പൗരത്വ നിയമ ഭേദഗതിക്കെതിരേ താക്കീതായി കണ്ണൂരില്‍ പതിനായിരങ്ങളുടെ മഹാറാലി
കണ്ണൂര്‍: രാജ്യത്തെ വിശ്വാസികളെ വിഭജിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരേയും എന്‍.ആര്‍.സിക്കെതിരേയും പതിനായിരങ്ങളെ അണിനിരത്തി കണ്ണൂരില്‍ ഭരണഘടനാ സംരക്ഷണ മഹാറാലി.
ജില്ലയിലെ മുസ്‌ലിം സംഘടനകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തിലാണ് കേന്ദ്ര സര്‍ക്കാരിനു താക്കീതായി വിശ്വാസികളുടെ മഹാറാലി നടന്നത്. ഇന്നലെ ഉച്ചയ്ക്കു മുതല്‍ ജില്ലയിലെ വിവിധ മഹല്ലുകളില്‍നിന്നായി പതിനായിരക്കണക്കിനു വിശ്വാസികള്‍ മഹാറാലിക്ക് ഒഴുകിയെത്തിയതോടെ നഗരം സ്തംഭിച്ചു.കന്റോണ്‍മെന്റ് ഏരിയയിലെ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാംരഭിക്കേണ്ട റാലി പട്ടാളം അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു പ്രഭാത് ജങ്ഷനില്‍ നിന്നാണ് ആരംഭിച്ചത്. പൗരത്വ നിയമ ഭേദഗതിയിലെ നീതിനിഷേധവും സംഘ്പരിവാറിന്റെ വിഭജന അജണ്ടകള്‍ തുറന്നുകാട്ടുന്നതും ആസാദി മുദ്രാവാക്യങ്ങളുമാണ് റാലിയില്‍ ഉടനീളം അലയടിച്ചത്.
റെയില്‍വേസ്റ്റേഷന്‍ റോഡ് പഴയ ബസ്സ്റ്റാന്‍ഡ് വഴി റാലിയുടെ മുന്‍നിര കലക്ടറേറ്റ് മൈതാനിയില്‍ എത്തിയ ഉടന്‍ പൊതുസമ്മേളനം ആരംഭിച്ചെങ്കിലും അവസാനകണ്ണിയും എത്താന്‍ പിന്നേയും മണിക്കൂറുകളെടുത്തു. മൂന്നു ക്ലസ്റ്ററുകളായി നീങ്ങിയ റാലിയില്‍ ആദ്യക്ലസ്റ്ററില്‍ ഭരണഘടനാ സംരക്ഷണ സമിതിയിലെ വിവിധ സംഘടനകളുടെ ജില്ലാനേതാക്കള്‍ ഉള്‍പെടുന്ന 41 പേര്‍ ദേശീയപതാകയുമേന്തി അണിനിരന്നു. പൊതുസമ്മേളനത്തില്‍ മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍. അബ്ദുല്‍ലത്തീഫ് സഅദി, പി.കെ ഇബ്രാഹിം ഹാജി, യു.പി സിദ്ദീഖ്, അബ്ദുനാസര്‍ സ്വലാഹി, ഷംസുദീന്‍ പാലക്കോട്, വി.പി. വമ്പന്‍, ഡോ. എ.എ ബഷീര്‍, അബ്ദുല്‍ലത്തീഫ് എടവച്ചാല്‍, മുഹമ്മദ് സാജിദ് നദ്‌വി, ഷക്കീര്‍ ഫാറൂഖി, എം.കെ ഹമീദ്, പി.കെ സുബൈര്‍, കെ.എം മഖ്ബൂല്‍, സി.കെ.എ ജബ്ബാര്‍, സമീര്‍ തലശ്ശേരി, എസ്. മുഹമ്മദ്, പി.വി സൈനുദ്ദീന്‍, ടി.എ തങ്ങള്‍, ഇബ്രാഹിം മുണ്ടേരി, കെ.വി മുഹമ്മദലി ഹാജി, കെ.ടി സഹദുല്ല, കെ.എ ലത്തീഫ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, കെ.പി താഹിര്‍, എം.പി.എ റഹീം, അലി ശ്രീകണ്ഠപുരം, അഫ്‌സല്‍ മഠത്തില്‍, സി.എ അബൂബക്കര്‍, കെ.കെ അഷ്‌റഫ്, കെ.പി അബ്ദുല്‍ അസീസ്, പി.കെ അബ്ദുല്ല, എം.എ കരീം, സി.പി ഹാരിസ്, മോണ്‍. ദേവസി ഈരത്തറ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."