റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ വഴിയടച്ചത് യാത്രക്കാരെ വലയ്ക്കുന്നു
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ എസ്‌കലേറ്ററിന് സമീപത്തെ വഴിയടച്ചത് യാത്രക്കാരെ വലയ്ക്കുന്നു. രണ്ട്, മൂന്ന്, നാല് പ്ലാറ്റ്‌ഫോമില്‍ നിന്ന് യാത്രക്ക്രാര്‍ക്ക് പെട്ടെന്ന് ബസ് ബേയിലേക്കും ഓട്ടോ സ്റ്റാന്‍ഡിലേക്കും എത്താന്‍ കഴിയുന്ന വഴിയടച്ചതാണ് യത്രക്കാര്‍ക്ക് പ്രയാസമാകുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് റെയില്‍വേ പൊലിസ് സുരക്ഷാ പ്രശ്‌നം ഉയര്‍ത്തി വഴിയടച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസത്തോളമായിട്ടും വഴി തുറന്നുകൊടുക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയത് മുതലുള്ള യാത്രക്കാരുടെ ഓട്ടം അപകടം ക്ഷണിച്ചു വരുത്തുന്നതാണ്. കൂടാതെ കാലവര്‍ഷം കനത്തതോടെ യാത്രക്കാര്‍ക്ക് പ്രധാന കവാടത്തിലൂടെ മാത്രമേ പുറത്തു കടക്കാന്‍ സാധിക്കുകയുള്ളൂ.
പ്ലാറ്റ്‌ഫോമുകളില്‍ ട്രെയിന്‍ എത്തിയാല്‍ പുറത്തേക്കുള്ള ഈ വഴി തുറക്കാത്തത് തിരക്ക് വര്‍ധിക്കാന്‍ ഇടയാകുന്നുമുണ്ട്. രാവിലെയും വൈകിട്ടും എസ്‌കലേറ്റര്‍ വഴിയുള്ള തിരക്ക് വര്‍ധിക്കുകയും ചെയ്യും. കാല്‍നട യാത്രക്കാര്‍ക്ക് മാത്രമായി സജ്ജീകരിച്ച ഈ വഴിയിലൂടെ സഞ്ചരിക്കാന്‍ കഴിയാത്തതിനാല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ചുറ്റിത്തിരിഞ്ഞ് പോകേണ്ട അവസ്ഥയാണുള്ളത്.
സുരക്ഷാ പ്രശ്‌നമാണ് വഴിയടച്ചതിന്റെ കാരണമെന്നാണ് റെയില്‍വേ പൊലിസ് നല്‍കുന്ന വിശദീകരണം. മെറ്റല്‍ ഡിറ്റക്ടറോ മറ്റു സുരക്ഷാ ഉപകരണങ്ങളോ ഇവിടെ എസ്‌കലേറ്റര്‍ സ്ഥാപിച്ചത് മുതല്‍ സ്ഥാപിച്ചിട്ടില്ല. എന്നാല്‍ പ്രധാന കവാടത്തിലൊഴികെ സ്റ്റേഷനില്‍ മറ്റു പ്രവേശന മാര്‍ഗത്തിലൊന്നും ഇത്തരം സുരക്ഷാ ഒരുക്കങ്ങള്‍ ഇല്ലെന്നിരിക്കെയാണ് വഴിയടച്ചത്. ട്രെയിന്‍ ലഭിക്കാന്‍ വേണ്ടി യാത്രക്കാര്‍ തിരക്കിട്ട് വരുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം തിരക്കു കാരണം പ്രധാന കവാടത്തിനടുത്ത് ഒരു യാത്രക്കാരന് പരുക്കേറ്റിരുന്നു. സുരക്ഷ ഒരുക്കി യാത്രക്കാര്‍ക്ക് മാത്രമായുള്ള ഈ വഴി എത്രയും വേഗത്തില്‍ തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."