ഗാര്‍ഹിക ആവശ്യത്തിനല്ലാതെ കുഴല്‍കിണര്‍ നിര്‍മിച്ചാല്‍ പിടിവീഴും
കോഴിക്കോട്: രൂക്ഷമായ വരള്‍ച്ചമൂലം കുടിവെള്ള ക്ഷാമം വരാനിടയുള്ള സാഹചര്യത്തില്‍ കുഴല്‍കിണര്‍ നിര്‍മാണം ഗാര്‍ഹികാവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സ്വകാര്യ കുഴല്‍കിണര്‍ നിര്‍മാണം നിയന്ത്രിക്കേണ്ടതാണെന്നും ഭൂഗര്‍ഭ ജല വകുപ്പിലെ ജില്ലാ ഉദ്യോഗസ്ഥന്റെ ശുപാര്‍ശ അനുസരിച്ച് ആവശ്യമായ പ്രദേശങ്ങളില്‍ ജില്ലാകലക്ടര്‍ക്ക് ഡിസാസ്റ്റര്‍ മാനേജ്്മെന്റ് ആക്ടിന്റെ വ്യവസ്ഥയ്ക്ക് വിധേയമായി നിര്‍മാണം നിര്ത്തിവയ്ക്കാവുന്നതാണെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരമാണ് ഉത്തരവ്.
ഗാര്‍ഹികാവശ്യത്തിനായി കുഴിക്കുന്ന കുഴല്‍ക്കിണറുകളുടെ വ്യാസം നാലര ഇഞ്ചും ആഴം പരമാവധി 80 മീറ്ററിലും കൂടുതലാകാന്‍ പാടില്ല. ഗാര്‍ഹിക ആവശ്യത്തിന് കുഴല്‍കിണര്‍ കുഴിക്കുന്നതിന് ആവശ്യമായ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിച്ചുള്ള അനുമതി ബന്ധപ്പെട്ടവര്‍ മുന്‍കൂര്‍ വാങ്ങിച്ചിരിക്കേണ്ടതാണ്.
ഭൂഗര്‍ഭ ജലവകുപ്പിലെ ജില്ലാ ഉദ്യോഗസ്ഥന് ശുപാര്‍ശ ചെയ്യുന്ന പക്ഷം വരള്‍ച്ച രൂക്ഷമായി ബാധിച്ചിട്ടുള്ള പ്രദേശങ്ങളില്‍ ദുരന്തനിവാരണ നിയമപ്രകാരം സ്വകാര്യ കുഴല്‍കിണര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കേണ്ടതാണ്.
ഈ വ്യവസ്ഥ ലംഘിക്കുന്ന പക്ഷം കുഴല്‍കിണര്‍ നിര്‍മാതാവ്, ഉപഭോക്താവ് എന്നിവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം പ്രകാരം കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.നിലവില്‍ വ്യാവസായിക വാണിജ്യ ആവശ്യങ്ങള്‍ക്കായി കുഴല്‍കിണറുകള്‍ കുഴിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്ന പക്ഷം തടയേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."