സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഇന്‍ഫോസിസിന്റെ 15ാം വാര്‍ഷികാഘോഷം
തിരുവനന്തപുരം : തിരുവനന്തപുരം ഇന്‍ഫോസിസ് ഡി.സിയുടെ (ഡെവലപ്‌മെന്റ് സെന്റര്‍) 15ാം വാര്‍ഷികത്തിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ജനുവരി മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് 15 ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. രക്തദാന ക്യാംപുകള്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ശുചീകരണം, പള്ളിത്തുറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ ക്യാംപയിന്‍ എന്നിവയാണ് പ്രധാന പരിപാടികള്‍.
ടെക്‌നോപാര്‍ക്കില്‍ ഒരു ബിസിനസ് യൂനിറ്റുമായി 2003 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്‍ഫോസിസിന് ഇന്ന് മൂന്ന് കെട്ടിടങ്ങളിലായി 10 ബിസിനസ് യൂനിറ്റുകളുണ്ട്. പതിനഞ്ച് വര്‍ഷത്തിനിടയില്‍ തൊഴില്‍ ശക്തിയില്‍ കാര്യമായ വളര്‍ച്ചയുണ്ടായി.
2.7 മില്യണ്‍ ചതുരശ്രയടി കെട്ടിടവും അത്യാധുനിക സൗകര്യങ്ങളുള്ള സോഫ്റ്റ് വെയര്‍ ബ്ലോക്കുകളും മാത്രമല്ല ജീവനക്കാരുടെ വിശ്രമത്തിനും വിനോദത്തിനും പ്രാധാന്യം കൊടുക്കുന്നവയാണ് ഇന്‍ഫോസിസ് വികസന കേന്ദ്രങ്ങള്‍.ടെന്നിസ് കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ബാഡ്മിന്റണ്‍ കോര്‍ട്ട്, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, ഫുട്‌ബോള്‍ ഗ്രൗണ്ട്, ജിംനേഷ്യം, വൈവിധ്യമാര്‍ന്ന ഭക്ഷണം വിളമ്പുന്ന രണ്ട് ഫുഡ് കോര്‍ട്ടുകള്‍ എന്നിവ ഇന്‍ഫോസിസ് ക്യാംപസിന്റെ ഭാഗമായുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനും തിരുവനന്തപുരം ഡി.സി കാര്യമായ പ്രാധാന്യം നല്‍കുന്നു.
മഴ വെള്ള സംഭരണികളും, ബയോഗ്യാസ് പ്ലാന്റും മലിനജല സംസ്‌ക്കരണ പ്ലാന്റും ഉദാഹരണങ്ങളാണ്. തിരുവനന്തപുരം ഡി.സിയുടെ ഭാഗമായുള്ള സി.എസ്.ആര്‍ ഗ്രൂപ്പുകളായ ഗ്രാസ് റൂട്ട്‌സ്, സഞ്ജീവനി, രക്ഷ തുടങ്ങിയവ ജീവനക്കാരുമായി ചേര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കിടയിലെ സന്നദ്ധ സേവനം, വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി വിരുദ്ധ ബോധവല്‍ക്കരണം എന്നിവയാണ് സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനമായും ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."