ഫലസ്തീനിലെ ജൂത കുടിയേറ്റകേന്ദ്ര നിര്‍മാണം ഇസ്‌റാഈലുമായി സഹകരിക്കുന്ന 112 കമ്പനികളുടെ പട്ടിക പുറത്തുവിട്ട് യു.എന്‍
ന്യൂയോര്‍ക്ക്: ഫലസ്തീനില്‍ ഇസ്‌റാഈലിന്റെ അനധികൃത കുടിയേറ്റകേന്ദ്രങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന 112 കമ്പനികളുടെ പട്ടിക പുറത്തുവിട്ട് യു.എന്‍ മനുഷ്യാവകാശ വിഭാഗം. ജൂത കുടിയേറ്റകേന്ദ്രങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന കമ്പനികളുടെ വിവരമാണ് വളരെ വൈകി പുറത്തുവന്നിരിക്കുന്നത്.
ഫലസ്തീനിലെ അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ 94 നിര്‍മാണപ്രവര്‍ത്തനങ്ങളിലും മറ്റ് ആറ് രാജ്യങ്ങളിലെ 18 നിര്‍മാണങ്ങളിലും ഇസ്‌റാഈലുമായി സഹകരിക്കുന്ന കമ്പനികളുടെ വിവരങ്ങളാണ് പട്ടികയിലുള്ളത്. യു.എസ്, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ്, ലക്‌സംബര്‍ഗ്, തായ്‌ലന്‍ഡ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളാണിവ.
കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ മനുഷ്യാവകാശം സംബന്ധിച്ച ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതായി യു.എന്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ താന്‍ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ഇത് വിവാദപരമായി തുടരുകയാണെന്നും യു.എന്‍ ഹൈക്കമ്മീഷണര്‍ മിഷേല്ലെ ബാച്ചെലറ്റ് അറിയിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് വിശദമായ പഠനത്തിന് വിധേയമാക്കുമെന്നും അവര്‍ അറിയിച്ചു.
അതേസമയം കമ്പനികളുടെ വിവരങ്ങള്‍ പുറത്തുവിട്ട നടപടിയെ ഫലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലികി പ്രശംസിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ യു.എന്‍ രക്ഷാസമിതി അംഗങ്ങളായ രാജ്യങ്ങള്‍ ഈ കമ്പനികളോട് ആവശ്യപ്പെടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
യു.എസിലെ എയര്‍ബിന്‍ബി, ഓണ്‍ലൈന്‍ യാത്രാ കമ്പനികളായ എക്‌സ്പീഡിയ, ട്രിപ്പ് അഡൈ്വസര്‍, ടെക് ഭീമന്‍ മോട്ടോറോള, യു.എസിലെ ബഹുരാഷ്ട്ര ഭക്ഷ്യവസ്തു നിര്‍മാണ കമ്പനി ജനറല്‍ മില്‍സ്, നിര്‍മാണകമ്പനികളായ ഫ്രാന്‍സിലെ എഗിസ് റെയില്‍, ബ്രിട്ടിഷ് കമ്പനി ജെ.സി.ബി തുടങ്ങിയവയാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റു പ്രമുഖ കമ്പനികള്‍.
ഫലസ്തീനില്‍ ഇസ്‌റാഈലിന്റെ അനധികൃത കുടിയേറ്റകേന്ദ്ര നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കമ്പനികളുടെയും വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന 2016ലെ യു.എന്‍ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് പുറത്തുവിട്ടത്.
അന്താരാഷ്ട്ര നിയമപ്രകാരം വെസ്റ്റ്ബാങ്കിലെ ജൂത പാര്‍പ്പിടകേന്ദ്രങ്ങളുടെ നിര്‍മാണം നിയമവിരുദ്ധമാണ്. 29 ലക്ഷം ഫലസ്തീനികള്‍ താമസിക്കുന്ന അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലെ ഇസ്‌റാഈല്‍ കൂട്ടിച്ചേര്‍ത്ത ഭാഗങ്ങളിലുമായി നിലവില്‍ ആറുലക്ഷം ജൂതന്മാരാണ് താമസിക്കുന്നത്.
വെസ്റ്റ്ബാങ്കില്‍ 100 പാര്‍പ്പിട കേന്ദ്രങ്ങള്‍ കൂടി പണിയുമെന്ന് അടുത്തിടെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."