനെ മോചിപ്പിക്കാന്‍ നടത്തിയ സമരത്തിലാണ് മുഹമ്മദ് യാസിനും വേറെ ആറു മുസ്‌ലിംകളും വെടിയേറ്റു മരിച്ചത്.
ചരിത്രത്തില്‍ സ്ഥാനംപിടിച്ച സ്ഥലങ്ങളുടെയും പട്ടണങ്ങളുടേയും പേരുകള്‍ മാറ്റാന്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതാക്കള്‍ ശപഥം ചെയ്തിറങ്ങിയ അവസരത്തില്‍ ഈ ചരിത്രമൊന്നും ആരും ഓര്‍ക്കണമെന്നില്ല. ഖുഷ്‌വന്തിന്റെ പഴയ ലേഖനം അനുസ്മരിപ്പിക്കുന്നു: ഇന്ത്യയെ ആക്രമിക്കാന്‍ വന്നവരൊക്കെ ഇവിടുത്തെ എല്ലാം കൊള്ളയടിച്ചു സ്ഥലം വിട്ടപ്പോള്‍, 800 വര്‍ഷത്തെ മുസ്്‌ലിം ഭരണം താജ്മഹല്‍ പോലെയും ചെങ്കോട്ട പോലെയുമുള്ള നിത്യസ്മാരകങ്ങള്‍ ഈ നാട്ടില്‍ പണിതുയര്‍ത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."