പ്ലസ് ടു സേ പരീക്ഷയില്‍ വീണ്ടും ആള്‍മാറാട്ടം: എട്ടു പേര്‍ കൂടി പിടിയിലായി
വളാഞ്ചേരി: ആള്‍ മാറാട്ടം നടത്തി പ്ലസ് ടു സേ പരീക്ഷ എഴുതിയ സംഭവത്തില്‍ എട്ടു പേര്‍ പിടിയിലായി. കരേക്കാട് സ്വദേശികളായ അഞ്ചുപേരും പുറമണ്ണൂര്‍ സ്വദേശിയായ ഒരാളെയുമാണു വളാഞ്ചേരി എസ്.ഐ. പി.എം. ഷമീറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ടു പിടിയിലായവര്‍ ഉള്‍പ്പടെ 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കരേക്കാട് സ്വദേശികളായ അഞ്ചു പേര്‍ മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പുറമണ്ണൂര്‍ സ്വദേശിയുമായ ഒരു വിദ്യാര്‍ഥി വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണു പരീക്ഷ എഴുതിയത്. കോട്ടക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരു ആള്‍മാറാട്ടകേസും റിപ്പോര്‍ട്ട് ചെയ്തു.
പ്ലസ്ടു സേ പരീക്ഷയിലെ ഇംഗ്ലീഷ് വിഷയത്തിലാണ് ഇന്നലെ വിദ്യാര്‍ഥികള്‍ ആള്‍മാറാട്ടം നടത്തിയത്. ഹാള്‍ടിക്കറ്റില്‍ യഥാര്‍ഥ വിദ്യാര്‍ഥിക്കു പകരം പിടിയിലായവര്‍ തങ്ങളുടെ ഫോട്ടോ വെച്ചാണ് ആള്‍മാറാട്ടം നടത്തിയത്. കഴിഞ്ഞ ദിവസം എടപ്പാളില്‍ ആള്‍ മാറാട്ടം നടത്തി പരീക്ഷ എഴുതിയതിന് നാലു പേരെ പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്ന് എക്‌സാമിനേഷന്‍ സ്‌പെഷല്‍ ഇന്‍വിജിലേറ്റര്‍മാര്‍ സ്‌കൂളുകളില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഈ പരിശോധനക്കിടെയാണ് എട്ടു പേരും പിടിയിലായത്.
ഹാള്‍ ടിക്കറ്റില്‍ ഫോട്ടോ മാറ്റി ഒട്ടിച്ചു വ്യാജ ഒപ്പിട്ടാണ് ഇവര്‍ പരീക്ഷക്കെത്തിയത്. പരീക്ഷ എഴുതുന്നതിനിടയില്‍ ഇന്‍വിജിലേറ്റര്‍ക്കു സംശയം തോന്നിയതിനെ തുടര്‍ന്നു ചോദ്യം ചെയ്തപ്പോഴാണു കള്ളി വെളിച്ചത്തായത്. ആള്‍മാറാട്ടം നടത്തുന്നുവെന്നു സംശയം തോന്നിയവരോടു ജനനതീയതി ചോദിച്ചപ്പോള്‍ തെറ്റായി പറഞ്ഞതോടെ കുടുങ്ങുകയായിരുന്നു. തുടര്‍ന്നു പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു.
പ്രായപൂര്‍ത്തിയായ രണ്ടു പേരെ തിരൂര്‍ കോടതിയിലും നാലുപേരെ മഞ്ചേരി ജുവനൈല്‍ കോടതിയിലും ബുധനാഴ്ച ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ടു ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും ഒളിവിലുളളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും എസ്.ഐ.പറഞ്ഞു.
എടപ്പാളിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു
എടപ്പാള്‍: പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ കേസില്‍ പിടിയിലായ നാലു പേരെയും ചങ്ങരംകുളം പൊലീസ് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു. പുറങ്ങ് സ്വദേശി ഷാഹിദ് ഇര്‍ഫാന്‍(18), അംശകച്ചേരി സ്വദേശി ഷെബീബ്(18), മാണൂര്‍ സ്വദേശി സെല്‍മാന്‍ ഫാരിസ്(18), പന്താവൂര്‍ സ്വദേശി മുബാരിസ്(19)എന്നിവരെയാണു കോടതി റിമാന്‍ഡ് ചെയ്തത്. കേസില്‍ ഒളിവിലുള്ള നാലു പേരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി. ഫായിസ് റഹ്മാന്‍, അജ്മല്‍, ആഷിഖ് മോന്‍, മുഹമ്മദ് അര്‍ഷാദ് എന്നിവരാണു പിടിയിലാകാനുള്ളത്.
കഴിഞ്ഞദിവസം പൂക്കരത്തറയിലെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരീക്ഷാസെന്ററില്‍ നടന്ന പ്ലസ് ടു സേ പരീക്ഷയിലാണു പിടിയിലായവര്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയത്. ഒളിവിലുള്ളവരുടെ ഹാള്‍ ടിക്കറ്റില്‍ കൃത്രിമം നടത്തിയാണ് ഇവര്‍ പരീക്ഷ എഴുതിയത്. രണ്ടാം ദിവസത്തെ പരീക്ഷ എഴുതുമ്പോഴാണ് ഇവര്‍ പിടിയിലായത്. പരീക്ഷ ഹാളില്‍ നിന്ന ഇന്‍വിജിലേറ്റര്‍ക്കു സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഒരാള്‍ പിടിയിലായത് .തുടര്‍ന്നു കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണു മറ്റു ക്ലാസുകളില്‍ പരീക്ഷയെഴുതിയവരും പിടിയിലായത്.
ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി അധികൃതരുമായി ബന്ധപ്പെടുകയും അവരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നു പ്രിന്‍സിപ്പാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണു ചങ്ങരംകുളം പൊലീസ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തത്.
കോട്ടക്കലില്‍ നേരത്തെയും ആള്‍മാറാട്ടം നടന്നു
കോട്ടക്കല്‍: പ്ലസ്ടു സേ പരീക്ഷയില്‍ ഹാള്‍ടിക്കറ്റില്‍ കൃത്രിമം കാട്ടി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഷിബിന്‍ഷാന്‍(18), അര്‍ഷദ് (19)എന്നീ വിദ്യാര്‍ഥികളാണു പിടിയിലായത്. കോട്ടക്കലിലെ സ്വകാര്യസ്ഥാപനത്തില്‍ പഠിക്കുന്ന ഷിബിന്‍ഷാന്‍ പ്ലസ്ടുവില്‍ തോറ്റതിനാല്‍ പരീക്ഷയില്‍ വിജയിച്ച അര്‍ഷദിനെകൊണ്ടു പരീക്ഷ എഴുതിക്കുകയായിരുന്നു.ഹാള്‍ടിക്കറ്റിലെ ഫോട്ടോക്കു മുകളിലെ സീല്‍ ഇല്ലാത്തതു കണ്ടു സംശയം തോന്നിയ ഇന്‍വിജിലേറ്ററാണ് പ്രിന്‍സിപ്പലിനെ വിവരം അറിയിച്ചത്.പിടിയിലാകുന്നതിന് മുമ്പുള്ള പരീക്ഷകളില്‍ ഷിബിന്‍ഷാനു വേണ്ടി മറ്റൊരു വിദ്യാര്‍ഥിയാണ് പരീക്ഷ എഴുതിയിരുന്നത്. ഇയാള്‍ ബാഗ്ലൂരില്‍ പോയതിനാല്‍ പിറ്റേ ദിവസം അര്‍ഷിദിനെകൊണ്ട് പരീക്ഷ എഴുതിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.ഇരുവരെയും മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."