കെജ്രിവാളിന്റെ സത്യപ്രതിജ്ഞ 16ന് രാംലീലയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള് ഞായറാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. രാംലീലാ മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സത്യപ്രതിജ്ഞ സംബന്ധിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായി കെജ്രിവാള് ഇന്നലെ കൂടിക്കാഴ്ച നടത്തി. മുഴുവന്‍ മന്ത്രിമാരും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് കരുതുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ പുതിയ എം.എല്‍.എമാര്‍ ഇന്നലെ യോഗം ചേര്‍ന്ന് കെജ്രിവാളിനെ നിയമസഭാ കക്ഷി നേതാവായി വീണ്ടും തെരഞ്ഞെടുത്തിരുന്നു. മുഖ്യമന്ത്രി പദവിയില്‍ മൂന്നാമൂഴത്തിനാണ് കെജ്രിവാള് തയാറെടുക്കുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് 16ന് രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചടങ്ങു നടക്കുമെന്ന് മനീഷ് സിസോദിയ അറിയിച്ചത്. ഡല്‍ഹി ജനതയെ ചടങ്ങിലേയ്ക്ക് ക്ഷണിക്കുന്നുവെന്നും കൂടുതല്‍ പൊതുജനത്തെ ഉള്‍പ്പെടുത്താനാണ് രാംലീലാ മൈതാനം തെരഞ്ഞെടുത്തതെന്നും സിസോദിയ പറഞ്ഞു. നിലവിലെ ഏഴ് മന്ത്രിമാരും പുതിയ സര്‍ക്കാരിലും തുടരുമെന്നാണ് സൂചന. മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയായി തുടരും. പുതിയ എം.എല്‍.എമാരില്‍ രാഘവ് ചദ്ദ, അദിഷി മര്‍ലേന എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. രാഘവ് ചദ്ദക്ക് ധനകാര്യവും അദിഷിക്ക് വിദ്യാഭ്യാസവും നല്‍കുമെന്നാണ് കരുതുന്നത്. ഷഹീന് ബാഗ് ഉള്‍പ്പെടുന്ന ഓഖ്ല മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച അമാനത്തുല്ല ഖാന് വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്ത് തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."