ട്രോളിംഗ് നിരോധനം തുടങ്ങി; തീരം വറുതിയിലേക്ക്
പൊന്നാനി: സംസ്ഥാനത്ത് ഇന്നലെ അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം ആരംഭിച്ചു. ആയിരക്കണക്കിന് ബോട്ടുകള്‍ക്കാണു പൊന്നാനി, ബേപ്പൂര്‍ തുറമുഖങ്ങളിലായി ട്രോളിംഗ് ബാധിക്കുക. ഇതോടെ മത്സ്യബന്ധനം ആശ്രയിച്ചു കഴിയുന്ന പതിനായിരത്തോളം കുടുംബങ്ങളുടെ ജിവിതം ഇനിയുള്ള 47 ദിവസം വറുതിയിലായിരിക്കും. മല്‍സ്യത്തൊഴിലാളികള്‍ക്കിത് പട്ടിണിക്കാലമാണ്.
ട്രോളിങ് നിരോധന കാലത്ത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ മുഴുവന്‍ മത്സ്യതൊഴിലാളികള്‍ക്കും ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. നിലവില്‍ ബി.പി.എല്‍ കുടുംബങ്ങള്‍ക്കു മാത്രമാണ് സൗജന്യ റേഷന്‍ നല്‍കുന്നത്.
മണ്‍സൂണ്‍ ട്രോളിങ് നിരോധന കാലത്ത് വള്ളവും വലയും കരക്കു കയറ്റുന്നതോടെ വരുമാന മാര്‍ഗം ഇല്ലാതാവുകയാണ്. സൗജന്യ റേഷന്റെ കാര്യത്തില്‍ വിവേചനം അവസാനിപ്പിക്കണമെന്നാണ് മല്‍സ്യതൊഴിലാളികളുടെ ആവശ്യം. മറ്റു തൊഴിലുകള്‍ അറിയാത്തതിനാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ വിതരണമാണ് മിക്ക കുടുംബങ്ങളുടെയും ആകെയുള്ള ആശ്രയം. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്നാണ് പരാതി. റേഷന്‍ വിതരണം കാര്യക്ഷമമല്ലെന്ന പരാതിയുമുണ്ട്.
ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി ബോട്ടുകള്‍ രണ്ടു ദിവസം മുന്‍പു തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിയിരുന്നു. ബോട്ടിലെ വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം അഴിച്ചെടുത്ത് സുരക്ഷിതമാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പൊന്നാനിയിലെ ബോട്ടുകളില്‍ നിന്ന് ജി.പി.എസ്, വയര്‍ലസ് തുടങ്ങിയ ഉപകരണങ്ങള്‍ നിരവധി തവണ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ട്രോളിംഗ് നിരോധനം വന്നതോടെ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം കടലില്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കടല്‍ നിരീക്ഷണത്തിന് മലബാര്‍ തീരങ്ങളില്‍ ഒരു ബോട്ടു മാത്രമാണുള്ളത്. പൊന്നാനി മുതല്‍ കൊയിലാണ്ടി വരെയും ഇതു വെച്ചു വേണം പരിശോധന നടത്താന്‍.
മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ന് മുതല്‍ സൗജന്യ റേഷന്‍
മലപ്പുറം: ട്രോളിങ് നിരോധനം മൂലം തൊഴില്‍രഹിതരാകുന്ന യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികള്‍ക്കും പീലിങ് തൊഴിലാളികള്‍ക്കും ഇന്നു മുതല്‍ ജൂലൈ 31 വരെയുള്ള 47 ദിവസങ്ങളില്‍ സൗജന്യ റേഷന്‍ അനുവദിക്കും. ഇതിനുള്ള അപേക്ഷാ ഫോം പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി മത്സ്യഭവനുകളില്‍ ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ക്ഷേമനിധി പാസ്ബുക്കിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പു സഹിതം ബോട്ടുടമയുടെ ഒപ്പോടു കൂടി അതതു മത്സ്യഭവന്‍ ഓഫിസുകളില്‍ നല്‍കണം. കഴിഞ്ഞ വര്‍ഷം സൗജന്യ റേഷന്‍ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവര്‍ക്ക് അതത് ഡിപ്പോകളില്‍ നിന്നു റേഷന്‍ ലഭിക്കും. 2015 ല്‍ സൗജന്യ റേഷന്‍ വാങ്ങിയിരുന്ന തൊഴിലാളി ഈ വര്‍ഷം ബോട്ടില്‍ ജോലി ചെയ്യുന്നില്ലെങ്കില്‍ ബോട്ടുടമ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ വിവരമറിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."