റമദാനില്‍ മാത്രം പൂക്കുന്ന പാനൂസുകള്‍..
പൊന്നാനി: പൊന്നാനിയിലെ റമദാന്‍ കാഴ്ചകളില്‍ പ്രധാനമാണ് വര്‍ണങ്ങളാല്‍ അലങ്കരിച്ച പാനൂസ് വിളക്കുകള്‍. റമദാനില്‍ മാത്രം പൂക്കുന്ന വിളക്കുപുഷ്പങ്ങളാണിത് പൊന്നാനിക്കാര്‍ക്ക്. ഒരുകാലത്ത് പൊന്നാനിയിലെ റമദാന്‍ രാത്രികളെ സമ്പന്നമാക്കിയിരുന്നത് വിവിധയിനം പാനൂസുകളായിരുന്നു. ചുരുക്കം ചില വീട്ടുകളില്‍ കാലത്തിന്റെ അക്ഷരത്തെറ്റു പോലെ ഇന്നും പാനൂസ് വിളക്കുകള്‍ നിറങ്ങള്‍ പകരുന്നത് കാണാം.
മുളച്ചീളുകൊണ്ടു കെട്ടിയുണ്ടാക്കുന്ന വിവിധ ആകൃതികള്‍ക്കു പുറത്ത് വര്‍ണക്കടലാസ് കൊണ്ടു പൊതിഞ്ഞ് ഇതിനകത്തു വെളിച്ചം തെളിക്കുമ്പോഴുണ്ടാകുന്ന വര്‍ണ വിസ്മയമാണ് പാനൂസുകള്‍. വീടിനു പുറത്തും സ്വീകരണ മുറികളിലും കെട്ടിത്തൂക്കുന്ന പാനൂസുകള്‍ പൊന്നാനിയുടെ നോമ്പലങ്കാരങ്ങളുടെ ഭാഗമാണ്. രണ്ടര പതിറ്റാണ്ടു മുന്‍പു വരെ മിക്കവീടുകളും പാനൂസുകളാല്‍ അലങ്കരിച്ചാണ് റമദാനെ വരവേറ്റിരുന്നത്.
പഴയകാലത്ത് തറവാട്ടുവീട്ടുകാര്‍ തങ്ങളുടെ പ്രതാപം പ്രകടമാക്കിയിരുന്നത് കൂറ്റന്‍ പാനൂസുകള്‍ നിര്‍മിച്ചു വീടിന്റെ ഉമ്മറത്തു തൂക്കിയാണ്. കല്ലന്‍ പാനൂസുകള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇവക്ക് 10 അടിമുതല്‍ 20 അടി വരെ നീളമുണ്ടാകും. വിമാനത്തിന്റെയും കപ്പലിന്റെയും സിലണ്ടറിന്റെയും മാതൃകയിലാണ് ഇവയൊക്കെ നിര്‍മിച്ചിരുന്നത്.
വര്‍ണക്കടലാസുകൊണ്ടു പൊതിഞ്ഞ മുളച്ചീളുകൊണ്ടുള്ള ആകൃതികള്‍ക്കകത്ത് പ്ലാസ്റ്റിക് പേപ്പര്‍ കൊണ്ട് വൃത്താകൃതിയില്‍ നിര്‍മിച്ച കുറ്റി സ്ഥാപിക്കും. മെഴുകുതിരി വെട്ടത്തില്‍ ചൂടേല്‍ക്കുമ്പോള്‍ സ്വയം തിരിയുന്ന സംവിധാനത്തോടെയാണ് കുറ്റി സ്ഥാപിക്കുക. പ്ലാസ്റ്റിക് കടലാസിനു പുറത്ത് ഒട്ടിച്ച മൃഗത്തിന്റെയും മറ്റും മാതൃകകള്‍ മെഴുകു തിരി പ്രകാശത്തില്‍ കുറ്റി തിരിയുമ്പോള്‍ പാനൂസുകള്‍ക്ക് പുറത്ത് വര്‍ണക്കടലാസുകളില്‍ വലുതായി തെളിയും. ഇത്തരത്തിലുള്ള പാനൂസുകള്‍ അങ്ങാടിയിലാകെ കൊണ്ടു നടക്കുമായിരുന്നു പണ്ടു കാലത്ത്. ഇപ്പോള്‍ നിര്‍മിച്ചു നല്‍കുന്ന പാനൂസുകളില്‍ അധികവും ചെറിയവയാണ്. പാനൂസുകള്‍ നിര്‍മിക്കാന്‍ മാത്രം ചിലരുണ്ടായിരുന്നു.
പാനൂസ് നിര്‍മിക്കാന്‍ ഏറെ നേരത്തെ അധ്വാനവും വന്‍ സാമ്പത്തിക ചെലവുമുണ്ട്. ഇപ്പോള്‍ നിര്‍മിക്കുന്ന ചെറിയ ഇനം പാനൂസുകള്‍ക്ക് മൂവായിരം രൂപയോളമാണ് ചെലവ്. പഴമയെ അലങ്കാരമായി കാണുന്ന ചിലരാണ് പാനൂസുകളുടെ ഇപ്പോഴത്തെ ആവശ്യക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."