അഹമ്മദാബാദില്‍ 'ഹൗഡി ട്രംപ് '
ന്യൂഡല്‍ഹി: ഈ മാസം 24, 25 തിയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരന്തര ക്ഷണം സ്വീകരിച്ചെത്തുന്ന ട്രംപിനും കുടുംബത്തിനും വലിയ സ്വീകരണമൊരുക്കാനാണ് പദ്ധതി. ന്യൂഡല്‍ഹിക്കു പുറമേ, മോദിയുടെ നാടായ ഗുജറാത്തിലും ട്രംപ് എത്തുമെന്നാണ് വിവരം.
ഗുജറാത്തിലെ അഹമ്മദാബാദില്‍ ട്രംപിനെ സ്വീകരിക്കാന്‍ 'ഹൗഡി മോദി' മാതൃകയില്‍ പരിപാടിയൊരുക്കാനാണ് തീരുമാനം. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തിയപ്പോള്‍ ഹൂസ്റ്റണില്‍ ഒരുക്കിയ സ്വീകരണത്തിന് 'ഹൗഡി മോദി' എന്നായിരുന്നു പേരിട്ടിരുന്നത്. ഇതേ രീതിയില്‍, അതേ അര്‍ഥം വരുന്ന 'കേം ചോ ട്രംപ് ' എന്ന പരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്. ഇതില്‍ ഒരു ലക്ഷം പേരെയെങ്കിലും പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും അഹമ്മദാബാദില്‍ ട്രംപ് നിര്‍വഹിക്കുമെന്നാണ് വിവരം.
24നാണ് ട്രംപ് ഇന്ത്യയിലെത്തുക. ഭാര്യ മെലാനിയ ട്രംപും അദ്ദേഹത്തോടൊപ്പമുണ്ടാകും.അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലാണ് ട്രംപിന് സ്വീകരണമൊരുക്കുന്നത്. ഈ സ്റ്റേഡിയത്തില്‍ 1.10 ലക്ഷം പേരെ ഉള്‍ക്കൊള്ളും. ഈ സ്റ്റേഡിയമാണ് ട്രംപ് ഉദ്ഘാടനം ചെയ്യാനിരിക്കുന്നത്.
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അമേരിക്ക ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സന്ദര്‍ശനം വിവിധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണകള്ക്കുകൂടി വഴിവയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."