പൊന്നാകാതെ പൊന്നാനി: 120 വീടുകളടങ്ങിയ ഫിഷര്‍മെന്‍ കോളനി തകര്‍ച്ചയിലേക്ക്
ഫഖ്‌റുദ്ദീന്‍ പന്താവൂര്‍
പൊന്നാനി: കോടികള്‍ പാഴായ വികസനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് 120 വീടുകള്‍ അടങ്ങിയ പൊന്നാനിയിലെ ഫിഷര്‍മെന്‍ കോളനി. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ഇടതുപക്ഷം നഗരസഭ ഭരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ടും നഗരസഭയുടെ വിഹിതവും ഉപയോഗിച്ച് അഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ വീടുകള്‍ ഗുണഭോക്താക്കള്‍ പോലും സ്വീകരിച്ചില്ല. നിര്‍മാണം പൂര്‍ത്തിയാകും മുന്‍പ് മന്ത്രിയെക്കൊണ്ട് താക്കോല്‍ദാന ചടങ്ങ് നടത്തി ഉദ്ഘാടനം കഴിച്ചുവെങ്കിലും ഇപ്പോള്‍ വീടുകള്‍ തകര്‍ന്ന് നാശമായിക്കൊണ്ടിരിക്കുകയാണ്. ഒന്‍പത് വര്‍ഷം മുന്‍പ് ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഫിഷര്‍മെന്‍ കോളനിയാണ് ആള്‍പാര്‍പ്പില്ലാതെ മഴയും വെയിലുമേറ്റ് തകര്‍ന്നടിയുന്നത്. ആട്ടിന്‍ക്കൂടിന് സമാനമെന്ന് പറയാവുന്ന 120 വീടുകളില്‍ ഇന്ന് സ്ഥിരതാമസക്കാര്‍ തെരുവ് നായ്ക്കളും ആട്ടിന്‍ കൂട്ടങ്ങളുമാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഐ.എസ്.ഡി.പി പദ്ധതിയില്‍ കോടികള്‍ ചെലവിട്ട് നിര്‍മിച്ച കോളനി ആസൂത്രണമില്ലായ്മയുടെ മികച്ച ഉദാഹരണമാണ്. അസൗകര്യങ്ങള്‍ മാത്രമുള്ള വീടുകളില്‍ താമസിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ വിസമ്മതിച്ചതോടെ ഫിഷര്‍മെന്‍ കോളനിയുടെ പതനവും ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഫിഷറീസ് വകുപ്പു മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ കോളനി സന്ദര്‍ശിച്ച് പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതും യാഥാര്‍ഥ്യമായില്ല. ഇക്കഴിഞ്ഞ ഓഖി ദുരന്ത സമയത്ത് കടലാക്രമണ ബാധിതര്‍ ചില വീടുകളില്‍ താമസമാരംഭിച്ചെങ്കിലും കടല്‍ ശാന്തമായതോടെ ഇവരും വീടുകളിലേക്ക് മടങ്ങി. തുടര്‍ന്ന് ഡി.എം.ആര്‍.സി സംഘം സ്ഥലത്തെത്തി പ്രൊജക്ട് റിപ്പോര്‍ട് തയാറായക്കിയെങ്കിലും തുടര്‍ നടപടികളൊന്നുമായില്ല. ഫിഷര്‍മെന്‍ കോളനിയിലെ വീടുകള്‍ വാസയോഗ്യമാക്കുന്നതിന് മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ തയാറാക്കിയ സമഗ്ര പദ്ധതി നടപ്പാക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പ് സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിനാവശ്യമായ 6.25 കോടി രൂപ അനുവദിക്കുന്നതിനും തീരുമാനിച്ചിരുന്നു. ഫിഷറീസ് വകുപ്പ്, സ്പീക്കറുടെ ആസ്തി വികസന ഫണ്ട്, പൊന്നാനി നഗരസഭാ ഫണ്ട് എന്നിവ ചേര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടെ 120 വീടുകള്‍ ആധുനിക രീതിയില്‍ കൂടുതല്‍ സൗകര്യത്തോടെ നവീകരിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറാന്‍ കഴിയുമെന്നാണ് പറഞ്ഞിരുന്നത്.എന്നാല്‍ അതും പ്രഖ്യാപനത്തിലൊതുങ്ങി. (തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."