ലാമിന്റെ ദുരൂഹമരണം അന്വേഷിക്കണമെന്ന് എം.എല്‍.എ
ആറ്റിങ്ങല്‍: ആലംകോട് സ്വദേശി ലാമിന്റെ മലേഷ്യയില്‍ വച്ചുള്ള ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ബി. സത്യന്‍ എം.എല്‍.എ മുഖ്യ മന്ത്രിക്ക് നിവേദനം നല്‍കി. ആലംകോട് കാട്ടുവിള വീട്ടില്‍ ലാം അബ്ദുള്‍ വഹീദ് മലേഷ്യയില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. 2018 നവംബര്‍ 19നാണ് ലാം മലേഷ്യയിലേക്ക് പോയത്. ഡിസംബര്‍ 18ന് ശമ്പളം ലാമിന്റെ പിതാവിന്റെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുകയും ചെയ്തിരുന്നു.
നവംബര്‍ 25ന് രാവിലെ 9.48ന് ഷമീര്‍ എന്ന പരിചയപ്പെടുത്തിയയാള്‍ ലാമിന്റെ ഭാര്യയുടെ ഫോണില്‍ വിളിക്കുകയും ലാം മലേഷ്യയില്‍ സുല്‍ത്താന്‍ ആമിനാ ഹോസ്പിറ്റലിലാണെന്ന് വിളിച്ചറിയിച്ചിരുന്നു. ലാമിന്റെ സഹോദരന്‍ ഇതേ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ ലാമിക് കമ്പനിയില്‍ വച്ച് നെഞ്ച് വേദന ഉണ്ടായതായും കമ്പനി അധികൃതര്‍ ഉടന്‍ ആമിനാ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തതായി ഷമീര്‍ പറഞ്ഞു.
ആമിനാ ഹോസ്പിറ്റലില്‍ ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെയൊരു രോഗിയെ ഇവിടെ അഡ്മിറ്റ് ചെയ്തിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുല്‍ത്താന്‍ ഇസ്മായീല്‍ ജനറല്‍ ഹോസ്പിറ്റലില്‍ ലാമിന്റെ മൃതദേഹം പൊലിസ് എത്തിച്ചതായി വിവരം ലഭിച്ചു. അതിന് ശേഷം ഷെമീറിന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ആണ്. തുടര്‍ന്ന് മുഖ്യമന്ത്രിക്കും നോര്‍ക്കക്കും ഉള്‍പ്പെടെ നല്‍കിയ പരാതികളെ തുടര്‍ന്ന് ജനുവരി 6ന് മൃതദേഹം നാട്ടിലെത്തിക്കുകയും സംസ്‌ക്കരിക്കുകയും ചെയ്തു. മൃതദേഹത്തിനൊപ്പം ലഭിച്ച പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ദുരൂഹതകള്‍ക്കിടം നല്‍കുന്നതാണ്. ഇതിലെ ദുരൂഹത പുറത്ത് കൊണ്ട് വരണമെന്നും കാണിച്ച് ലാമിന്റെ ഭാര്യ ദീന ഷാഹുല്‍ എം.എല്‍.എക്ക് നിവേദനം നല്‍കിയിരുന്നു. നിവേദനത്തില്‍ മേല്‍ എല്ലാ നിയമപരമായ നടപടി ക്രമങ്ങളും ഉറപ്പാക്കി കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് അഡ്വ. ബി. സത്യന്‍ എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."