റിസോര്‍ട്ടിലെ ഇരട്ടക്കൊല: മുഖ്യപ്രതി പിടിയില്‍
തൊടുപുഴ: മൂന്നാറിന് സമീപം ചിന്നക്കനാല്‍ നടുപ്പാറ എസ്റ്റേറ്റ് റിസോര്‍ട്ടിലെ ഇരട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതിയെ തമിഴ്നാട്ടില്‍ നിന്ന് പൊലിസ് പിടികൂടി.
എസ്റ്റേറ്റിലെ ജീവനക്കാരന് കൂടിയായിരുന്ന കുരുവിളാസിറ്റി കുളപ്പാറച്ചാല്‍ പഞ്ഞിപറമ്പില്‍ ബോബിന് (36) നെയാണ് മധുരയിലെ ഒളിസങ്കേതത്തില്‍ നിന്ന് വ്യാഴാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്.
13ന് രാവിലെയാണ് നടുപ്പാറ റിദംസ് ഓഫ് മൈന്റ് റിസോര്‍ട്ട് ഉടമ കോട്ടയം മാങ്ങാനം കൊച്ചാക്കെന്‍ ജേക്കബ് വര്‍ഗീസ് (രാജേഷ്-40), ജീവനക്കാരനായ ചിന്നക്കനാല്‍ പവര്‍ഹൗസ് സ്വദേശി മുത്തയ്യ (55) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലാകുന്നത്. പ്രതിക്ക് ഒളിവില്‍ താമസിക്കുന്നതിന് വീട്ടില്‍ സൗകര്യമൊരുക്കിയ ശാന്തമ്പാറ ചേരിയാര്‍ കറുപ്പന്‍കോളനിയിലെ ഇസ്രവേല്‍ (30), ഭാര്യ കപില (23) എന്നിവരെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതി മോഷ്ടിച്ച ഏലയ്ക്കയും രാജേഷിന്റെ വാഹനവും പൊലിസ് ഇന്നലെ കോടതിക്ക് കൈമാറി. കൊലയ്ക്കിടെ പ്രതിയുടെ കൈക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ കൊച്ചിയിലെത്തിച്ച പ്രതിയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇടുക്കി ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തുവരികയാണ്.
ഇന്ന് ഉച്ചയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി വാര്‍ത്താസമ്മേളനം വിളിച്ച് കൊലപാതകം സംബന്ധിച്ച വിശദമായ വിവരം നല്‍കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."