നിന്ദാസ്തുതിക്കാര്‍ വന്‍വിജയം കൊയ്യുന്നതിനു പിന്നില്‍
സോഷ്യല്‍ മീഡിയയില്‍ നിന്ദാസ്തുതിയില്‍ (സര്‍ക്കാസം) പോസ്റ്റിടുന്നവര്‍ ഒട്ടേറെയുണ്ട്. കണ്ടാല്‍ തോന്നും അനുകൂലിച്ച് പറയുകയാണെന്ന്, എന്നാലോ നല്ല കൊട്ട് കൊടുക്കുകയായിരിക്കും. ഇത്തരത്തില്‍ വീഡിയോ, ടെക്‌സ്റ്റ്, ഓഡിയോ സര്‍ക്കാസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി കാണാനാവും. ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ പോവുന്നതിലും ലൈക്ക് കിട്ടുന്നതിലും പ്രതികരണങ്ങളിലും തിളങ്ങിനില്‍ക്കുന്നതും കാണാം.
സര്‍ക്കാസ്റ്റിക്കായ ആളുകള്‍ ചെറിയ സംഭവമല്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വെറുമൊരു സന്തോഷം മാത്രമല്ല, കൂടുതല്‍ സര്‍ഗാത്മകവും വിജയിയും ആവാന്‍ സര്‍ക്കാസം സഹായിക്കുന്നുവെന്നാണ് ഗവേഷണഫലം.
ഹാര്‍വാര്‍ഡ്, കൊളുംബിയ, ഇന്‍സീഡ് എന്നിവിടങ്ങളിലെ ഒരു കൂട്ടം ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. സാധാരണ പെരുമാറ്റം, സര്‍ക്കാസ്റ്റിക്കായ പെരുമാറ്റം ഇങ്ങനെ വേര്‍തിരിച്ച് പരീക്ഷിച്ചാണ് പഠനം നടത്തിയത്.
സര്‍ക്കാസത്തിലൂടെ മനസ്സ് ഭയങ്കരമായി വര്‍ക്കൗട്ടാവുന്നുവെന്നാണ് പഠനഫലം പറയുന്നത്. സര്‍ക്കാസം ഉണ്ടാക്കാന്‍ മാത്രമല്ല, അത് മനസ്സിലാക്കിയെടുക്കാനും മാനസികമായ പ്രത്യേകം കഴിവു വേണമെന്നും പറയുന്നുണ്ട്. ഭാഷപരമായായതും യഥാര്‍ഥ ഉദ്ദേശവും തമ്മിലുള്ള വൈരുദ്ധ്യം മനസിലാക്കാനാണ് പണി. തലയ്ക്കകത്ത് എന്തെങ്കിലും ഉള്ളവര്‍ക്കേ സര്‍ക്കാസമാണോ അല്ലേ എന്ന് തിരിച്ചറിയാന്‍ പോലും സാധിക്കൂയെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്.
സാധാരണക്കാരേക്കാളും സര്‍ഗാത്മകമായി ചിന്തിക്കുന്നവരില്‍ നിന്നാണ് സര്‍ക്കാസ്റ്റിക്കായ കഴിവുകള്‍ കൂടുതല്‍ പുറത്തുവരുന്നത്. സര്‍ക്കാസ്റ്റിക് ആയ വാചകക്കസര്‍ത്തുകള്‍ നിങ്ങളുടെ ടീമിനെ മൊത്തം ഉത്തേജിപ്പിക്കുമെന്നും അതുകൊണ്ട് കൂടുതല്‍ സരസമായ നിന്ദാസ്തുതിയുള്ള വാക്കുകള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും പഠനത്തില്‍ പറയുന്നു. കമ്പനികളിലും അതിന്റെ സോഷ്യല്‍ മീഡിയകളിലും ഇതു പ്രയോഗിച്ച് പരീക്ഷിക്കാം.
എന്നാല്‍, സര്‍ക്കാസ്റ്റിക്കായ ഭാഷ ഉപയോഗിക്കുന്നതിനെതിരെയും പഠനങ്ങളുണ്ട്. ആശയവിനിമയത്തെ ഹാനികരമായി ബാധിക്കുമെന്നാണ് ഇവരുടെ വാദം. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലോ പാര്‍ട്ടികള്‍ തമ്മിലോ വ്യക്തികള്‍ തമ്മിലോ സര്‍ക്കാസ്റ്റിക്കായ ഭാഷ ഉപയോഗിക്കുമ്പോള്‍, ആത്മാര്‍ഥതയേക്കാളും അധിക്ഷേപമാണ് വരാറുള്ളതെന്നും എതിരായ പഠനങ്ങളില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."