ഗുരുതരമായവ ഉള്‍പ്പെടെ ഫൊറന്‍സിക് ലാബില്‍ കെട്ടിക്കിടക്കുന്നത് 9,265 കേസുകള്‍
തിരുവനന്തപുരം: വിദഗ്ദ്ധ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ഫൊറന്‍സിക് ലാബില്‍ ഗുരുതരമായ കേസുകളടക്കം കെട്ടിക്കിടക്കുകയാണെന്ന് സി.എ.ജിയുടെ റിപ്പോര്‍ട്ട്. പോക്‌സോ, ബലാത്സംഗം, കൊലപാതകം തുടങ്ങിയവ ഉള്‍പ്പെടെ 9,265 കേസുകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. സാങ്കേതിക തസ്തികകളില്‍ നീണ്ട കാലയളവില്‍ ഒഴിവുകള്‍ നിലനിന്നതാണ് കേസുകള്‍ കെട്ടിക്കിടക്കാന്‍ കാരണം.
ഹൗസിങ് ബോര്‍ഡ് എന്ന സ്ഥാപനത്തിന്റെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനമായിരുന്നു 2018 മാര്‍ച്ചുവരെ നടന്നതെന്നും സി.എ.ജി അഭിപ്രായപ്പെടുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ ഒരു വനിതാ ഹോസ്റ്റല്‍ പണിയാനുള്ള അനുമതി നിഷേധിച്ച ജഗതിയിലെ ഒരു പ്ലോട്ടില്‍ വീണ്ടുമൊരു ക്വാര്‍ട്ടേഴ്‌സ് കെട്ടാന്‍ ഹൗസിങ് ബോര്‍ഡ് അനുമതി തേടി. പല വകുപ്പുകളും നിര്‍മിച്ചു നല്‍കിയ വീടുകളുടെ കണക്കിനെക്കാള്‍ എത്രയോ കുറവാണ് ഹൗസിങ് ബോര്‍ഡ് നിര്‍മിച്ചു നല്‍കിയ വീടുകളുടേത്.
ഭൂമിയുടെ ലഭ്യത, പ്രൊജക്ടുകളുടെ സാമ്പത്തികക്ഷമത, ധനസഹായ ലഭ്യത എന്നിവ ഉറപ്പാക്കാതെ സര്‍ക്കാരില്‍നിന്ന് അംഗീകാരം തേടിയത് പദ്ധതികളുടെ നിര്‍വഹണം പരാജയപ്പെടാന്‍ കാരണമായി.
2013-18 കാലയളവില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് 3,16,396 വീടുകള്‍ നിര്‍മിച്ചപ്പോള്‍ ബോര്‍ഡിന് 2,999 വീടുകള്‍ മാത്രമാണ് നിര്‍മിക്കാനായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പരീക്ഷാഭവനില്‍ അധികമായി ഒരു താല്‍കാലിക നില പണിതത് തകര്‍ന്നുവീണതിന്റെ ഫലമായി 2.35 കോടി രൂപയുടെ നഷ്ടവും കൊല്ലം ശുദ്ധജല വിതരണ പദ്ധതിക്കുവേണ്ടി പൈപ്പുകള്‍ സ്ഥാപിച്ചത് പാതിവഴിയില്‍ നിര്‍ത്തിവച്ചതിനാല്‍ 8.50 കോടിയുടെ നഷ്ടവും ഉണ്ടായെന്ന് സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."