പൊലിസിനെതിരേ സി.എ.ജി, പ്രതികരിക്കാതെ ഡി.ജി.പി
തിരുവനന്തപുരം:സി.എ.ജി റിപ്പോര്‍ട്ടില്‍ പൊലിസ് സേനയ്ക്കും ഡി.ജി.പിക്കും നേരെ ഉണ്ടായ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാതെ ഡി.ജി.പി. ഗുരുതരമായ ആരോപണങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നത് ഉചിതമാവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മറുപടി നല്‍കി.
'ഇക്കാര്യങ്ങളില്‍ ഞാന്‍ ഒന്നും പറയാന്‍ പോവുന്നില്ല. അത് ഉചിതമല്ല' പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ബെഹ്‌റ പറഞ്ഞു.
പൊലിസിന്റെ പ്രവര്‍ത്തനത്തിലേയും ഫണ്ട് വിനിയോഗത്തിലേയും വീഴ്ച്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി സി.എ.ജി റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവന്നത്. പൊലിസ് ക്വാര്‍ട്ടേഴ്സ് നിര്‍മാണത്തിനുള്ള തുക വക മാറ്റിയെന്നും പൊലിസില്‍ കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മിക്കാന്‍ ക്വാര്‍ട്ടേഴ്സ് നിര്‍മിക്കുന്നതിനുള്ള തുകയില്‍ 2.81 കോടി രൂപയാണ് വകമാറ്റിയത്.
പൊലീസ് സ്റ്റേഷനുകളിലേക്ക് കാറുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തെ തന്നെ കണ്ടെത്തി. മിത്ഷുബിഷി പജേറോ സ്പോര്‍ട് വാഹനത്തിന്റെ വിതരണക്കാരില്‍ നിന്ന് വസ്തുതാ വിവരങ്ങളും പ്രൊഫോര്‍മ ഇന്‍വോയിസും ശേഖരിച്ചു. ഇതിന് ഡിജിപി മുന്‍കൂര്‍ അനുമതി വാങ്ങിയില്ല. തുറന്ന ദര്‍ഘാസ് വഴി പോലും കാര്‍ വാങ്ങാന്‍ ഉദ്ദേശിച്ചില്ലെന്ന് വ്യക്തമായി. തുറന്ന ദര്‍ഘാസ് നടത്താതിരിക്കാന്‍ കാരണമായി പറയുന്ന സുരക്ഷാ പരിഗണനകള്‍ സ്വീകാര്യമല്ലെന്ന് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനെക്കുറിച്ചാണ് ഡി.ജി.പി പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞൊഴിഞ്ഞുമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."