മറികടക്കാം കൊടുംവരള്‍ച്ചയെ ജലസാക്ഷരതയിലൂടെ
ഓരോ തുള്ളിവെള്ളവും ഇനി കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ തൊണ്ടനനയ്ക്കാന്‍പോലും ഒരു തുള്ളി ബാക്കിയുണ്ടാകില്ല. പ്രകൃതിയെ തണുപ്പിക്കാന്‍ ഒരു മഴ എപ്പോള്‍ പെയ്യുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഈ മാസം അവസാനത്തോടെ കൊടുംവരള്‍ച്ചയിലേക്കും കടുത്ത ജലക്ഷാമത്തിലേക്കും കേരളം നീങ്ങുമെന്നാണു കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഇനി ഓരോ പൗരനും വേണ്ടത് ജലസാക്ഷരതയാണ്. ഇനിയും അവശേഷിക്കുന്ന വെള്ളം അടുത്ത മഴവരെ എങ്ങനെ സൂക്ഷിച്ചുവച്ചു കരുതലോടെ ഉപയോഗിക്കാമെന്ന തിരിച്ചറിവുണ്ടാകണമെങ്കില്‍ എല്ലാവര്‍ക്കും ജലസാക്ഷരത കൂടിയേ തീരൂ.
വെള്ളമില്ലെന്ന് അലമുറയിടുമ്പോഴും വെള്ളം പാഴാക്കുന്നതില്‍ മലയാളി ഒട്ടും പിന്നിലല്ല. ഓരോ വീട്ടിലും ദിവസവും പാഴാക്കികളയുന്നതു ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളമാണ്. ടാപ്പില്‍നിന്ന് ഓരോ തുള്ളി വെള്ളം ഇറ്റുവീഴുന്നതു കണ്ടാല്‍ മുഖംതിരിച്ചു പോകുകയാണ് നമ്മുടെ പതിവ്. ഇറ്റിറ്റുവീഴുന്ന വെള്ളം ഒരു ദിവസം ഏതാണ്ട് 75 ലിറ്റര്‍ വരുമെന്നു നാം മനസ്സിലാക്കുന്നില്ല. വീടുകളിലുള്ള നാലു ടാപ്പു വഴി ഓരോതുള്ളി വെള്ളം പാഴായാല്‍ ഒരു ദിവസം പാഴായിപ്പോകുന്നത് 300 ലിറ്റര്‍ വെള്ളമാണ്.
ഷവര്‍ ഉപയോഗിക്കുന്നതില്‍ അശ്രദ്ധനാണു മലയാളി. കുളിക്കുന്നതിനിടെ ശരീരത്തില്‍ സോപ്പ് തേക്കുമ്പോള്‍ ആരും ഷവര്‍ ഓഫാക്കില്ല. ഒരു മിനിറ്റിനുള്ളില്‍ 30 ലിറ്റര്‍ വെള്ളം ഷവര്‍ വഴി പുറത്തേക്കു വരും. ടോയ്‌ലറ്റിനുള്ളില്‍ സിഗരറ്റ് കുറ്റിയും സാനിറ്ററി നാപ്കിനും ഇടുന്നതും പതിവാണ്. ഇവ ഇട്ടതിനുശേഷം വെള്ളം ഫ്‌ളഷ് ചെയ്യും. ഓരോ തവണ ഫ്‌ളഷ് ചെയ്യുമ്പോള്‍ 20 ലിറ്റര്‍ വെള്ളമാണു നഷ്ടപ്പെടുന്നത്. ചുരുക്കത്തില്‍ വെള്ളം പാഴാക്കുന്നതിലേറെയും വീടുകള്‍ക്കുള്ളില്‍ തന്നെയാണ്.
ഒത്തുചേരാം
ജലസംരക്ഷണത്തിനായി
കാലാവസ്ഥാ വ്യതിയാനം നമുക്കു ലഭിക്കേണ്ട മഴയുടെ തോതില്‍ ഗണ്യമായ വ്യതിയാനം ഉണ്ടാക്കിയിരിക്കുകയാണ്. ഓരോ വര്‍ഷവും ശരാശരി 3000 മില്ലി ലിറ്റര്‍ മഴ ലഭിച്ചിരുന്ന കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിക്കുകയെന്നത് ആലോചിക്കാനേ വയ്യ. ഇതിനെല്ലാം കാരണക്കാരന്‍ നമ്മള്‍തന്നെ. കാടായകാടെല്ലാം വെളുപ്പിച്ചു മൊട്ടക്കുന്നുകളാക്കി. കുന്നുംമലയും ഇടിച്ചു നിരപ്പാക്കി കോണ്‍ക്രീറ്റ് സൗധങ്ങള്‍ കെട്ടിപ്പൊക്കി. വയലുകളെല്ലാം നികത്തി വീടും ഫ്‌ളാറ്റും പണിതു. നദികളെയെല്ലാം മലിനമാക്കി.
ഒരിറ്റുവെള്ളത്തിനായി കേഴുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ മലയാളികളെകുറിച്ച് ഓര്‍ക്കാനേ വയ്യ. ഇതിനൊരു പരിഹാരമെന്താണ്. ഇനിവരുന്ന തലമുറയെ സംരക്ഷിക്കാന്‍ നമുക്കു ബാധ്യതയില്ലേ.
ഈ ഘട്ടത്തില്‍ നമുക്കെന്തു ചെയ്യാനാകുമെന്നതായിരിക്കണം അടിയന്തരമായി പരിഗണിക്കേണ്ട ചോദ്യം. ഓരോ വ്യക്തിയും ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സമയം ആഗതമായിരിക്കുന്നു. ജലസംരക്ഷണത്തിനായി ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാകൂ.
നമുക്കെന്തു ചെയ്യാനാകും
'ഇനിയൊരു മഴവരുംവരെ പാഴാക്കരുത്
ഒരിറ്റുവെള്ളവും'
1. ചോര്‍ച്ചയുള്ള വാട്ടര്‍ ടാപ്പ് മാറ്റി സ്ഥാപിക്കുക
2. പല്ല് ബ്രഷ് ചെയ്യുമ്പോള്‍ ആവശ്യത്തിനു മാത്രം വാട്ടര്‍ ടാപ്പ് തുറക്കുക
3. ഷവര്‍ ഒഴിവാക്കി കുളിക്കാന്‍ ബക്കറ്റും മഗ്ഗും ഉപയോഗിക്കുക
4. ഫ്‌ളഷിങ്ങിന്റെ എണ്ണം കുറയ്ക്കുക
5. പാത്രം കഴുകാന്‍ ടാപ് ഉപയോഗിക്കാതെ വെള്ളം ബെയ്‌സിനില്‍ നിറച്ചു പാത്രം അതില്‍ കഴുകുക
6. പാത്രം കഴുകിയ വെള്ളം സംഭരിച്ചുവച്ചു തോട്ടം നനയ്ക്കാനും മറ്റും ഉപയോഗിക്കുക
7. ബാത്ത് ടബിലെ കുളി നിര്‍ത്തുക. ടബ് നിറയാന്‍ 300 ലിറ്റര്‍ വെള്ളം വേണ്ടിവരും
8. വാഹനം കഴുകുവാനും മൃഗങ്ങളെ കുളിപ്പിക്കാനും കുടിവെള്ളം ഉപയോഗിക്കരുത്
9. പുല്‍ത്തകിടി ന നയ്ക്കുമ്പോള്‍ വെള്ളം നിലത്തു താഴ്ന്നുനില്‍ക്കുന്ന രീതിയില്‍ ന നയ്ക്കുക. ഇടയ്ക്കിടയ്ക്ക് ന നയ്ക്കുന്നതൊഴിവാക്കാന്‍ കഴിയും
മഴക്കൊയ്ത്തിനായി
ഒരുങ്ങിയിരിക്കുക
കൊടുംവേനലില്‍ പ്രകൃതിയെ തണുപ്പിക്കാന്‍ അപ്രതീക്ഷിതമായി ഒരു മഴ പെയ്‌തേക്കാം. ഭൂമിയില്‍ പതിക്കുന്ന ഓരോ തുള്ളിയും സംരക്ഷിക്കപ്പെടണം. കിണറുകളിലും മഴക്കുഴികളിലും വാട്ടര്‍ടാങ്കിലുമെല്ലാം ആ മഴവെള്ളം സംഭരിക്കപ്പെട്ടാല്‍ അടുത്ത മഴവരെ അതുപയോഗിക്കാം. അത്യാവശ്യമായി നാടൊരുങ്ങേണ്ടത് മഴക്കൊയ്ത്തിനാണ്.
ഓരോ കെട്ടിടത്തിന്റെയും മേല്‍ക്കൂരയില്‍ പതിക്കുന്ന ഓരോ തുള്ളിയും പൈപ്പുവഴി ജലസംഭരണികളിലും കിണറുകളിലും കുളങ്ങളിലും ശേഖരിക്കാം. പെയ്യുന്ന വെള്ളം സംഭരിക്കാനായി ഇന്നു തന്നെ കിണറുകളും കുളങ്ങളും ചളിനീക്കി വൃത്തിയാക്കണം. തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും സംരക്ഷിക്കണം. അങ്ങനെ നേരിടാം ഈ വേനലിനെ.
(കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ ശാസ്ത്രജ്ഞനാണ് ലേഖകന്‍)
(തയാറാക്കിയത്: ടി.കെ ജോഷി)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."