കുടിവെള്ള പ്രശ്‌ന പരിഹാരത്തിന് സമഗ്രമാസ്റ്റര്‍ പ്ലാന്‍ തയാറാക്കും
മലപ്പുറം: ജില്ലയിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തര- ഹ്രസ്വ- ദീര്‍ഘകാല പദ്ധതികളടങ്ങിയ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ. കോഴിക്കോട് കുന്ദമംഗലത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനെജ്‌മെന്റിലെ ശാസ്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കലക്ടര്‍. ക്വാറികളിലെ ജലം ഉപയോഗപ്പെടുത്തുന്നത് ഉള്‍പ്പെടെ ബദല്‍ ജലസ്രോതസുകള്‍ കണ്ടെത്തുന്നതിന് മുന്‍ഗണന നല്‍കും.
പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൈലാടി, ഊരകം പഞ്ചായത്തിലെ കിളിനക്കോട്, മലപ്പുറം നഗരസഭയിലെ മേല്‍മുറി എന്നീ മൂന്നു ക്വാറികളിലെ ജലം സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റിലെ ശാസ്ത്രജ്ഞര്‍ പ്രാഥമിക പരിശോധന നടത്തി. ആദ്യഘട്ടമായി പൂക്കോട്ടൂരിലെ മൈലാടി ക്വാറിയിലെ ജലം പ്രഷര്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യും. ഇതിനുള്ള തുക രാജ്യസഭാംഗമായ പി.വി അബ്ദുല്‍ വഹാബിന്റെ എം.പി ഫണ്ടില്‍ നിന്ന് നല്‍കും.
അടുത്ത വര്‍ഷം മുതല്‍ വരള്‍ച്ചാ ബാധിതപ്രദേശമായി ജില്ലയെ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകരുതെന്നാണ് ലക്ഷ്യമിടുന്നത്. യോഗത്തില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി., സി.ഡബ്ലിയു.ആര്‍.ഡി.എം ശാസ്ത്രജ്ഞരായ ഡോ. വി.പി ദിനേശന്‍ (ജിയോമാറ്റിക്‌സ് ഡിവിഷന്‍ മേധാവി), ഡോ. പി.എസ് ഹരികുമാര്‍ (വാട്ടര്‍ ക്വാളിറ്റി ഡിവിഷന്‍ മേധാവി), സി.എം സുശാന്ത് (ഗ്രൗണ്ട് വാട്ടര്‍ ഡിവിഷന്‍ മേധാവി), ഡെപ്യൂട്ടി കലക്ടര്‍മാരായ സി അബ്ദുറഷീദ്, ഡോ. ജെ.ഒ അരുണ്‍, ജയശങ്കര്‍ പ്രസാദ്, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."