ബി.ജെ.പി ഭരണം അവസാനിപ്പിക്കാന്‍ മതേതര സഖ്യം അനിവാര്യം: ശങ്കരനാരായണന്‍
കോഴിക്കോട്: ബി.ജെ.പി ഭരണം അവസാനിപ്പിക്കാന്‍ രാജ്യത്ത് മതേതര സഖ്യം അനിവാര്യമാണെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെപ്പോലുള്ള വിശാല ചിന്താഗതിയുള്ള നേതാക്കളുടെ കൂട്ടായ്മ അനിവാര്യമാണ്. ബി.ജെ.പി ഇനിയും അധികാരത്തില്‍ വന്നാല്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്തിന്റെയും മരണമായിരിക്കും. നരേന്ദ്രമോദിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് ഒറ്റക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് എല്ലാവരും ഒരുമിച്ച് നില്‍ക്കണം. രണ്ടുകാലും കൈയുമില്ലാത്തവന്‍ ഞാന്‍ ഇപ്പോള്‍ ശരിയാക്കിക്കളയുമെന്ന് പറഞ്ഞാല്‍ ശരിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ രാഷ്ട്രീയ ദൂരക്കാഴ്ചയുള്ള ലക്ഷണമൊത്ത നേതാവായിരുന്നു. അന്നത്തെ നേതാക്കളെല്ലാം യോഗ്യതയുള്ളവരായിരുന്നു. കാരുണ്യ ലോട്ടറി വിറ്റ് നേതാക്കളായവരല്ല അവരൊന്നും. പണ്ട് യു.ഡി.എഫ് ഒരു തീരുമാനമെടുത്താല്‍ ചതിയുണ്ടാവുമായിരുന്നില്ല. ഇപ്പോള്‍ ഉണ്ടോ ഇല്ലയോ എന്ന് യു.ഡി.എഫ് യോഗങ്ങള്‍ക്കൊന്നും പോവാത്തതിനാല്‍ തനിക്കറിയില്ലെന്നും ശങ്കരനാരായണന്‍ കൂട്ടിച്ചേര്‍ത്തു.
അനുസ്മരണം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബാഫഖി തങ്ങള്‍ കേരളത്തിന് നല്‍കിയ മാതൃകയാണ് ഇപ്പോള്‍ രാജ്യത്ത് മുന്നണി സംവിധാനം കെട്ടിപ്പടുക്കുന്നതിന് അനിവാര്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഇവിടത്തെ മുന്നണി സംവിധാനത്തെ ഇല്ലാതാക്കി വേരോട്ടമുണ്ടാക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. താല്‍ക്കാലിക നേട്ടത്തിനുവേണ്ടി ഇടതുപക്ഷമാണ് അവരെ പ്രോത്സാഹിപ്പിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷനായി. ഡോ.എം.കെ മുനീര്‍, എ.എന്‍ ഷംസീര്‍, എം.പി അബ്ദുസമദ് സമദാനി, സി. മോയിന്‍കുട്ടി, ടി.പി.എം സാഹിര്‍, സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍, അയ്യിദ് അഹ്മദ് ബാഫഖി തങ്ങള്‍, സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."