പൗരത്വനിയമ ഭേദഗതിക്കെതിരേ അമേരിക്കയില്‍ വീണ്ടും പ്രമേയം പാസാക്കി;മോദിക്കെതിരേ രൂക്ഷ വിമര്‍ശനം
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിക്കെതിരേ അമേരിക്കയില്‍ ദിവസങ്ങള്‍ക്കിടെ വീണ്ടും പ്രമേയാവതരണം. മസാച്ചുസാറ്റ് സംസ്ഥാനത്തെ കാംബ്രിഡ്ജ് നഗരത്തിലാണ് നിയമത്തിനെതിരായുള്ള പ്രമേയം അവതരിപ്പിച്ചത്. ഡൊണാള്‍ഡ് ട്രംപ് ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നതിന് തൊട്ടുമുന്‍പാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്.
കാംബ്രിഡ്ജ് സിറ്റി കൗണ്‍സില്‍ ഏകകണ്‌ഠേനയാണ് സി.എ.എക്കെതിരായ പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയുടെ മതേതരത്വും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും ഇതിനായി സി.എ.എ, എന്‍.ആര്‍.സി തുടങ്ങിയ നടപടികള്‍ നിര്‍ത്തിവെക്കാനും ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. ലോക പ്രശസ്തമായ ഹാര്‍വാര്‍ഡ് സര്‍വകലാശാല, മസാച്ചുസാറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന നഗര കൗണ്‍സിലാണ് പ്രമേയം അവതരിപ്പിച്ചത്.
2019 ഡിസംബര്‍ 11ന് ഇന്ത്യന്‍ പാര്‍ലമെന്റ് ഒരു ബില്‍ അവതരിപ്പിച്ചത് കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെട്ടുവെന്നും പിന്നീട് നിയമമായി മാറിയ ഈ ബില്ലുമൂലം രാജ്യത്താദ്യമായി ഒരാള്‍ക്ക് പൗരത്വം തെളിയിക്കുന്നതിന് മതം നിര്‍ണായകമായി വന്നിരിക്കുകയാണെന്നും പ്രമേയത്തില്‍ പറയുന്നു. മോദി സര്‍ക്കാരിന്റെ വര്‍ഗ്ഗീയ സ്വഭാവത്തിലുള്ള നയങ്ങള്‍ രാജ്യത്തിന്റെ മാന്യതയും ആഥിതേയ മനോഭാവവുമുള്‍പ്പെടെയുള്ള ചരിത്ര ഗുണവിശേഷങ്ങളെ തകര്‍ക്കുന്നതാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.
നേരത്തേ അമേരിക്കയിലെ ഏറ്റവും ശക്തമായതെന്നു തന്നെ അറിയപ്പെടുന്ന കൗണ്‍സിലായ സീറ്റില്‍ നഗര കൗണ്‍സിലും സമാനമായ പ്രമേയം പാസാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."