കാര്യവട്ടം കാംപസില്‍ തീപിടിത്തം; നൂറുകണക്കിന് ഏക്കര്‍ അഗ്നിക്കിരയായി
കഠിനംകുളം: കാര്യവട്ടം ക്യാംപസ് വളപ്പില്‍ തീപിടിത്തം. ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന കുറ്റിക്കാട്ടില്‍ പടര്‍ന്നു പിടിച്ച തീ രാത്രി വൈകിയും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. തീ നിയന്ത്രണവിധേയമാക്കാനാകാതെ അഗ്‌നിശമന സേനാ വിഭാഗവും പൊലിസും കുഴയുകയാണ്.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് റോഡില്‍ നിന്നുംഅര കിലോമീറ്റര്‍ അപ്പുറമുള്ള കാട്ടില്‍ തീപടര്‍ന്നത് .സമീപവാസികള്‍ അറിയിച്ചതനുസരിച്ച് ടെക്‌നോപാര്‍ക്കില്‍ നിന്ന് ഫയര്‍ഫോഴ്‌സ് വാഹനങ്ങളെത്തിയെങ്കിലും തീപിടിത്ത സ്ഥലത്തേക്ക് പോകാനായില്ല. ഒരു ബൈക്കിന് പോലും കടന്നുചെല്ലാനാകാത്തവിധം വനപ്രദേശമായിരുന്നു അഗ്‌നിക്കിരയായത്. തുടര്‍ന്ന് ജീവനക്കാര്‍ അരകിലോമീറ്ററോളം കാല്‍നടയായി എത്തി വൃക്ഷ ശിഖരങ്ങള്‍ ഒടിച്ച് ആളിപടര്‍ന്ന തീ കെടുത്താന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.
പിന്നീട് ശക്തമായ കാറ്റില്‍ തീ പലഭാഗത്തേക്കും ആളിപ്പടര്‍ന്നു. വൈകിട്ടോടെ നൂറുകണക്കിന് ഏക്കര്‍ അഗ്നിക്കിരയായി.രാത്രി വൈകിയും തീപടരുകയാണ്. മഴപെയ്തില്ലെങ്കില്‍ ആകാശ മാര്‍ഗം മാത്രമേ തീ പൂര്‍ണമായി കടുത്താനാകുവെന്നാണ് കരുതുന്നത്.
തീ അണക്കാന്‍ കഴിയാതെ വന്നതോടെ സമീപത്തെ നാല്‍പ്പതോളം ക്വാര്‍ട്ടേഴ്‌സ് നിവാസികളും ടെക്‌നോപാര്‍ക്ക്, കാര്യവട്ടം കാംപസ് എന്നിവിടങ്ങളിലെ ഹോസ്റ്റല്‍ നിവാസികളും ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."