ജിഷ്ണു പ്രണോയിയുടെ മരണം: കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൃഷ്ണദാസിനെതിരെ തെളിവുകളില്ലെന്നു പറഞ്ഞ കോടതി കോളജിലെ അന്തരീക്ഷമായിരിക്കാം ആത്മഹത്യയിലേക്കു നയിച്ചതെന്നു ചൂണ്ടിക്കാട്ടി. കൃഷ്ണദാസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുന്നതിനാവശ്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ പൂര്‍ണമായും ഹൈക്കോടതി തള്ളി. വ്യക്തമായ തെളിവുകള്‍ ഹാജരാക്കിയില്ലെന്നു പറഞ്ഞ കോടതി വെള്ളപേപ്പറില്‍ ഒപ്പിട്ട് വാങ്ങിയെന്ന് പറയുന്നത് തെളിവായി സ്വീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവാനും കൃഷ്ണദാസിന് കോടതി നിര്‍ദ്ദേശം നല്‍കി. വിചാരണ കാലയളവില്‍ കൃഷ്ണദാസ് കോളജില്‍ പ്രവേശിക്കുന്നത് കോടതി വിലക്കി.
ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിനും മാനേജ്‌മെന്റിനും നേരിട്ടു പങ്കുണ്ടെന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കേസ് ഡയറിയും സാങ്കേതിക സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള രേഖകളും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പരിശോധനയ്ക്കായി കോടതിക്കു കൈമാറിയിരുന്നു. എന്നാല്‍ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമെ എന്ന് അന്ന് കോടതി ചോദിച്ചിരുന്നു.
തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലിസും അന്വേഷണ ഏജന്‍സികളും അലംഭാവം കാണിച്ചെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."