അധ്യാപക നിയമനം: ആറു കുട്ടികള്‍ കൂടിയാല്‍ മാത്രം പുതിയ തസ്തിക മതിയെന്ന് ധനവകുപ്പ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ അധ്യാപക തസ്തിക നിര്‍ണയം സംബന്ധിച്ച് ധനവകുപ്പ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
നിലവിലെ അനുപാതത്തില്‍നിന്ന് ആറു വിദ്യാര്‍ഥികള്‍ അധികമായാല്‍ മാത്രം പുതിയ അധ്യാപക തസ്തിക അനുവദിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.
ധനവകുപ്പിന്റെ നിര്‍ദേശം വിദ്യാഭ്യാസ വകുപ്പിനു സമര്‍പ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പും സമാന നിലപാട് സ്വീകരിച്ചാല്‍ ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നിശ്ചിത അനുപാതത്തില്‍നിന്ന് ഒരു വിദ്യാര്‍ഥി അധികമാകുമ്പോള്‍ പോലും പുതിയ തസ്തിക സൃഷ്ടിക്കുന്ന പതിവ് അവസാനിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതു തന്നെയാണ് ധനവകുപ്പ് നിര്‍ദേശമായി പുറത്തിറക്കിയത്. നിലവിലുള്ള 1:30 എന്ന അധ്യാപക - വിദ്യാര്‍ഥി അനുപാതം മാറിയില്ലെങ്കിലും രണ്ടാം തസ്തിക സൃഷ്ടിക്കുന്നതിന് 36 വിദ്യാര്‍ഥികള്‍ വേണമെന്നതാണ് പുതിയ നിബന്ധന. ഒരു കുട്ടി വര്‍ധിച്ചാല്‍ പുതിയ ഡിവിഷന്‍ എന്ന രീതി മാറ്റാനായി കേരള എജ്യൂക്കേഷന്‍ റൂള്‍ (കെ.ഇ.ആര്‍) ഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്ലായി കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.
കുട്ടികളുടെ എണ്ണം കൃത്രിമമായി കാണിച്ചും നിയമം ദുര്‍വ്യാഖ്യാനം ചെയ്തും ചില എയ്ഡഡ് മാനേജ്‌മെന്റുകള്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നുവെന്നാണ് സര്‍ക്കാര്‍ വാദം. ഇതിനി അനുവദിക്കാനാകില്ലെന്ന് ധനമന്ത്രി പലവട്ടം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിയമത്തിനു പുറത്ത് ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ് അസോസിയേഷന്‍.
പുതിയ നിര്‍ദേശമനുസരിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങിയാല്‍ കോടതിയെ സമീപിക്കാനാണ് മാനേജ്‌മെന്റ് അസോസിയേഷന്റെ തീരുമാനം. എന്നാല്‍ മാനേജ്‌മെന്റുകളുടെ നിയമനാധികാരം മാറ്റാത്തതിനാല്‍ ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടില്ലെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."