മലയാളസര്‍വകലാശാലാ കാംപസില്‍ ഭാഷാ മികവുകേന്ദ്രം വരുന്നു
തിരൂര്‍: മലയാള സര്‍വകലാശാല കാംപസില്‍ മലയാളഭാഷാമികവ് കേന്ദ്രം സ്ഥാപിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. വിവര്‍ത്തനപദ്ധതി കേന്ദ്രം തുടങ്ങാനും തീരുമാനമായി. കേന്ദ്രമാനവവിഭവശേഷി വികസനമന്ത്രാലയം സംസ്ഥാനത്തിന് അനുവദിച്ച മലയാളഭാഷാ മികവ് കേന്ദ്രം മലയാളസര്‍വകലാശാലയില്‍ സ്ഥാപിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. സര്‍വകലാശാല സന്ദര്‍ശിച്ച സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജ് സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടും അനുകൂലമായി.
സര്‍ക്കാര്‍ അനുമതിയോടെ എം.എച്ച്.ആര്‍.ഡി മലയാളസര്‍വകലാശാലയുമായി ഇനി ധാരണാപത്രം ഒപ്പുവയ്ക്കും. ഇതരഭാഷകളിലെ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കാനാണ് പുതിയ പദ്ധതി. സര്‍വകലാശാല കാംപസില്‍ 2.30 കോടി രൂപ ചെലവഴിച്ച് മലയാളഭാഷാമികവ് കേന്ദ്രം സ്ഥാപിക്കും. നിര്‍മാണ ചുമതല കോസ്റ്റ് ഫോര്‍ഡിനെ ഏല്‍പ്പിക്കും.
അക്കാദമിക് സമിതിയും ഗവേഷണ കൗണ്‍സിലും പൊതുസഭയും പുനഃസംഘടിപ്പിച്ചു. സര്‍വകലാശാലയിലെ സ്ഥിരം സീനിയര്‍ അധ്യാപകരെ അതാത് വിഭാഗത്തിന്റെ വകുപ്പ് തലവന്‍മാരാക്കും. പാഠ്യപദ്ധതി പരിഷ്‌കരിച്ചും കോഴ്‌സുകള്‍ പുനഃസംഘടിപ്പിച്ചും എല്ലാ കോഴ്‌സുകള്‍ക്കും വൈജ്ഞാനിക മലയാളം പാഠ്യപദ്ധതിയായി ഉള്‍പ്പെടുത്തി. സാഹിത്യവിഭാഗം നടത്തുന്ന രണ്ട് കോഴ്‌സുകള്‍ക്ക് സംസ്‌കൃതഭാഷ കൂടി ഉള്‍പ്പെടുത്തി.
അക്കാദമിക് താല്‍പര്യം മുന്‍നിര്‍ത്തി കഴിഞ്ഞ മാര്‍ച്ച് മുതല്‍ വൈസ് ചാന്‍സലര്‍ എടുത്ത തീരുമാനങ്ങള്‍ നിര്‍വാഹകസമിതിയോഗം അംഗീകരിച്ചു. കംപ്യൂട്ടര്‍ സയന്‍സ്, ഗണിതം, എല്‍.എല്‍.ബി തുടങ്ങിയ പുതിയ കോഴ്‌സുകളും ലിപി വിജ്ഞാനീയം, വാദ്യം എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ആരംഭിക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപസമിതി രൂപീകരിക്കും.
എഴുത്തച്ഛന്‍ പഠനകേന്ദ്രം ഭാഷാശാസ്ത്രഫാക്കല്‍റ്റിയില്‍നിന്ന് മാറ്റി സാഹിത്യ ഫാക്കല്‍റ്റിയുടെ കീഴില്‍ കൊണ്ടുവരാനും അതിനെ ഗവേഷണകേന്ദ്രമാക്കാനും ഡോ. കെ.എം അനിലിന് പഠനകേന്ദ്ര ത്തിന്റെ ചുമതല നല്‍കുവാനും നിര്‍വാഹകസമിതിയോഗം തീരുമാനിച്ചു.
അഞ്ച് ഉപസമിതികളും രൂപീകരിച്ചു. കമ്മിറ്റിയും കണ്‍വീനര്‍മാരും: സി.പി ചിത്രഭാനു (സ്റ്റാഫ് ആന്‍ഡ് ഫിനാന്‍സ്), ഡോ. ചാത്തനാത്ത് അച്യുതനുണ്ണി (കോഴ്‌സുകളും ഗവേഷണവും), ഡോ. എ.കെ നമ്പ്യാര്‍ (പരീക്ഷാകാര്യം), മട്ടന്നൂര്‍ ശങ്കരന്‍കുട്ടി (ആസൂത്രണവും വികസനവും), ഹരികൃഷ്ണപാല്‍ (വിദ്യാര്‍ഥി ക്ഷേമം). ഡോ. അനില്‍ വള്ളത്തോള്‍ വൈസ് ചാന്‍സലറായി ചുമതല ഏറ്റെടുത്തതിന് ശേഷം കാലാവധി അവസാനിച്ച എട്ട് പഠനബോര്‍ഡുകളാണ് പുനഃസംഘടിപ്പിച്ചത്.
യോഗത്തില്‍ വൈസ് ചാന്‍സലര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."