ബ്രണ്ണനിലെ സിന്തറ്റിക് ട്രാക്ക്; സ്ഥലം അളന്ന് തിട്ടപ്പെടുത്തും
തലശ്ശേരി:സ്പോര്‍ട്സ് അതോറ്റി ഓഫ് ഇന്ത്യ (സായ്) ഗവ.ബ്രണ്ണന്‍ കോളജില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിക്കുന്നതിന്റെ ഭാഗമായി സ്ഥലം അളന്ന് തിട്ടപ്പെടുത്തും. ഇന്നലെ കോളജ് മൈതാനം സന്ദര്‍ശിച്ച സായ് അധികൃതരുടെ നിര്‍ദേശ പ്രകാരമാണിത്. സായ് ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡയരക്ടര്‍ സഞ്ജീവ് ബെറിന്വാലി, ഡോ.ജി കിഷോര്‍, അസിസ്റ്റന്റ് ഡയരക്ടര്‍ പ്രേംജിത്ത് ലാല്‍, സെന്റര്‍ ഇന്‍ ചാര്‍ജ് ഡോ.എന്‍.ബി സുരേഷ്എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനത്തിനെത്തിയത്. വിസ്തൃതിയുണ്ടെങ്കിലും സ്ഥലം സിന്തറ്റിക് ട്രാക്കിനുതകുന്ന ആകൃതിയില്ലെന്ന സംശയം സഞ്ജീവ് ബെറിന്വാലി പ്രകടിപ്പിച്ചു. വ്യാഴാഴ്ച സ്ഥലം അളന്നു തിട്ടപ്പെടുത്തും. വെള്ളിയാഴ്ച ഉച്ചക്കു മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അന്തര്‍ദേശീയ നിലവാരത്തില്‍ എട്ട് ട്രാക്കുകളുള്ള സിന്തറ്റിക് മൈതാനം പണിയാനാണ് തീരുമാനം. ഇതിനായി ആദ്യഘട്ടത്തില്‍ എട്ടുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. അഞ്ചേക്കറോളം സ്ഥലമാണ് സ്റ്റേഡിയത്തിന് വേണ്ടത്. അസിസ്റ്റന്റ് ഡയരക്ടര്‍ പ്രേംജിത്ത് ലാല്‍, സെന്റര്‍ ഇന്‍ ചാര്‍ജ് ഡോ.എന്‍.ബി സുരേഷ്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ വിനീഷ്, പ്രിന്‍സിപ്പല്‍ ഡോ.എ വല്സലന്, കായിക വിഭാഗം അധ്യാപകന് ഡോ.വി പ്രശോഭിത്ത്, പി.ടി.എ പ്രതിനിധി റജിമോള്‍, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ വി ജയരാജ് എന്നിവരും സായ് സംഘത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."