കല്ല് - മണല്‍ക്ഷാമം: നിര്‍മാണ മേഖല പ്രതിസന്ധിയില്‍
കല്‍പ്പറ്റ: ഖനനം പൂര്‍ണമായി നിലച്ചതിനാലുണ്ടായ കല്ല്, മണല്‍ ക്ഷാമം വയനാട്ടില്‍ നിര്‍മാണ മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കി. സാമ്പത്തികവര്‍ഷം പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പദ്ധതി തുകയുടെ 25 ശതമാനം പോലും വിനിയോഗിക്കാനായിട്ടില്ല. ചില തദ്ദേശസ്ഥാപനങ്ങളില്‍ അഞ്ചുശതമാനത്തില്‍ താഴെയാണ് തുക വിനിയോഗം.
മുഴുവന്‍ ക്വാറികളും ക്രഷറുകളും അടഞ്ഞുകിടക്കുന്നതും നിര്‍മാണ മേഖലയിലെ മരവിപ്പും ജില്ലയില്‍ ആയിരക്കണക്കിനു തൊഴിലാളികളെയും ഗതികേടിലാക്കിയിട്ടുണ്ട്.
ഈ വിഷയം കഴിഞ്ഞ ജില്ലാ വികസനസമിതി യോഗത്തിലും ചര്‍ച്ചചെയ്തിരുന്നു. ക്വാറികള്‍ക്കും മണലൂറ്റിനും നിയന്ത്രണമുള്ള സാഹചര്യത്തില്‍ നിര്‍മാണരംഗത്തും തൊഴില്‍മേഖലയിലുമുണ്ടായ സ്തംഭനാവസ്ഥ ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് വികസന സമിതി യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. അഞ്ച് ഹെക്ടറില്‍ താഴെ വിസ്തൃതിലുള്ള യൂനിറ്റുകളുടെ പ്രവര്‍ത്തനത്തിനും കേന്ദ്രമന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ബാധകമാക്കിയതാണ് ജില്ലയില്‍ ക്വാറി-ക്രഷര്‍ പ്രവര്‍ത്തനം നിലച്ചതിനു മുഖ്യകാരണം.
പാരിസ്ഥിതികാനുമതി വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി ശരിവയ്ക്കുകയായിരുന്നു. ബത്തേരി താലൂക്കിലെ അമ്പലവയല്‍ വില്ലേജില്‍പ്പെട്ട ആറാട്ടുപാറ, കൃഷ്ണഗിരി വില്ലേജിലെ കൊളഗപ്പാറ, ഫാന്റം റോക്ക് എന്നിവയുടെ നിശ്ചിത ദൂരപരിധിയില്‍ ഖനനം വിലക്കി 2016 ഓഗസ്റ്റ് രണ്ടിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവുകളും ജില്ലയില്‍ ക്വാറി-ക്രഷര്‍ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.
40 ഓളം ക്വാറികളുടെ പ്രവര്‍ത്തനമാണ് ഈ ഉത്തരവുകളെത്തുടര്‍ന്ന് നിലച്ചത്. അതോറിറ്റി ചെയര്‍മാന്റെ ഉത്തരവുകള്‍ ഫെബ്രുവരി ഒന്നിനു ഹൈക്കോടതി റദ്ദാക്കിയെങ്കിലും പരിസ്ഥിതി അനുമതിയുടെ അഭാവത്തില്‍ ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചെറുകിടക്കാരെ സംബന്ധിച്ചിടത്തോളം പരിസ്ഥിതി ആഘാത പഠനം നടത്തിച്ച് അനുകൂല റിപ്പോര്‍ട്ട് സമ്പാദിക്കുന്നത് ദുഷ്‌കരമാണെന്ന നിലപാടിലാണ് ജില്ലയിലെ ക്വാറി-ക്രഷര്‍ ഉടമകളും നടത്തിപ്പുകാരും.
ജില്ലയിലെ കല്ല്, മണല്‍ ക്ഷാമം മുതലെടുക്കാന്‍ ഇതര സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും വന്‍ കിട ക്വാറി-ക്രഷര്‍ ഉടമകള്‍ രംഗത്തുണ്ട്. ജില്ലയിലെ ക്വാറികളില്‍നിന്നു 10 കിലോമീറ്റര്‍ ചുറ്റളവില്‍ 150 ചതുരശ്ര അടി കല്ല് 3000 രൂപ നിരക്കിലാണ് ലഭ്യമാക്കിയിരുന്നത്. 7000-8000 രൂപയാണ് നിലവില്‍ കല്ലിന് വിലയീടാക്കുന്നത്. തീവില നല്‍കാമെന്നുവച്ചാല്‍ത്തന്നെ കല്ല് കിട്ടാത്ത സാഹചര്യവുമാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്നും ജില്ലകളില്‍നിന്നും കല്ലു കൊണ്ടുവരുന്നത് ക്വാറി നടത്തിപ്പുകാരും മറ്റും തടയുന്ന സാഹചര്യവുമുണ്ട്.
ജില്ലയില്‍ നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് വി.വി ബേബി, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി എന്നിവര്‍ പറഞ്ഞു. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് കക്കൂസ് നിര്‍മാണത്തിന് 13,500 രൂപയാണ് സര്‍ക്കാര്‍ സഹായം. ഇത് ഒരു ലോഡ് കല്ലിനുപോലും തികയില്ല. ജില്ലയില്‍ ഗ്രാമീണമേഖലയിലടക്കം റോഡുകളുടെ അറ്റകുറ്റപ്പണി നടക്കുന്നില്ല. പാതകളുടെ നവീകരണവും പുതിയവയുടെ നിര്‍മാണവും തുടങ്ങാന്‍ കഴിയുന്നില്ല. ആദിവാസികള്‍ക്കും ഇതര ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുമായുള്ള ഭവന പദ്ധതികളുടെ നിര്‍വഹണം അവതാളത്തിലാണെന്നും ട്രേഡ് യൂനിയന്‍ നേതാക്കള്‍ പറയുന്നു.
4000 ഓളം ആദിവാസി വീടുകളുടെ പ്രവൃത്തി പാതിവഴിയിലാണ്. അരലക്ഷത്തോളം പേര്‍ക്കാണ് തൊഴില്‍നഷ്ടപ്പെടുന്നത്. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പദ്ധതിത്തുകയുടെ 22 ശതമാനമാണ് ഇതിനകം വിനിയോഗിക്കാനായത്. ജില്ലയിലെ 23 പഞ്ചായത്തുകള്‍ക്ക് അനുവദിച്ച 13,925 ലക്ഷം രൂപയില്‍ 3989 ലക്ഷം രൂപയാണ് ചെലവഴിച്ചത്. നാലു ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് അനുവദിച്ച 3613 ലക്ഷം രൂപയില്‍ 543 ലക്ഷവും മൂന്ന് മുന്‍സിപ്പാലിറ്റികള്‍ക്ക് അനുവദിച്ച 2711 ലക്ഷം രൂപയില്‍ 587 ലക്ഷവും ജില്ലാ പഞ്ചായത്തിന് ലഭിച്ച 5016 ലക്ഷം രൂപയില്‍ 1099 ലക്ഷവുമാണ് വിനിയോഗിക്കാനായത്-ട്രേഡ് യൂനിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."