ഗ്രോ വാസുവിന്റെ പേരില്‍ യു.എ.പി.എ ചുമത്താന്‍ പൊലിസ് ആവശ്യപ്പെട്ടിരുന്നു: ചെന്നിത്തല
തിരുവനന്തപുരം: താന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഗ്രോ വാസു ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ യു.എ.പി.എ ചുമത്തണമെന്ന് പൊലിസ് ആവശ്യപ്പെട്ടിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.എ.പി.എ ചുമത്തി ജയിലിലടച്ച അലനെയും താഹയെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സാംസ്‌കാരിക പ്രതിരോധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, പൊലിസിന്റെ ആവശ്യം താന്‍ അനുവദിച്ചില്ല.
ധിക്കാരവും അഹങ്കാരവുമുള്ള മുഖ്യമന്ത്രി അലന്റെയും താഹയുടെയും പേരില്‍ യു.എ.പി.എ ചുമത്തിയതിനാലാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തത്. മാവോയിസ്റ്റ് ലഘുലേഖ കൈവശംവച്ചതിന്റെ പേരില്‍ യു.എ.പി.എ ചുമത്തിയത് അംഗീകരിക്കാന്‍ കഴിയില്ല. ഇതൊരു മനുഷ്യാവകാശ പ്രശ്‌നമാണ്. ഏഴു മാവോയിസ്റ്റുകളെയാണ് ഈ സര്‍ക്കാര്‍ വെടിവച്ചുകൊന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. താന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് കോയമ്പത്തൂരില്‍ വച്ച് രൂപേഷിനെയും ഷൈനയെയും പിടികൂടിയത്. അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
സാഹിത്യകാരന്‍ സക്കറിയ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, പി.ടി തോമസ് എം.എല്‍.എ, ബി. രാജീവന്‍, ഡോ. ജെ. ദേവിക, കെ. അജിത, സി.ആര്‍ നീലകണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."