സ്കൂളുകള്‍ക്ക് സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ്; ഉച്ചഭക്ഷണം തയാറാക്കുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്
കൊല്ലം: ജില്ലയിലെ സ്കൂളുകള്‍ക്ക് സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റുകളും സ്കൂളുകളില്‍ ഉച്ചഭക്ഷണം തയാറാക്കുന്നവര്‍ക്കും സഹായികള്‍ക്കും ഹെല്‍ത്ത് കാര്‍ഡുകളും നല്കാന് ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട ജില്ലാതല കമ്മിറ്റി തീരുമാനിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലായിരിക്കും ഇതിന് നടപടി സ്വീകരിക്കുക. ക്ലോറിനേഷന് പ്രവര്‍ത്തനങ്ങളില്‍ സ്കൂള്‍ പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കും. പഞ്ചായത്തുതല മോണിട്ടറിംഗ് കമ്മിറ്റി യോഗം എല്ലാ മാസവും ചേരുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി യോഗത്തില്‍ നിര്‍ദേശിച്ചു.
സ്കൂളുകള്‍ക്ക് നിലവാരമുള്ള അരി ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി എഫ്.സി.ഐ, സപ്ലൈകോ ഉദ്യോഗസ്ഥര്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം എന്നും എം.പി പറഞ്ഞു. സ്കൂളുകളില്‍ വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ശോച്യാവസ്ഥയിലുള്ള സ്കൂള്‍ പാചകപ്പുരകള്‍ നവീകരിക്കുന്നതിന് നടപടി വേണമെന്നും കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ജില്ലാ കലക്ടര്‍ മിത്ര റ്റി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജൂലിയറ്റ് നെല്‍സണ്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ.എസ് രമാദേവി, കെ.സി വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി എന്‍. അജയകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."