ബെഹ്റയുടെ അഴിമതിയും ക്രമക്കേടും സി.ബി.ഐ അന്വേഷിക്കണം: ചെന്നിത്തല
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ അഴിമതിയും ക്രമക്കേടുകളും എന്‍.ഐ.എയും സി.ബി.ഐയും അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നിയമസഭയില്‍ പി.ടി.തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ സി.എ.ജി ശരിവച്ചിരിക്കുകയാണ്. എ.ആര് ക്യാംപില്‍ നിന്ന് ഒരു മിനിറ്റിനുള്ളില്‍ 600650 ബുള്ളറ്റുകള്‍ ഫയര്‍ ചെയ്യാന്‍ കഴിയുന്ന റൈഫിളുകള്‍ കാണാതായ സംഭവം അതീവ ഗൗരവമുള്ളതാണ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഈ സംഭവം എന്‍.ഐ.എ തന്നെ അന്വേഷിക്കണം. സി.എ.ജി ചൂണ്ടിക്കാട്ടിയ അഴിമതിയും ക്രമക്കേടുകളും സി.ബി.ഐ അന്വേഷിക്കണം. ബെഹ്റയെ ഡി.ജി.പി സ്ഥാനത്ത് നിന്ന് അടിയന്തരമായി മാറ്റി നിര്‍ത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ അനുമതിയോടെ കരാറുകാരന് അഡ്വാന്‍സ് കൊടുത്തു എന്ന പേരില്‍ ആണ് പാലാരിവട്ടം കേസില്‍ മുന്‍ പി.ഡബ്ല്യു.ഡി സെക്രട്ടറിയേയും മറ്റു ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യുകയും വിജിലന്‍സ് കേസെടുക്കുകയും ചെയ്ത കാര്യം ഓര്‍മിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലിസില്‍ നടക്കുന്ന അഴിമതിയുടെ ചെറിയൊരു അംശം മാത്രമാണ് ഇതെന്ന് പി.ടി.തോമസ് പറഞ്ഞു. സംസ്ഥാന ഡി.ജി.പി ഗുരുതരമായ കുഴപ്പങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ അഴിമതിയെല്ലാം നടന്നതെന്നും മാവോയിസ്റ്റ് ഭീഷണിയുടെ പേരില്‍ കിട്ടിയെന്ന് വിശ്വസിക്കുന്ന പണം എന്തിന് ചിലവഴിച്ചു എന്ന തന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി തന്നില്ലെന്നും പി.ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."