അതിരറ്റു സ്‌നേഹിച്ച വൃദ്ധമാതാവിനെ പരിചരിക്കാന്‍ സഊദിയിലെത്തിച്ചു; ഒടുവില്‍ അധികൃതരുടെ കാരുണ്യഹസ്തം നീണ്ട മകന്റെ കഥ ടെലിസ്‌ക്രീനിലേക്ക്
റിയാദ്: മാതാപിതാക്കള്‍ പ്രായമെത്തുമ്പോള്‍ സൗകര്യമനുസരിച്ചു വൃദ്ധ സദനത്തിലെക്കുന്ന വാര്‍ത്തകള്‍ വ്യാപകമായ ഇക്കാലത്ത് വൃദ്ധയും രോഗിയുമായ മാതാവിനെ പരിചരിക്കാനായി തന്റെ ജോലി സ്ഥലമായ സഊദിയിലെത്തിച്ചു. ഒടുവില്‍ വിസ കാലാവധി തീര്‍ന്നപ്പോള്‍ വന്ന പിഴ അധികൃതര്‍ ഒഴിവാക്കിയ സംഭവം ചലച്ചിത്രമാകുന്നു. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വ്യക്തമായ നേര്‍ചിത്രം സമൂഹത്തിനു മുന്നില്‍ വന്ന സംഭവം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായതോടെയാണ് സഊദിയിലെ ദമാമില്‍ നിന്നുള്ള കോഴിക്കോട് വേങ്ങേരി കളത്തില്‍ വീട്ടില്‍ സന്തോഷിന്റെ കഥ മിനി സ്‌ക്രീനിലേക്ക് കയറുന്നത്.
മാതാവിനെ പരിചരിക്കാനായി സന്ദര്‍ശക വിസയില്‍ തുടര്‍ച്ചയായി കൊണ്ട് വന്നിരുന്ന യുവാവിന് ഏറ്റവും ഒടുവില്‍ മാതാവിന് ഇവിടെ വെച്ച് അല്‍ഷിമേഴ്‌സ് പിടിപെട്ടപ്പോഴാണ് ജീവിതത്തിലെ കാരുണ്യത്തിന്റെ മറ്റൊരു നേര്‍ ചിത്രം സമൂഹത്തിന് പാഠമായി മാറിയത്. വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും മാതാവിനെ സഊദിയില്‍ തന്നെ നിര്‍ത്തിയതിയതിനു സഊദി പാസ്‌പോര്‍ട്ട് അധികൃതര്‍ 15,000 റിയാല്‍ (284860രൂപ) പിഴ ചുമത്തിയിരുന്നു. എന്നാല്‍, നേരിട്ട് അധികൃതരെ കണ്ടു യാഥാര്‍ഥ്യം ബോധിപ്പിച്ചപ്പോള്‍ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും അലിവില്‍ പിഴ ഒഴിവാക്കി കൊടുക്കുകയായിരുന്നു. വിസ തീര്‍ന്നിട്ടും മാതാവിനെ സഊദിയില്‍ താമസിപ്പിച്ചതിനു നല്‍കേണ്ടി വന്ന നിയമപരമായ പിഴയാണു അധികൃതര്‍ സന്തോഷിന്റെ മാതൃസ്‌നേഹം പരിഗണിച്ച് ഒഴിവാക്കിക്കൊടുത്തത്. സംഭവം പുറത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും മറ്റുമായി ഉറവ വറ്റാത്ത ഈ സ്‌നേഹകഥ പരക്കുകയും യുവാവിന് അഭിനന്ദനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
റിയാദിലെ കലാഭവന്‍ പ്രവര്‍ത്തകരാണ് കാരുണ്യ കടലിന്റെ ഉദാത്ത മാതൃകയായ കഥക്ക് ജീവന്‍ നല്‍കുന്നത്. കലാഭവന്‍ സാരഥി ഷാരോണ്‍ ശരീഫാണ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. തിരക്കഥ രചന ആരംഭിച്ചിട്ടുണ്ട്.സമൂഹത്തെ തൊട്ടുണര്‍ത്തുന്ന ഒരു കഥ വേണമെന്ന ചിന്തക്കിടെയാണ് ഏറെ സ്പര്‍ശിക്കുന്ന ഈ കഥ ഇവരുടെ മുന്നിലെത്തിയത്. സഊദിയില്‍ തന്നെ ചിത്രീകരണം നടത്തുന്ന ഈ ടെലി സിനിമ കൂടുതല്‍ പേരിലേക്ക് ഈ നന്മ എത്തിക്കുകയാണ് ലക്ഷ്യമാക്കുന്നത്. നിര്‍മ്മാണത്തിന് സന്നദ്ധരായി പലരും മുന്നോട്ട് വന്നിട്ടുണ്ട്.
പത്ത് വര്‍ഷം മുന്‍പ് പിതാവ് മരിച്ചതോടെ മാതാവ് വീട്ടില്‍ തനിച്ചായപ്പോഴാണ് മാതാവിനെ വിസിറ്റിങ് വിസയില്‍ കൊണ്ടുവരാന്‍ തുടങ്ങിയത്. ഇത്രയും കാലമായി ഇത് തുടരുകയായിരുന്നു. റൂമില്‍ വീല്‍ ചെയറില്‍ കഴിഞ്ഞിരുന്ന അമ്മക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്ത ശേഷമായിരുന്നു ജോലിക്ക് പോയിരുന്നത്. ജോലിക്കിടയില്‍ കിട്ടുന്ന ഒരു മണിക്കൂര്‍ ഇടവേളയില്‍ റൂമില്‍ വന്ന് അമ്മക്ക് ഭക്ഷണവും മരുന്നുകളും നല്‍കുകയും ചെയ്യും. ഈ രീതിയില്‍ ആണ് വര്‍ഷങ്ങളോളും സന്തോഷ് അമ്മയെ പരിചരിച്ചിരുന്നത്. പിന്നീട് ഏഴ് വര്‍ഷം മുന്‍പ് ജീവിതത്തിലേക്കെത്തിയ കണ്ണൂര്‍ സ്വദേശിനി ശ്രീജയും ഈ സ്‌നേഹത്തിനു പൂര്‍ണ പിന്തുണ നല്‍കി.
82 വയസുള്ള സന്തോഷിന്റെ മാതാവ് ചന്ദ്രവല്ലിക്ക് മൂന്ന് വര്‍ഷം മുന്‍പ് വിസിറ്റിങ് വിസയില്‍ വന്നപ്പോഴാണു അല്‍ഷിമേഴ്‌സ് രോഗം പിടികൂടിയത്. ഈ സാഹചര്യത്തില്‍ വീണ്ടും വിസിറ്റിങ് വിസയില്‍ തിരികെ കൊണ്ടുവരുന്നതിനായി നാട്ടിലേക്ക് അയക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ വിസ കാലാവധി കഴിഞ്ഞും മാതാവിനെ കൂടെ നിര്‍ത്തി പരിചരിക്കുകയായിരുന്നു സന്തോഷ്. ഒടുവില്‍ പ്രവാസം നിര്‍ത്തി നാട്ടിലേക്ക് പോകാനായി ഒരുങ്ങിയപ്പോഴാണ് വന്‍തുക പിഴ ഉണ്ടെന്ന കാര്യം അറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."