ചൈനയില്‍ മരണം 1,100 കടന്നു
ബെയ്ജിങ്: ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1100 കടന്നു. ഹൂബെ പ്രവിശ്യയില്‍ 97 പേര്‍ കൂടി മരിച്ചതായി ചൈനീസ് അധികൃതര്‍ അറിയിച്ചു. ഇതോടെ മരണസംഖ്യ 1113 ആയി.
അതേസമയം ചൈനയില്‍ വ്യാപക മരണം വിതയ്ക്കുന്ന നോവല്‍ കൊറോണ വൈറസിന് ലോകാരോഗ്യസംഘടന പുതിയ പേര് നിര്‍ദേശിച്ചു. വൈറസിന് കൊവിഡ്-19 (സി.ഒ.വി.ഐ.ഡി-19) എന്ന് നാമകരണം ചെയ്തതായി ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അധനോം അറിയിച്ചു. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണ് കൊവിഡ്. പല രാജ്യങ്ങളിലും കൊറോണ വൈറസിനു വിവിധ പേരുകളുള്ളതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണ് പുതിയ പേരെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് ഇപ്പോഴും ഗുരുതരമായി തുടരുന്നതായി ലോകാരോഗ്യസംഘടന വിലയിരുത്തി. ചൈനയിലെ ഹൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനില്‍ നിന്നാണ് ഡിസംബര്‍ അവസാനത്തില്‍ കൊറോണ വൈറസ് ആദ്യം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം നിയന്ത്രണാതീതമായതോടെ ഹൂബെയിലെ എല്ലാ നഗരങ്ങളും ചൈനീസ് സര്‍ക്കാര്‍ അടച്ചിട്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ പൊതു ഗതാതവും നിരോധിച്ചിട്ടുണ്ട്. ചൈനയ്ക്കു പുറത്ത് ഇതു വരെ രണ്ടു കൊറോണ മരണങ്ങള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."