കുടിവെള്ളക്ഷാമം ക്രഷറിനെതിരേ ഗ്രാമസഭയില്‍ പ്രമേയം അവതരിപ്പിച്ചവര്‍ക്ക് നേരെ മര്‍ദനം
എടവണ്ണപ്പാറ: എം.സാന്‍ഡ് നിര്‍മാണത്തിനായി വെള്ളമെടുക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗ്രാമസഭയില്‍ പ്രമേയം അവതിരിപ്പിച്ചവര്‍ക്ക് നേരെ മര്‍ദനം.
ചൊവ്വാഴ്ച വൈകിട്ട് വാഴയൂര്‍ ചണ്ണയിലാണ് സംഭവം. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം എം സാന്റ് നിര്‍മാണത്തിനായി കുഴല്‍ കിണറില്‍ നിന്നും മറ്റുമായി ഉപയോഗിക്കുന്നത് മഴക്കാലം വരുന്നത് വരെ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശ വാസികള്‍ ഉടമയോട് സംസാരിച്ചിരുന്നു. തൃപ്തികരമല്ലാത്ത മറുപടി ലഭിച്ചതോടെ പ്രദേശ വാസികള്‍ ഉപരോധം ഏര്‍പ്പെടുത്തുകയും കൂടുതല്‍ സമര മുറകളുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയുമായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഗ്രാമ സഭയില്‍ പ്രമേയം അവതിരിപ്പിച്ചത്. പിന്നീടാണ് പ്രമേയം അവതരിപ്പിച്ചവര്‍ക്ക് നേരെ അക്രമം നടത്തിയത്.
അക്രമത്തില്‍ പരുക്കേറ്റ സുധീഷ് (26), അജ്മല്‍ (30) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വാഴക്കാട് പൊലിസില്‍ പരാതി നല്‍കി. പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ഇന്നലെയും ക്രഷര്‍ തുറന്ന് പ്രവര്‍ത്തിച്ചതോടെ കൂടുതല്‍ ഉപരോധവുമായി നാട്ടുകാര്‍ എത്തി. പൊലിസ് എത്തി രണ്ട് ദിവസം ക്രഷര്‍ അടച്ചിടാന്‍ ആവശ്യപ്പെട്ടതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
കുടിവെള്ളം മുട്ടിച്ച് ഇനിയും ക്രഷര്‍ തുറന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."