ഇസ്‌റാഈലുമായുള്ള നിലപാടിൽ മാറ്റമില്ല, കിരീടാവകാശി നെതന്യാഹുവുമായി കൂടിക്കാഴ്ച നത്തുമെന്ന വാർത്ത നിഷേധിച്ചു സഊദി വിദേശ കാര്യ മന്ത്രി
റിയാദ്: സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുമെന്ന വാർത്ത നിഷേധിച്ചു സഊദി അറേബ്യ. ഇത്തരത്തിൽ യാതൊരു പദ്ധതികളും സഊദിക്ക് മുന്നിലില്ലെന്നും ഫലസ്തീൻ വിഷയത്തിൽ സഊദി ഫലസ്തീൻ നയത്തോട് ഉറച്ചു നിൽക്കുന്നുവെന്നും സഊദി അറേബ്യ വ്യക്തമാക്കി. സഊദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇക്കഴിഞ്ഞ ജനുവരിയിൽ തന്റെ പശ്ചിമേഷ്യൻ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഉഗാണ്ടയിലെ സുഡാനിലെ ട്രാൻസിഷണൽ സോവറിൻ കൗൺസിൽ മേധാവിയുമായി നെതന്യാഹു അപൂർവമായ കൂടിക്കാഴ്ച നടത്തിയതോടെ സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താൻ ശ്രമം തുടങ്ങിയെന്ന വാർത്തകൾ ഇസ്‌റാഈലി മാധ്യമങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. സഊദി അറേബ്യയും ഇസ്‌റാഈലും തമ്മിൽ ഒരു കൂടിക്കാഴ്ചയും ആസൂത്രണം ചെയ്തിട്ടില്ല. ഈ പോരാട്ടത്തിന്റെ തുടക്കം മുതൽ സഊദി അറേബ്യയുടെ നയം വളരെ വ്യക്തമാണ്. സഊദി അറേബ്യയും ഇസ്‌റാഈലും തമ്മിൽ യാതൊരു ബന്ധവുമില്ല. പലസ്തീന് പിന്നിൽ സഊദി ഉറച്ചുനിൽക്കുന്നു. പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. നെതന്യാഹുമായി സുഡാൻ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചുള്ള ചോദ്യത്തിന് സുഡാൻ ഒരു പരമാധികാര രാഷ്ട്രമാണ്. അവർക്ക് സ്വന്തം പരമാധികാര താൽപ്പര്യങ്ങൾ വിലയിരുത്താൻ കഴിയുമെന്നായിരുന്നു വിദേശ കാര്യ മന്ത്രിയുടെ പ്രതികരണം.
നീതിയും ന്യായവുമുള്ള ഒത്തുതീർപ്പ് ഉണ്ടെങ്കിൽ ഇസ്റാഈലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള സന്നദ്ധത എല്ലായ്പ്പോഴും സഊദിയും മറ്റു അറബ് ലീഗ് അംഗ രാജ്യങ്ങളും കാണിക്കുന്നു. സഊദി നിലപാട് എപ്പോഴും വ്യക്തമാണ്. പതിറ്റാണ്ടുകളായി ഈ വിഷയത്തിൽ കിംവദന്തികൾ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. പലസ്തീനോടുള്ള സഊദി അറേബ്യയുടെ നയം ഉറച്ചതാണ്. മിഡിൽ ഈസ്റ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള ഏതൊരു ശ്രമത്തെയും സഊദി അറേബ്യ സ്വാഗതം ചെയ്യുന്നുവെന്നും ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."