വൈദ്യുതി കുടിശ്ശിക വാട്ടര്‍ അതോറിറ്റി തവണകളായി അടയ്ക്കും
ബാസിത് ഹസന്‍
തൊടുപുഴ: കെ.എസ്.ഇ.ബി യുടെ ഏറ്റവും വലിയ കുടിശ്ശികക്കാരായ വാട്ടര്‍ അതോറിറ്റി നല്‍കാനുള്ള തുക തവണകളായി അടയ്ക്കും. 2018 സെപ്റ്റംബര്‍ 30 വരെയുള്ള കുടിശ്ശിക തുകയായ 1326.69 കോടി രൂപയാണ് നാല് തവണകളായി അടയ്ക്കാന്‍ തീരുമാനമായത്. 331.67 കോടി വീതം നാല് തവണകളായി അടയ്ക്കണമെന്ന് ഊര്‍ജ വകുപ്പ് ജോ. സെക്രട്ടറി ബി. ഗോപകുമാരന്‍ നായര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 1326.69 കോടിയില്‍ 1062.98 കോടി മുതലും 263.71 കോടി പലിശയുമാണ്. വാട്ടര്‍ അതോറിറ്റിയുടെ കുടിശ്ശിക ഭീമമായി ഉയര്‍ന്ന സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.സ്.ഇ.ബി 2018 നവംബര്‍ 24ന് സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഇടപെടലിലാണ് പ്രശ്‌നത്തിനു പരിഹാരമായത്. കടബാധ്യതയില്‍ നട്ടംതിരിയുന്ന കെ.എസ്.ഇ.ബിക്ക് ഇപ്പോഴത്തെ തീരുമാനം ആശ്വാസകരമാണ്. 2015- 16 സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യുതി ബോര്‍ഡിന്റെ കടബാധ്യത 5925.43 കോടി രൂപയായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷമായപ്പോള്‍ 7432.83 കോടിയായി ഉയര്‍ന്നു.
2018 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുപ്രകാരം കെ.എസ്.ഇ.ബി ക്ക് മൊത്തം പിരിഞ്ഞുകിട്ടാനുള്ളത് 2580.33 കോടി രൂപയാണ്. വാട്ടര്‍ അതോറിറ്റിക്കു പുറമെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ 94.83 കോടി, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ 1.53 കോടി, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ 36.41 കോടി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 4.39 കോടി, സ്വകാര്യ സ്ഥാപനങ്ങള്‍ 939.33 കോടി എന്നിങ്ങനെയാണ് പിരിഞ്ഞുകിട്ടാനുള്ളത്. ലഭിക്കാനുള്ളതില്‍ വലിയൊരു സംഖ്യ കോടതിയിലോ മറ്റിതര തര്‍ക്ക പരിഹാര ഫോറങ്ങളിലോ ഉള്‍പ്പെട്ടിട്ടുള്ളവയാണ്. ഇതല്ലാതെ കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കള്‍ വാട്ടര്‍ അതോറിറ്റി പോലെയുള്ള സര്‍ക്കാര്‍ - പൊതുമേഖലാ സ്ഥാപനങ്ങളാണ്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രഖ്യാപിച്ച ഒറ്റത്തവണ കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 225 ഉപഭോക്താക്കളില്‍ നിന്നും 7,06,47,118 രൂപ പിരിച്ചെടുത്തിട്ടുണ്ട്. ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കളില്‍ നിന്നും 1508.25 കോടിയും ലോ ടെന്‍ഷന്‍ ഉപഭോക്താക്കളില്‍ നിന്നും 1072.08 കോടിയുമാണ് കുടിശ്ശികയായി കിട്ടാനുള്ളത്. ഇതില്‍ ഭൂരിഭാഗവും വിവിധ കോടതി വ്യവഹാരങ്ങളില്‍പ്പെട്ടു കിടക്കുന്നതിനാലാണ് പിരിച്ചെടുക്കുവാന്‍ കഴിയാതെ വന്നിട്ടുള്ളത്. സുപ്രിംകോടതിയിലടക്കം 4832 കേസുകളാണ് നിലനില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."