വിലവര്‍ധനവിനെതിരായ ശോഭാസുരേന്ദ്രന്റെ പഴയ വിഡിയോ വൈറല്‍
സ്വന്തം ലേഖകന്‍
മലപ്പുറം: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ പാചക വാതക വില കുത്തനെ കൂട്ടിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേ ജനരോഷം ഉയരുന്നതിനിടെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി ബി.ജെ.പി നേതാക്കളുടെ പഴയ പ്രതികരണങ്ങള്‍. ഡീസല്‍, പെട്രോള്‍, പാചകവാതക വിലവര്‍ധനവിനെതിരേ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസം പാചകവാതകത്തിന് ഒറ്റയടിക്ക് 150 രൂപയോളം കൂടിയ സാഹചര്യത്തില്‍ ചര്‍ച്ചയായത്. 'അടുക്കളക്കാര്യം വളരെ കഷ്ടമാണ്' എന്നു തുടങ്ങുന്ന ബി.ജെ.പി നേതാവ് ശോഭാസുരേന്ദ്രന്റെ വിഡിയോയാണ് ഇതില്‍ ഏറ്റവുമധികം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
'അടുക്കളയുടെ കാര്യം വളരെ കഷ്ടമാണ്. കുട്ടികള്‍ക്ക് കഞ്ഞികൊടുക്കാന്‍ എങ്ങിനെയെങ്കിലും കഷ്ടപ്പെട്ട് വീട്ടമ്മമാര്‍ സാധനങ്ങളൊക്കെ എത്തിച്ചു എന്നു തന്നെയിരിക്കട്ടെ. അത് പാചകം ചെയ്യാന്‍ ഗ്യാസിന്റെ വിലയെന്താ? ഒരിരട്ടിയോ രണ്ടിരട്ടിയോ അല്ല മൂന്നിരട്ടി വില വര്‍ധിച്ചു.'- ശോഭാസുരേന്ദ്രന്‍ പറയുന്നു. അടുക്കളയില്‍ വീട്ടമ്മയുടെ വേഷത്തിലാണ് വിഡിയോയില്‍ ശോഭ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വിലവര്‍ധനവിനെതിരായ അരുണ്‍ജെയ്റ്റ്‌ലിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഉള്‍പ്പെടെയുള്ളവര്‍ റോഡരികില്‍ വിറകുകളുമായി പാചകം ചെയ്ത് പ്രതിഷേധിക്കുന്ന നേരത്തെയുള്ള ചിത്രങ്ങളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലൊരു പഴയ ചിത്രം പങ്കുവച്ച് 'ബി.ജെ.പി പ്രവര്‍ത്തകരുടെ ഈ പ്രതിഷേധത്തോട് ഞാന്‍ യോജിക്കുന്നു' എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഫേസ്ബുക്കിലൂടെ പരിഹസിക്കുന്ന കുറിപ്പും വൈറലായിട്ടുണ്ട്. പാചകവാതക വിലവര്‍ധന സംബന്ധിച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."