കെ.എം.സി.സി ഇടപ്പെട്ടു; നാല് മാസമായി മോർച്ചറിയിലുള്ള ബിഷാൽ വർമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിക്കും
റിയാദ്: നാല് മാസം മുമ്പ് റിയാദിൽ മരണപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമ നടപടികൾ പൂർത്തിയായി. റിയാദിലെ സഅദ് ട്രാൻസ്പോർട്ട് കമ്പനിയിലെ ഡ്രൈവറായിരുന്ന ബീഹാർ ഗോപാൽഗഞ്ച് സ്വദേശി ബിഷാൽ വർമ്മ(40)യുടെ മൃതദേഹമാണ് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ ശ്രമ ഫലമായി നാട്ടിലെത്തിക്കാൻ വഴിയൊരുങ്ങിയത്. കഴിഞ്ഞ വർഷം ഒക്ടോബർ ഒമ്പതിനാണ് ബിഷാൽ വർമ്മ താൻ ഉപയോഗിച്ചിരുന്ന ട്രക്കിൽ വെച്ച് മരണപ്പെടുന്നത്. ശരീര വേദനക്ക് സമീപത്തെ ഒരു മെഡിക്കൽ ഷോപ്പിൽ നിന്നും ഇഞ്ചക്ഷനെടുത്ത് വാഹനത്തിൽ തിരിച്ചെത്തിയ ഉടനെയാ യിരുന്നു മരണമെന്നാണ് കുടുംബ വൃത്തങ്ങൾ പറയുന്നത്. റെഡ് ക്രസന്റിന്റെ ആംബുലൻസ് എത്തിയപ്പോഴേക്കും ബിഷാൽ മരിച്ചിരുന്നു. പിന്നീട് മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണം അറിവായിട്ടില്ല.
നിയമ നടപടികൾ പൂർത്തിയാവാത്തത് കാരണം നാല് മാസത്തോളമായി ബിഷാൽ വർമ്മയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന വിവരം റിയാദ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രതിനിധി സിദ്ദീഖ് കല്ലൂപ്പറമ്പനാണ് കഴിഞ്ഞ ദിവസം സിദ്ദീഖ് തുവ്വൂരിനെ അറിയിക്കുന്നത്. എംബസി ഈ വിഷയത്തിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകളിലേക്ക് പരാതി അയച്ചിരുന്നു. തുടർന്ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെത്തി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സിദ്ദീഖ് ബിഷാൽ വർമ്മയുടെ സ്പോൺസറെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും പ്രശ്ന പരിഹാരത്തിന് നിർദ്ദേശിക്കുയും ചെയ്തു. പോലീസിൽ നിന്നും ആശുപത്രിയിൽ നിന്നും റിപ്പോർട്ടുകൾ ശേഖരിക്കുകയും മറ്റു നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്നും എയർപ്പോർട്ട് കൺഫർമേഷൻ കിട്ടിക്കഴിഞ്ഞാലുടൻ അടുത്ത ദിവസം തന്നെ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്നും സിദ്ദീഖ് ‘സുപ്രഭാത’ത്തോട് പറഞ്ഞു. ഒന്നര വർഷം മുമ്പാണ് ബിഷാൽ സൗദിയിലെത്തുന്നത്. റിങ്കു ദേവിയാണ് ഭാര്യ. രണ്ട് ആൺ മക്കളും 3 പെൺ മക്കളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."