തിരുവമ്പാടി വിദേശ മദ്യഷാപ്പിന് ലൈസന്‍സ്: ഭരണസമിതി തീരുമാനത്തിനെതിരേ ജനരോഷം പുകയുന്നു
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ ചേപ്പിലംകോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മദ്യഷാപ്പിന് ലൈസന്‍സ് നല്‍കാനുള്ള ഭരണസമിതി തീരുമാനം വിവാദത്തിലേക്ക്.
തിരുവമ്പാടി ടൗണിലെ ക്രൈസ്തവ കപ്പേള, ടൗണ്‍ ജുമാ മസ്ജിദ്, മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ, മസ്ജിദ് റഹ്മാന്‍ തുടങ്ങിയ ആരാധനാലയങ്ങള്‍ക്കും മതപാഠശാലകള്‍ക്കും സമീപം ദൂരപരിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്ന മദ്യഷാപ്പിനാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതി ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചത്.വിദേശ മദ്യഷാപ്പിലേക്കുള്ള പ്രവേശന കവാടം മാറ്റി സ്ഥാപിച്ച് സാങ്കേതികമായി ജനകീയ പരാതിയെ മറിക്കടന്നാണ് ലൈസന്‍സിനായി ശ്രമം തുടങ്ങിയത്.ഭരണസമിതിയിലെ കോണ്‍ഗ്രസ്സ് അംഗങ്ങളായ ടി.ജെ കുര്യാച്ചന്‍, ടോമി കൊന്നക്കല്‍, റോബര്‍ട്ട് നെല്ലിക്കാതെരുവില്‍, ബോസ് ജേക്കബ്, പൗളിന്‍ മാത്യു എന്നീ അഞ്ച് അംഗങ്ങളും കേരളാ കോണ്‍ഗ്രസിലെ വില്‍സന്‍ താഴത്തുപറമ്പിലും ലൈസന്‍സ് നല്‍കുന്നതില്‍ വിയോജനക്കുറിപ്പ് നല്‍കിയിരുന്നു. യോഗത്തില്‍ പങ്കെടുത്ത 16 അംഗങ്ങളില്‍ ആറ് പേരുടെ എതിര്‍പ്പിനെ അവഗണിച്ച് മദ്യഷാപ്പിന് ലൈസന്‍സ് നല്‍കാന്‍ ഭരണസമിതി തീരുമാനികയായിരുന്നു.
ഷാപ്പിന് ലൈസന്‍സ് നല്‍കിയ പഞ്ചായത്തിന്റെ നടപടിക്കെതിരേ വിവിധ തലങ്ങളില്‍ നിന്നു പ്രതിഷേധം ഉയരാന്‍ തുടങ്ങിയതോടെ ഭരണപക്ഷ അംഗവും വിദേശ മദ്യഷാപ്പ് പ്രവര്‍ത്തിക്കുന്ന വാര്‍ഡിലെ അംഗവുമായ ഹാജറ കമ്മിയിലും ജനദാദള്‍ (എസ്) പഞ്ചായത്ത് കമ്മിറ്റിയും തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യവുമായി രംഗത്തുവന്നിരിക്കുകയാണ്.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് വിദേശ മദ്യഷാപ്പ് ഇവിടെ നിന്നു മാറ്റുന്നതിനും ഷാപ്പിനു സമീപത്തെ അനധികൃത കച്ചവടക്കാരെ പൂട്ടിക്കുന്നതിനും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാനും, ലീഗ് അംഗങ്ങളായ കെ.എന്‍.എസ് മൗലവി, സല്‍മ അസൈന്‍ എന്നിവരും ഭരണ സമിതി യോഗത്തില്‍ പ്രമേയം കൊണ്ടുവരികയും പാസാക്കുകയും ചെയ്തിരുന്നു.
മുന്‍ ഭരണസമിതി കൈക്കൊണ്ട നടപടികള്‍ കാറ്റില്‍പറത്തിയാണ് ഇപ്പോള്‍ ഷാപ്പിന് ലൈസന്‍സ് നല്‍കാന്‍ ഭരണസമിതി തീരുമാനിച്ചത്. മദ്യഷാപ്പ് പ്രവര്‍ത്തിക്കുന്ന ചേപ്പിലംകോട് റോഡില്‍ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം അനുദിനം വര്‍ധിച്ചിരിക്കയാണ്. ഇതുമൂലം ജനങ്ങളുടെ ഇതുവഴിയുള്ള യാത്ര പ്രയാസത്തിലായിരിക്കുകയാണ്.
മദ്യപാനികളുടെ ഏറ്റുമുട്ടലില്‍ ഇതിനോടകം അഞ്ച് ജീവനകള്‍ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. നാട്ടുകാര്‍ നിരന്തരമായി പ്രതിഷേധത്തിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോഴും കണ്ടില്ലെന്ന് നടിക്കുന്ന ഭരണക്കാരുടെ സമീപനം വഞ്ചനാപരമാണെന്ന് നാട്ടുകാരും മദ്യനിരോധന സമിതിയും കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."