കര്‍ഷക വിലാപമടങ്ങാതെ വയനാട്; ജില്ലയില്‍ വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി
കല്‍പ്പറ്റ: 2018 ഓഗസ്റ്റിലെ അതിവര്‍ഷവും പ്രളയവും തകര്‍ത്ത നാട് പതുക്കെ പുനര്‍നിര്‍മിക്കപ്പെടുമ്പോഴും എങ്ങുമെത്താതെ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണം.
വിള ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ പദ്ധതികള്‍ ഒരുപാട് പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും ഒരിടവേളക്ക് ശേഷം ജില്ല വീണ്ടും കര്‍ഷകരുടെ കുരുതിക്കളമാകുന്നു. കാര്‍ഷിക മേഖലക്ക് കനത്ത പ്രഹരമേല്‍പ്പിച്ച പ്രളയത്തിന് ശേഷം ആറുമാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും മണ്ണിലിറങ്ങിയ ആറു കര്‍ഷകരാണ് ജില്ലയില്‍ കടക്കെണി മൂലം ജീവനൊടുക്കിയത്. ഏറ്റവും ഒടുവില്‍ ഇന്നലെ സുല്‍ത്താന്‍ ബത്തേരി-ചീരാല്‍ കൊമ്മാട് മുട്ടുകൊല്ലി ബാലകൃഷ്ണന്‍ (47) വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സ്ഥലം പാട്ടത്തിനെടുത്ത് നെല്ല്, വാഴ അടക്കമുള്ള കൃഷികള്‍ കൃഷി ചെയ്തിരുന്ന ബാലകൃഷ്ണന് വിവിധ ധനകാര്യ സ്ഥാപനങ്ങളിലും വ്യക്തികള്‍ക്കുമായി ഏഴു ലക്ഷത്തോളം രൂപയുടെ കട ബാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിന് മുമ്പ് കുടിയേറ്റമേഖലയായ പുല്‍പ്പള്ളി മേഖലയില്‍ മാത്രം മൂന്ന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. മൂപ്പൈനാട്, വടുവന്‍ചാല്‍ എന്നിവിടങ്ങളില്‍ ഓരോ കര്‍ഷകരും ജീവനൊടുക്കി. പുല്‍പ്പള്ളി അമരക്കുനി വട്ടമല രാഘവന്‍ (62), പുല്‍പ്പള്ളി കാപ്പിസെറ്റ് കൊടക്കപ്പള്ളി അജിത്കുമാര്‍(53), പുല്‍പ്പള്ളി ആലൂര്‍ക്കുന്ന് കുറിച്ചിപ്പറ്റ മാനിക്കാട്ട് രാമദാസ് (57) എന്നിവരാണ് പുല്‍പ്പള്ളിയില്‍ കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകര്‍.
കര്‍ഷക ആത്മഹത്യകള്‍ കൂടിയിട്ടും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇപ്പോഴും അലംഭാവം തുടരുകയാണ്. പ്രളയത്തെ തുടര്‍ന്ന് ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളാണ് പൂര്‍ണമായും നശിച്ചത്. തുടര്‍ന്നുണ്ടായ കാലാവസ്ഥാ വ്യതിയാനവും വിവിധ രോഗ-കീട ബാധകള്‍ കാരണവും ദീര്‍ഘ വിളകള്‍ ഉള്‍പ്പെടെ നിശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രളയത്തെ തുടര്‍ന്നുണ്ടായ കൃഷി നാശത്തിന് ഇനിയും നഷ്ടപരിഹാരം ലഭിക്കാത്ത കര്‍ഷകരും ജില്ലയില്‍ നിരവധിയുണ്ട്. അതിവര്‍ഷവും പ്രകൃതി ദുരന്തങ്ങളും വയനാടന്‍ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ കാര്‍ഷിക മേഖലയെയാണ് കാര്യമായി ബാധിച്ചത്. ഇതിന്റെ ഫലമായി വയനാട്ടില്‍ ആത്മഹത്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ആശങ്കാജനകമായ സാഹചര്യമാണെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. കൈവായ്പകള്‍ വാങ്ങിയും ബാങ്ക് ലോണ്‍ തരപ്പെടുത്തിയും മറ്റുമാണ് ജില്ലയിലെ മിക്ക കര്‍ഷകരും കൃഷിയിറക്കുന്നത്. എന്നാല്‍ കൃഷി പൂര്‍ണമായും നശിച്ചതോടെ നിരവധി കര്‍ഷകരാണ് ബാങ്കുകളില്‍ നിന്നുള്‍പ്പെടെ ഭീഷണി നേരിട്ട് കടക്കെണിയില്‍ കഴിയുന്നത്. കൃഷിനാശത്തെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് ജില്ലയിലെ ഇപ്പോഴത്തെ കര്‍ഷക ആത്മഹത്യകളില്‍ അധികവും. കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ബാങ്കുകള്‍ സര്‍ഫാസി ആക്ട് പ്രകാരമുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതും കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. വയനാട്ടില്‍ 8000 ത്തോളം കര്‍ഷകരാണ് ഈ കരിനിയമപ്രകാരമുള്ള നടപടി നേരിട്ടുകൊണ്ടിരിക്കുന്നത്. പുല്‍പ്പള്ളിയില്‍ മാത്രമായി 1500ഓളം കര്‍ഷകര്‍ പിന്നോക്കസമുദായ കോര്‍പറേഷന്റെയും, ദേശസാത്കൃതബാങ്കുകളുടെയും, ന്യൂജനറേഷന്‍ ബാങ്കുകളുടെയും നടപടി നേരിട്ടുവരികയാണ്. പ്രളയത്തെ തുടര്‍ന്ന് കാര്‍ഷിക വായ്പകള്‍ക്ക് മാത്രമാണ് നിലവില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്. ഭൂരിഭാഗം കര്‍ഷകരും കാര്‍ഷികേതര വായ്പകളും മറ്റുമെടുത്താണ് കൃഷി നടത്തിയിട്ടുള്ളത്. എന്നിരിക്കെ ബാങ്കുകള്‍ വായ്പ തിരിച്ചുപിടിക്കാന്‍ നടപടി ശക്തമാക്കിയാല്‍ ജീല്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യകള്‍ക്ക് സാധ്യത കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."