യുവാവിനെ ആക്രമിച്ചു പണം തട്ടിയ സംഘം പിടിയില്‍
പണം തട്ടാന്‍ പ്രേരിപ്പിച്ചത് നോട്ടു നിരോധനം മൂലമുള്ള സാമ്പത്തിക പ്രയാസമാണെന്ന് പ്രതികളുടെ മൊഴി
മട്ടന്നൂര്‍: മരുതായില്‍ കോഴിക്കോട് സ്വദേശിയായ യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ രണ്ടു പേരെ മട്ടന്നൂര്‍ പൊലിസ് അറസ്റ്റു ചെയ്തു. മമ്പറം പൊയനാട് കരുവാരത്ത് വീട്ടില്‍ എം ഫര്‍ഷാദ്(28), കീച്ചേരിയിലെ സൈനുദ്ദീന്‍(33) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ മട്ടന്നൂര്‍ സി.ഐ ഷാജു ജോസഫും സംഘവും അറസ്റ്റു ചെയ്തത്.
ഒരു മാസം മുന്‍പാണ് മരുതായി കള്ളുഷാപ്പിന് സമീപത്തുവച്ച് യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ചത്. പണയ സ്വര്‍ണം എടുത്തു നല്‍കുന്ന സംഘത്തില്‍പ്പെട്ട രണ്ടു പേരെയാണ് ആക്രമിച്ചത്. കൈക്ക് കുത്തേറ്റ കോഴിക്കോട് ചേളന്നൂരിലെ മേലേടത്ത് മീത്തല്‍ സി ഷമീറിന്റെ പരാതി പ്രകാരം പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഷമീറിനെയും സുഹൃത്ത് കോഴിക്കോട് മുരിങ്ങലിലെ മിഖ്ദാദിനെയും സംഘം മട്ടന്നൂരിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ബാങ്കില്‍ നിന്ന് സ്വര്‍ണാഭരണം എടുത്ത് നല്‍കുന്നതിന് ഒരാള്‍ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നാണ് ഇരുവരും മരുതായിലെ പൊറോറ സര്‍വിസ് സഹകരണ ബാങ്കിന് മുന്നിലെത്തിയത്. മട്ടന്നൂര്‍ ഭാഗത്ത് നിന്നു വന്ന വാഹനത്തിലുണ്ടായിരുന്ന സംഘം ഷമീറിനെ കുത്തി പരുക്കേല്‍പ്പിക്കുകയും മിഖ്ദാദിനെ തട്ടികൊണ്ടു പോകുകയുമായിരുന്നു. മിഖ്ദാദിനെ മര്‍ദിച്ച് കൈവശമുണ്ടായിരുന്ന ആറു ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് ശേഷം വെള്ളിയാംപറമ്പില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. വാടകയ്‌ക്കെടുത്ത വാഹനത്തില്‍ സഞ്ചരിച്ചാണ് സംഘം പണം തട്ടിയെടുത്തതെന്നാണ് പൊലിസ് കണ്ടെത്തിയത്. അക്രമത്തിനിരയായവര്‍ നല്‍കിയ വിവരത്തില്‍ അന്ന് തന്നെ പ്രതികള്‍ സഞ്ചരിച്ച വാഹനം വെളിയമ്പ്രയില്‍ നിന്ന് പൊലിസ് പിടികൂടിയിരുന്നു.
യുവാവിനെ അക്രമിച്ച് പണം തട്ടാന്‍ പ്രേരിപ്പിച്ചത് നോട്ടു നിരോധനം മൂലമുള്ള സാമ്പത്തിക പ്രയാസമാണെന്ന് പ്രതികള്‍ മൊഴി നല്‍കി. പ്രതികള്‍ ഉപയോഗിച്ച വാഹനം വെളിയമ്പ്ര സ്വദേശിയുടെയാണ്. സംഘത്തില്‍ പത്തോളം പ്രതികള്‍ ഉണ്ടെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി അന്വേഷണം നടത്തി വരികയാണെന്നും പൊലിസ് അറിയിച്ചു. പിടിയിലാവരെ സംഭവം നടന്ന സ്ഥലത്ത് കൊണ്ടുപോയി തെളിവെടുത്തു. ഇരുവരെയും മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."