പതിമൂന്നാം പഞ്ചവത്സര പദ്ധതി നൂതന പദ്ധതികള്‍ക്ക് നിര്‍ദേശം
കണ്ണൂര്‍: പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് രൂപീകരിക്കുന്ന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി അഭ്യുദയ കാംക്ഷികളുടെ യോഗം ചേര്‍ന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആസൂത്രണ സമിതിയംഗം കെ.വി ഗോവിന്ദന്‍ അടുത്ത അഞ്ചുവര്‍ഷം ജില്ലാപഞ്ചായത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ വിശദീകരിച്ചു.
ദാരിദ്ര്യ നിര്‍മാര്‍ജനം, കാലാവസ്ഥാ മാറ്റത്തെ ചെറുക്കല്‍, പുതിയ തൊഴില്‍ സംരംഭങ്ങള്‍, പാലീയേറ്റീവ് സൗഹൃദ പദ്ധതികള്‍, പശ്ചാത്തല വികസനം, സാമൂഹ്യനീതി ഉറപ്പാക്കല്‍, പരിസ്ഥിതി സൗഹൃദ ജില്ലയാക്കല്‍ തുടങ്ങി സ്ഥായിയായ ലക്ഷ്യം ഉറപ്പാക്കുന്ന പദ്ധതികളാണ് നടപ്പാക്കുക. ഒപ്പം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നവകേരള മിഷന്‍ പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളും ഉള്‍പ്പെടുത്തും. ജില്ലയില്‍ നടപ്പാക്കേണ്ട വിവിധ പദ്ധതികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ആറളം ഫാം ഉത്പാദന മേഖലയാക്കി മാറ്റുന്ന തരത്തിലുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുഡ്പാര്‍ക്ക് ജില്ലയില്‍ സ്ഥാപിക്കുക, വളങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്തി മുഴുവന്‍ കര്‍ഷകര്‍ക്കും വിവരം നല്‍കുക, പൊതുശ്മശാനം, പൊതു ടോയ്‌ലറ്റുകള്‍, സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരമുയര്‍ത്തല്‍ തുടങ്ങി പദ്ധതികള്‍ പ്രാധാന്യത്തോടെ നടപ്പാക്കുക, കരിമ്പം ഫാമില്‍ ജൈവവൈവിധ്യ പാര്‍ക്ക് തുടങ്ങുക, ജില്ലയെ സ്ത്രീ സൗഹൃദ ജില്ലയാക്കുക, മുഴുവന്‍ സ്‌കൂളുകളിലും പാചകപ്പുരയും സ്റ്റോര്‍ റൂമുകളും നിര്‍മിക്കുക, പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ പൈതൃക പദ്ധതി നടപ്പാക്കുക, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ ബോധവത്കരണം നല്‍കുക, സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജന പദ്ധതി, കന്നുകാലിവളര്‍ത്തലിന് കുടുംബശ്രീ സംഘങ്ങള്‍ക്ക് സഹായം നല്‍കുക, കോഴി-ആട് വളര്‍ത്തലിന് പ്രോത്സാഹനം നല്‍കുക, ഓരോ നാടിന്റയും പ്രാദേശിക ചരിത്രരചന നടത്തുക തുടങ്ങി ജില്ലയുടെ സമഗ്രവികസനത്തിന് സഹായമകാകുന്ന നിരവധി പദ്ധതികള്‍ യോഗത്തില്‍ നിര്‍ദേശിച്ചു.
വൈസ് പ്രസിഡന്റ് പി.പി ദിവ്യ, കെ. പി ജയബാലന്‍, ടി.ടി റംല, കെ ശോഭ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."