ട്രോളിങ് നിരോധനം വന്നു; ഇനി ആഴക്കടലിലെ നോമ്പുതുറയില്ല
നൗഷാദ് പുത്തന്‍
പരപ്പനങ്ങാടി: കാറ്റിലും കോളിലും ആടിയുലഞ്ഞ റമദാന്‍ പുണ്യരാവുകളിലെ തീക്ഷ്ണമായ ആഴക്കടലിലെ നോമ്പു തുറ ഇനിയില്ല. ഇന്നലെ അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധം നിലവില്‍ വന്നതോടെയാണ് ആഴക്കടലിലെ നോമ്പുതുറ അവസാനിച്ചത്.
മത്സ്യബന്ധനത്തിനു നീണ്ട ഒന്നരമാസ കാലയളവു നിര്‍ബന്ധിത അവധിയായതിനാല്‍ കടലിലെ നോമ്പുതുറ ഈ വര്‍ഷം തീര്‍ത്തും ചെറിയ വള്ളങ്ങളില്‍ പോകുന്നവരില്‍ ഒതുങ്ങും. പ്രത്യാശയുടെ ഓളങ്ങള്‍ സമ്മാനിക്കുന്ന ആഴക്കടലിനു മീതെ അന്നം തേടിയിറങ്ങുന്ന മത്സ്യതൊഴിലാളികള്‍ക്കു നോമ്പുകാലം അങ്ങേയറ്റം ഭക്തിനിര്‍ഭരവും ആനന്ദകരവുമാണ്. ശാന്തമായ പ്രാര്‍ഥനക്കും മനശാന്തി നുകരുന്ന നോമ്പു തുറക്കും സ്വന്തം കൈകൊണ്ടുണ്ടാക്കിയ അത്താഴ ഭക്ഷണത്തിനും കടലോളം രുചിയുണ്ട്. ബോട്ട് യാനങ്ങള്‍ക്കു പുറമെ പരമ്പരാഗത മത്സ്യതൊഴിലാളി വിഭാഗത്തിലെ ' ഒഴുക്കല്‍' ചെറുവള്ളങ്ങളാണു സാഹസികതയെ ഒരു ശീലമാക്കി രാത്രിയില്‍ കടലില്‍ അന്തിയുറങ്ങി അന്നം തേടുന്നത്.
രണ്ടോ മൂന്നോ മത്സ്യതൊഴിലാളികള്‍ മാത്രമാണ് ഒഴുക്കല്‍ വള്ളങ്ങളിലുണ്ടാവുക. ഉച്ചയോടെ ളുഹ്‌റ് നമസ്‌കാരവും കഴിഞ്ഞു പണിക്കിറങ്ങുന്ന ഒഴുക്കല്‍ വള്ളങ്ങളില്‍ നോമ്പുതുറക്കാവശ്യമായ വിഭവങ്ങളും അത്താഴവും മുത്താഴവും തയ്യാറാക്കാനാവശ്യമായ മസാല കൂട്ടുകളും സ്റ്റൗ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും തയാറാക്കി വെക്കും. അന്നം തേടിയുള്ള യാത്രക്കിടെ അസര്‍ നമസ്‌ക്കാരം, മഗ്‌രിബോടെ ലക്ഷ്യസ്ഥാനത്തെത്തും. സൂര്യാസ്തമയത്തിന്റെ നേര്‍കാഴ്ചയില്‍ നോമ്പു തുറക്കാനുള്ള സമയം കൃത്യമായി തൊട്ടറിയാമെങ്കിലും ഇപ്പോള്‍ ഇന്റര്‍നെറ്റ് സംവിധാനമുള്ള മൊബൈല്‍ ഫോണിലൂടെ ഗൂഗ്ള്‍ സമ്മാനിക്കുന്ന ബാങ്ക് കേട്ട് ഓരോ വള്ളങ്ങളിലും തൊഴിലാളികളുടെ അംഗസംഖ്യ കൂടുതലുള്ള ബോട്ടുകളിലും ഔപചാരികതകളുടെ നാട്യങ്ങള്‍ അശേഷമില്ലാത്ത പതിവ് ഇഫ്ത്താറുകള്‍.
തൊഴില്‍ രംഗത്തെ വലിപ്പ ചെറുപ്പങ്ങള്‍ നോക്കാതെ ഒന്നിച്ചിരുന്നു പ്രാഥമിക നോമ്പുതുറ. പിന്നീടു സംഘടിത പ്രാര്‍ഥന. അതിനിടയില്‍ മത്സ്യ ബന്ധനത്തിനായി വലയിളക്കം പൂര്‍ത്തിയാവുന്നതോടെ ആശ്വാസകരമായ വിശാല നോമ്പുതുറ . അതിനിടെ സ്വന്തമാവശ്യത്തിനായിചൂണ്ടറിയെറിഞ്ഞു മീന്‍ പിടുത്തം. പിട പിടക്കുന്ന മത്സ്യം തോണിയിലിട്ടു വൃത്തിയാക്കി കൂട്ടുകളും ചേര്‍ത്ത് സ്റ്റൗവിലേക്ക്. വെന്തു മറയുന്നതിന് മുമ്പെ ഇശാ നിസ്‌കാരവും തറാവീഹ് നമസ്‌ക്കാരവും പൂര്‍ത്തിയാക്കി ഭക്ഷണം കഴിക്കും.
പിന്നീടു നാട്ടുവര്‍ത്തമാനങ്ങളും രാഷ്ട്രീയ വര്‍ത്തമാനങ്ങളും. ചേര്‍ന്നൊഴുകുന്ന കരയുടെ വര്‍ത്തമാനം കടലില്‍ സജീവമാകുന്നു. ഇതിനിടെ മുത്താഴം തീര്‍ത്തു കടലിലെ ' ആഴപ്പാട്; ' മത്സ്യം കിട്ടാനുള്ള സാധ്യത നോക്കിയും പറഞ്ഞും ഒഴുക്കല്‍ വള്ളത്തിലെ ഒന്നോ രണ്ടോ പേര്‍ ഉറക്കിലേക്കും അപരന്‍ കടല്‍ നിരീക്ഷണത്തിലേക്കും വഴിമാറും. മൊബൈലില്‍ കരുതി വെച്ച അലാറം മുഴങ്ങുന്നതോടെ ഉറക്കമുണരാനും കരുതി വെച്ച ഭക്ഷണം വെച്ചുവിളമ്പാനും ധൃതി പൂണ്ട ആവേശം. ആകാശ ക്ലോക്ക് നോക്കി സുബഹി ബാങ്കിന്റെ സമയമറിയാന്‍ പരമ്പരാഗത അറിവിന്റെ ശാസ്ത്ര ബോധമുണ്ടെങ്കിലും മൊബൈല്‍ ഫോണിലൂടെയുള്ള ബാങ്കൊലി കേള്‍ക്കേണ്ട താമസം അത്താഴത്തിന്റെ പങ്കു വെക്കലുകള്‍ക്ക് നങ്കൂരമിട്ടു സുബഹി നമസ്‌ക്കാരത്തിന്റെയും ലഭ്യമായ മത്സ്യങ്ങളുമായുള്ള തിരിച്ചു വരവിന്റെയുമൊരുക്കം.
അയക്കൂറ, ആവോലി, തുടങ്ങിയ വില കൂടിയ മത്സ്യങ്ങളാണ് ഒഴുക്കല്‍ വള്ളങ്ങളുടെ വലയില്‍ തടയാറ്. എന്നാല്‍ ഉദാരവത്കരണ നയങ്ങളുടെ ഭാഗമായി ബഹുരാഷ്ട്ര കപ്പലുകള്‍ക്ക് ആഴക്കടലില്‍ നിന്നു യഥേഷ്ടം മീന്‍ പിടിക്കാന്‍ അനുമതിയായതോടെ പരമ്പരാഗത വള്ളങ്ങള്‍ക്ക് ഇത്തരം മത്സ്യങ്ങള്‍ പേരിനു മാത്രമേ ലഭിക്കുന്നുള്ളൂ. ട്രോളിങ് നിരോധനത്തോടെ ബോട്ടുകള്‍ ഉള്‍വലിയുന്നതോടെ ഒറ്റപ്പെട്ട ചുണ്ടന്‍ വള്ളങ്ങളില്‍ നിന്ന് ഉയരുന്ന പാനീസ് വിളക്കിന്റെയും ബാറ്ററി പ്രകാശത്തിന്റെയും നക്ഷത്രമൊട്ടുകള്‍ മാത്രമെ ആഴക്കടലിലുള്ളൂ..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."